27 മാർച്ച് 2021

സ്വന്തം ജനങ്ങൾക്ക് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ കയറ്റി അയച്ചു; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ
(VISION NEWS 27 മാർച്ച് 2021)



യുനൈറ്റഡ് നേഷന്‍സ്: സ്വന്തം രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കൊറേണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി. 

വാക്‌സിനുകളുടെ തുല്യമായ വിതരണത്തിനുള്ള ഇടപെടലുകള്‍ നേരത്തെയും ഇന്ത്യ യു.എന്നില്‍ നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്ത്ര സമൂഹം ഒന്നിലധികം ഫലപ്രാപ്തിയുള്ള വാക്‌സിന്‍ കണ്ടെത്തിയതിനാല്‍ 2021 വര്‍ഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡു  പറഞ്ഞു. 

കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ ഉണ്ടായിരുന്നു. സ്വന്തം രാജ്യത്തെ 500 മില്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചു. പ്രാദേശികമായി വികസിപ്പിച്ച കോവാക്‌സിന്‍ അടക്കം ഇന്ത്യയുടെ രണ്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചു. നിലവില്‍ 30 ഓളം വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്.

ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. പ്രാദേശികമായും ആഗോളമായും വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നിലും വിതരണം ചെയ്യുന്നതിലും ഉണ്ടാവേണ്ട രാജ്യാന്തര സഹകരണത്തിന്റെ ആവശ്യകത വളരെ വലുതാണ്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കോവിഡ് പ്രതിരോധത്തിനായി നാം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുമെന്നും ഇന്ത്യന്‍ പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only