06 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 06 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

🔳ഇന്ധന വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ധര്‍മ്മ സങ്കടത്തിലാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില ഉയരുന്നത് സാധാരണക്കാര്‍ക്ക് ദുരിതമാണെന്നും അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തുകയാണ് മാര്‍ഗമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണെന്നും സര്‍ക്കാറുകളുടെ പ്രധാന വരുമാനമാണിതെന്ന വസ്തുത മറച്ചുവെക്കുന്നില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി

➖➖➖➖➖➖➖➖
🔳ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. തരം താണ കളിക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

🔳ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിരോധവുമായി എല്‍.ഡി.എഫ്. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍
എ.വിജയരാഘവന്‍ അറിയിച്ചു.  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

🔳ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉമ്മന്‍ചാണ്ടി. കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേള്‍ക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ ഉള്ളതെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി കസ്റ്റംസിന്റെ നിലപാടിലും സംശയം പ്രകടിപ്പിച്ചു.

🔳ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  ഇന്നലെ ഹൈക്കോടതിയില്‍ കസ്റ്റംസ് ഹൈക്കമ്മീഷണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡോളര്‍ക്കടത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

🔳സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയുണ്ടായെന്ന പരാതിയില്‍ ജയില്‍ വകുപ്പിനെതിരേ രൂക്ഷവിമര്‍ശവുമായി കസ്റ്റംസ് ഹൈക്കോടതിയില്‍. ചില ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്ന് ജയില്‍ അധികൃതര്‍ അറിഞ്ഞതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് തടയിട്ടു. സംസ്ഥാന ഡി.ജി.പി.യുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഇതെന്നും കോഫെപോസ പ്രതിക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍പോലും സ്വപ്നയ്ക്ക് നല്‍കിയില്ലെന്നും കസ്റ്റംസ് ആരോപിച്ചു.

🔳സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും. രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇത്തവണ സീറ്റില്ല. പകുതി സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കുമെന്നും തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിനുശേഷം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

🔳മന്ത്രി എ.കെ.ബാലന് പകരം ഇത്തവണ തരൂരില്‍ ഭാര്യ ഡോ.പി.കെ.ജമീല സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. സിപിഎം സംസ്ഥാന സമിതിയും ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയെന്നാണ് സൂചന. ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പി.കെ.ജമീലയുടെ പേര് ജില്ലാ  സെക്രട്ടറിയേറ്റില്‍ നിര്‍ദേശിച്ചപ്പോഴും അവിടേയും തര്‍ക്കമുണ്ടായിരുന്നു.

🔳സീറ്റ് വിഭജനത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

🔳കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

🔳കേരളത്തില്‍ ഇന്നലെ 66,103 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4271 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 196 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 43,562 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 357 ഹോട്ട് സ്‌പോട്ടുകള്‍.

🔳രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയര്‍മാന്‍, ഓര്‍ത്തഡോക്സ് സഭ ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

🔳25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്റക്ഷന്‍ നേടി. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര മത്സര വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി.

🔳അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. നേരത്തെ അയച്ച മൂന്ന് ശുപാര്‍ശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. ശുപാര്‍ശ ആവര്‍ത്തിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

🔳ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കള്‍ നിയമവിരുദ്ധം. മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ തൂക്കിയിടുന്ന അലങ്കാരവസ്തുക്കളും മാലകളും ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്. പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും വക്കുന്നതും കുറ്റകരമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

🔳സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കം 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ടുപേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

🔳തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി
നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാര്‍ഥികളുണ്ട്. 79 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 17 പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 18,292 പേര്‍ക്ക്.  മരണം 109. ഇതോടെ ആകെ മരണം 1,57,693 ആയി. ഇതുവരെ 1,11,91,864 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.77 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 10,216 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 312 പേര്‍ക്കും തമിഴ്‌നാട്ടില്‍ 543 പേര്‍ക്കും കര്‍ണാടകയില്‍ 677 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 124 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,09,356 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 59,293 പേര്‍ക്കും ബ്രസീലില്‍ 72,721 പേര്‍ക്കും ഫ്രാന്‍സില്‍ 23,507 പേര്‍ക്കും ഇറ്റലിയില്‍ 24,036 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.66 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,714 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,552 പേരും ബ്രസീലില്‍ 1,582 പേരും മെക്സിക്കോയില്‍ 822 പേരും സ്പെയിനില്‍ 637 ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.90 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ചരിത്രസന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി. ഇറാഖിലെത്തുന്ന ആദ്യ മാര്‍പാപ്പയാണദ്ദേഹം. രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി അദ്ദേഹത്തെ സ്വീകരിച്ചു.

🔳ചൈനയെപ്പോലുള്ള സുഹൃദ് രാഷ്ട്രങ്ങള്‍ സൗജന്യമായി നല്‍കുന്ന കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്താന്‍. അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് വാക്‌സിന്‍ വാങ്ങേണ്ടതില്ലെന്നും പകരം ആര്‍ജ്ജിത പ്രതിരോധ ശേഷി നേടാമെന്നുമാണ് പാകിസ്താന്റെ തീരുമാനം. ചൈനയുടെ കാന്‍സിനോ വാക്‌സിന്റെ ഒറ്റ ഡോസിന് ഏതാണ്ട് 13 ഡോളറോളം വരുമെന്നും അതിനാലാണ് മറ്റു രാജ്യങ്ങള്‍ സംഭാവനയായി നല്‍കുന്ന വാക്‌സിനായി കാത്തിരിക്കുന്നതെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ആമിര്‍ അമര്‍ ഇക്രം പറഞ്ഞു.

🔳ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ലീഡ്. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ പ്രകടനമികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയത്.  രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്. 60 റണ്‍സെടുത്ത് വാഷിങ്ടണ്‍ സുന്ദറും 11 റണ്‍സ് നേടി അക്ഷര്‍ പട്ടേലും പുറത്താവാതെ നില്‍ക്കുന്നു.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന എഫ്.സി ഗോവ - മുംബൈ സിറ്റി ആദ്യപാദ സെമിഫൈനല്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി.  മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only