26 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 26 മാർച്ച് 2021)

🔳പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപന കരട് 2020' സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതിയില്‍ നില്‍ക്കെ ഖനനവ്യവസായത്തിന് പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 'പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപനം 1994' പ്രകാരം പരിസ്ഥിതി അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പൊതു ഹിയറിംഗ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. ഖനന വ്യവസായങ്ങളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.

🔳രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം തിരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മിഷന്‍ എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സി.പി.എം ആരോപിച്ചു.
➖➖➖➖➖➖➖➖
🔳കിഫ്ബി ആസ്ഥാനത്ത് കേന്ദ്ര ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു.വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന അര്‍ധരാത്രി കഴിഞ്ഞും തുടരുകയാണ്. രാത്രി വൈകി ആദായനികുതി വകുപ്പ് കമ്മീഷണര്‍ മടങ്ങി. മറ്റ് ഉദ്യോഗസ്ഥര്‍ കിഫ്ബി ആസ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നേരത്തെ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്.

🔳കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന ശുദ്ധതെമ്മാടിത്തരമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കമെന്നും മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

🔳നേമത്ത് കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ പൂര്‍ണമായ തിരുത്തല്‍ നടപടിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നടന്ന ഒത്തുകളിയെക്കുറിച്ച് അവിടെ ജയിച്ച സ്ഥാനാര്‍ഥിയും തോറ്റ സ്ഥാനാര്‍ഥിയും വ്യക്തമാക്കിയതാണെന്നും കേരളം പോലൊരു സംസ്ഥാനത്ത് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്തത് സംസ്ഥാനത്തിന് വലിയതോതിലുള്ള ദുഷ്‌പേരുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എല്ലാ അഡ്ജസ്റ്റുമെന്റുകള്‍ക്കും പേരുകേട്ടയാളാണെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. 48 മണിക്കൂറിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ടെത്തിക്കുമെന്ന പ്രസ്താവനയുടെ പേരിലാണിത്.

🔳മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം  തുറന്നടിച്ചു.  എന്‍.എസ്.എസ്സിന് ആരോടും ശത്രുതയില്ല. ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 51,027 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4539 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍കോട് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43.

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകള്‍.

🔳എം.ജി. സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

🔳കടുത്ത വേനല്‍ തുടരുന്നതിനിടെ മധ്യകേരളത്തില്‍ ശക്തമായ മഴ. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്തു.

🔳ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണെന്നും ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ പാസായതിനെ തുടര്‍ന്നാണ് സിസോദിയയുടെ വിമര്‍ശനം.

🔳ഡങ്കിപ്പനി മലേറിയ തുടങ്ങിയ മാരകരോഗങ്ങളുമായാണ് മമതാ ബാനര്‍ജിയുടെ സൗഹൃദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അവര്‍ അധികാരത്തിലുള്ളിടത്തോളം കാലം ഈ രോഗങ്ങള്‍ സംസ്ഥാനം വിട്ടു പോകില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി പദ്ധതികള്‍ക്കായി നിലകൊള്ളുമ്പോള്‍ തൃണമൂല്‍ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണെന്നും അമിത് ഷാ.

🔳പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. സാരി ഉടുക്കുന്ന ഒരു സ്ത്രീ കാല് പ്രദര്‍ശിപ്പിക്കുന്നത് ബംഗാളി സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. കാല് പ്രദര്‍ശിപ്പിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലത് എന്നതരത്തില്‍ കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

🔳വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ കേസില്‍ താന്‍ ബലിയാടാക്കപ്പെടുകയാണെന്ന് അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസേ. കോടതിയിലാണ് വാസേ ഇക്കാര്യം ആരോപിച്ചത്. വാസേയുടെ ആരോപണം തള്ളിയ കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഏപ്രില്‍ മൂന്ന് വരെ നീട്ടി.

🔳സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയില്‍വച്ചാണ് വെടിവെപ്പുണ്ടായത്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.

🔳ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 59,069 പേര്‍ക്ക്.  മരണം 257. ഇതോടെ ആകെ മരണം 1,60,983 ആയി. ഇതുവരെ 1,18,46,082 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.17 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മഹാരാഷ്ട്രയില്‍ 35,952 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 2,661 പേര്‍ക്കും ഗുജറാത്തില്‍ 1,961 പേര്‍ക്കും ചത്തീസ്ഗഡില്‍ 2,419 പേര്‍ക്കും ഡല്‍ഹിയില്‍ 1,515 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,779 പേര്‍ക്കും കര്‍ണാടകയില്‍ 2,523 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 758 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ വര്‍ദ്ധനവ്. ഇന്നലെ 5,91,256 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 55,875 പേര്‍ക്കും ബ്രസീലില്‍ 92,990 പേര്‍ക്കും ഫ്രാന്‍സില്‍ 45,641 പേര്‍ക്കും തുര്‍ക്കിയില്‍ 28,731 പേര്‍ക്കും പോളണ്ടില്‍ 34,151 പേര്‍ക്കും ഇറ്റലിയില്‍ 23,696 പേര്‍ക്കും ജര്‍മനിയില്‍ 22,195 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.60 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,551 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 934 പേരും  ബ്രസീലില്‍ 2,375 പേരും മെക്സിക്കോയില്‍ 579 പേരും പോളണ്ടില്‍ 520 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 27.65 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳2022 അവസാനത്തോടെ ലോകം പൂര്‍ണമായും സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഇത് അവിശ്വസിനീയമായ ഒരു ദുരന്തമാണ്. പ്രതിരോധ വാക്‌സിനുകള്‍ ഉണ്ട് എന്നത് മാത്രമാണ് നല്ല വാര്‍ത്തയെന്ന് ബില്‍ഗേറ്റ്‌സ്. 2014 ല്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ച ബില്‍ഗേറ്റ്‌സ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.

🔳പതിനാറു മാസങ്ങള്‍ക്കുശേഷം കളത്തിലിറങ്ങിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കരുത്ത് തെളിയിച്ചു. ദുബായില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കരുത്തരായ ഒമാനെ ഇന്ത്യ സമനിലയില്‍ തളച്ചു (1-1). ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ നൂറ്റിനാലാം സ്ഥാനക്കാരും ഒമാന്‍ എണ്‍പത്തിയൊന്നാം റാങ്കുകാരുമാണ്.

🔳ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തലവേദനയാകുന്നത് ഓപ്പണര്‍ രോഹിത് ശര്‍മയുടെയും മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടേയും പരിക്ക്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു. രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തമായ സൂചനയില്ല. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കുമെന്നും രോഹിത്തിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍

🔳ഇന്ത്യയിലെ 5ജി തരംഗത്തില്‍ വലിയ കുതിപ്പ് നടത്താമെന്ന് സ്വപ്നം കണ്ട കമ്പനിയാണ് ചൈനയുടെ വാവെയ്. എന്നാല്‍ ചൈനീസ് സര്‍ക്കാരുമായും അവരുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായും വാവെയ്ക്ക് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധം ഇന്ത്യയില്‍ കമ്പനിയുടെ സാധ്യതകളെല്ലാം ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. അടുത്ത തലമുറ സാങ്കേതികവിദ്യയായ 5ജിയുടെ വിന്യാസത്തില്‍ ശക്തമായ സാന്നിധ്യമായ വാവെയ് ഇന്ത്യയില്‍ നിന്ന് പുറത്തായേക്കും. 5ജി അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ വിശ്വാസ്യതയുള്ള കമ്പനികളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

🔳ഇന്ത്യന്‍ വിപണിയില്‍ ഓപ്പോ എഫ്19 പ്രോ സീരീസ് വില്‍പ്പന ആരംഭിച്ച് ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 2,300 കോടിയിലധികം രൂപ നേടിയതായി കമ്പനി അറിയിച്ചു. എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ എന്നീ രണ്ട് ഫോണുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്. ഓപ്പോ എഫ്19 പ്രോ പ്ലസ് സ്മാര്‍ട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിന് 25,990 രൂപയാണ് വില. രണ്ട് വേരിയന്റുകളില്‍ ഓപ്പോ എഫ്19 പ്രോ ലഭിക്കും. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,490 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 23,490 രൂപയുമാണ് വില.

🔳മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ചതുര്‍മുഖം' ചിത്രത്തിലെ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. ടെക്‌നോ- ഹൊറര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം സ്മാര്‍ട്ട് ഫോണ്‍ ആണെന്ന് മഞ്ജുവും സണ്ണി വെയ്‌നും  വെളിപ്പെടുത്തി. ഒരു സ്മാര്‍ട്ട് ഫോണിനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷന്‍ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിംഗ്‌ടോണും ലോഞ്ച് ചെയ്തു. രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

🔳ടൊവിനോ തോമസ് നായകനാകുന്ന 'കള' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയം. ''ഫീല്‍ ബാഡ് ഫിലിം ഓഫ് ദ ഇയര്‍'' എന്ന ടാഗ്ലൈനോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്.  രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ടൊവിനോയുടെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളിലൊന്നാകും ഇത്. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. രോഹിത്തിനൊപ്പം യദു പുഷ്പാകരനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജി എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

🔳പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ പുറത്തിറക്കി ഹീറോ മോട്ടോ കോര്‍പ്പ്.  മൈസ്ട്രോ എഡ്ജ് 125 , പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്ക് പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എത്തുന്നത്. കൂടുതല്‍ ആകര്‍ഷകമാക്കിയതിനൊപ്പം  എല്‍ഇഡി ഗൈഡ് ലാംപ്, പ്രീമിയം ബാഡ്ജിംങ്, ഷീറ്റ് മെറ്റല്‍ ബോഡി, പുതിയ ബ്ലാക്ക്, ക്രോം തീമുകള്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. 9 ബിപിഎച്ച് പവറും 7000 ആര്‍പിഎമ്മും  ലഭിക്കുന്ന ഡെസ്റ്റിനിക്ക് 10.4 എന്‍എം  ഓണ്‍ ഡിമാന്റ് ടോര്‍ക്കും അതോടൊത്ത് 5500 ആര്‍പിഎമ്മും  ലഭിക്കും. 72,050 രൂപയാണ് വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില.

🔳വേദങ്ങളില്‍ ഒരു സ്ത്രീയുണ്ട്. ഗാര്‍ഗി അവരുടെ ധൈര്യം നിങ്ങള്‍ കാണുക തന്നെ വേണം. സൗദി അറേബ്യയിലെ റാബിയ അല്‍ അബാദിയ അത്തരത്തിലുള്ളൊരു സ്ത്രീയാണ്. 'സ്ത്രീ മഹത്വവും സ്വാതന്ത്ര്യവും'. ഓഷോ. സൈലന്‍സ് ബുക്സ്. വില 266 രൂപ.

🔳യുവാക്കളെ അപേക്ഷിച്ച് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നു പഠനം. വീണ്ടുമൊരു കോവിഡ് ആക്രമണത്തിനെതിരെ യുവാക്കള്‍ 80 ശതമാനം സുരക്ഷിതരായിരിക്കുമ്പോള്‍ 65ന് മുകളിലുള്ളവര്‍ക്ക് ഇത് 47 ശതമാനം മാത്രമാണെന്ന് ദ ലാന്‍സറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടി. വന്നു പോയവര്‍ക്ക് വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെ പറ്റി നടത്തിയ  പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുതിര്‍ന്നവര്‍ക്ക് കോവിഡ് ഒരിക്കല്‍ വന്നാലും വീണ്ടും വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടരേണ്ടതിന്റെ ആവശ്യകത പഠനം ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ കോവിഡ് ബാധിച്ചു എന്ന് കരുതി വാക്‌സിനേഷന്‍ ഒഴിവാക്കരുതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പ്രായത്തിന് അനുസരിച്ച് പ്രതിരോധ ശേഷിയില്‍ വരുന്ന മാറ്റമാണ് 65ന് വയസ്സിന് മുകളിലുള്ളവരുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്ന് ഡാനിഷ് ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വിവിധ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ രോഗം വന്നു മാറിയവരില്‍ ഉണ്ടാകുന്ന പ്രതിരോധം എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. രോഗമുക്തി നേടിയവരില്‍ വൈറസിനെതിരെയുള്ള സംരക്ഷണം ആറു മാസത്തിനപ്പുറം കുറഞ്ഞ് വരുമെന്ന് സ്ഥാപിക്കാന്‍ തെളിവുകളില്ലെന്നും ഗവേഷകര്‍ പറയുന്നു. 2019 ഡിസംബറില്‍ മാത്രമാണ് കോവിഡ്19 തിരിച്ചറിയപ്പെട്ടത്. അതിനാല്‍ അണുബാധ നല്‍കുന്ന പ്രതിരോധ സുരക്ഷയുടെ കാലദൈര്‍ഘ്യം ഇനിയും കണക്കാക്കിയിട്ടില്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡെന്‍മാര്‍ക്ക് സ്റ്റാറ്റെന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഡാനിയേല മിഖല്‍മായര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഇത് ഒരു വാമൊഴിക്കഥയാണ്.  ഒരിക്കല്‍ തേളിന് പുഴയുടെ അക്കരയെത്തണം.  തേള്‍ ആമയുടെ സഹായം ചോദിച്ചു.  അപ്പോള്‍ ആമ പറഞ്ഞു: ' ഞാന്‍ നിന്നെ സഹായിക്കില്ല, കാരണം നിന്നെ ചുമന്നു ഞാന്‍ നീന്തുമ്പോള്‍ നീ എന്റെ കഴുത്തില്‍ തന്നെ കുത്തും.  ആ വിഷമേറ്റ് ഞാന്‍ പുഴയില്‍ താഴ്ന്നുപോവുകയും ചെയ്യും'.  തേള്‍ പറഞ്ഞു:  നീ മുങ്ങിപ്പോയാല്‍ ഞാനും ചാകില്ലേ?  അതുകൊണ്ടുതന്നെ ഞാന്‍ ഒരിക്കലും ഉപദ്രവിക്കില്ല.  ആ ഉറപ്പില്‍ ആമ തേളിനേയും പുറത്തിരുത്തി അക്കരക്ക് നീന്തി.  പുഴയുടെ മധ്യത്തിലെത്തിയപ്പോള്‍ തേള്‍ ആമയെ ആഞ്ഞുകുത്തി.  വിഷമേറ്റ് ആമയും കൂടെ തേളും മുങ്ങിത്താഴാന്‍ തുടങ്ങി.  അപ്പോള്‍ ആമ ചോദിച്ചു:  നീ എന്തിനാണ് വാക്ക് തെറ്റിച്ചത്.. അപ്പോള്‍ തേള്‍ പറഞ്ഞു: എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല,  എന്റെ സ്വഭാവം ഇങ്ങനെയായിപ്പോയി.  രണ്ടുപേരും ആ പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി!   തിരുത്താന്‍ തയ്യാറാകാത്ത തെറ്റുകളും മെച്ചപ്പെടുത്താന്‍ കഴിയാത്ത ബലഹീനതകളുമാണ് രക്ഷപ്പെടുത്താനാകാത്തവിധം ഒരാളെ നശിപ്പിക്കുന്നത്. സ്വന്തം കഴിവുകളും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണെന്ന് തിരിച്ചറിയുന്നിടത്താണ് വളര്‍ച്ച ആരംഭിക്കുന്നത്.  ഊര്‍ജ്ജമാകുന്നവര്‍ക്ക് ഉപദ്രവമേല്‍പ്പിക്കാതിരുന്നാല്‍ തന്നെ മറുകരയെത്തിക്കാന്‍ ശേഷിയുള്ള ധാരാളം ഉപകാരവഞ്ചികള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only