28 മാർച്ച് 2021

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട്ടിൽനിന്ന്
(VISION NEWS 28 മാർച്ച് 2021)

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ വഴി പരിചയം നടിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കല്‍ പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. പുനലൂര്‍ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനില്‍ ഉണ്ണി(20)ആണ് അറസ്റ്റില്‍ ആയത്.
പാരിപ്പള്ളിയിലെ ബേക്കറിയിൽ ജീവനക്കാരനായ ഇയാള്‍ പള്ളിക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തില്‍ ആയിരുന്നു. ശേഷം പുനലൂരില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് പെൺകുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടന്നു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പള്ളിക്കൽ പൊലീസിൽ പരാതി നൽകി.

പെൺകുട്ടിയെയും കൊണ്ട് പ്രതി മധുരയില്‍ എത്തിയെന്ന വിവരം പള്ളിക്കല്‍ പൊലീസിന് ലഭിച്ചു. പെൺകുട്ടിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ വിവരം അറിഞ്ഞത്. തുടർന്ന് കേസ് അന്വേഷിക്കുന്ന പള്ളിക്കൽ പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടി. പുനലൂർ പൊലീസിന്‍റെ കൂടി സഹായത്തോടെ തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയും പ്രതിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇരുവരെയും കേരളത്തിലേക്കു കൊണ്ടുവന്നു.
ഇന്ന് ഉണ്ടായ മറ്റൊരു സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിപ്പിച്ച കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) എന്നയാളാണ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചത്. അജിത്തിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

റിമാൻഡിലായിരുന്ന അജിത്ത് ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ വിളിച്ചു വരുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷംമുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only