29 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 29 മാർച്ച് 2021)

🔳ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്. സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മിഷന്‍ തട്ടാനാണെന്നും  മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശകമ്പനികളെ അനുവദിക്കില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും ഇതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം ഒരുപാട് മാറിയെന്നും എല്ലാ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി പോരാടുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാഗ്സസെ അവാര്‍ഡ് ജോതാവുമായ പി. സായ്‌നാഥ്. ഇത്ര മോശമായി പ്രവര്‍ത്തിച്ച ഇലക്ഷന്‍ കമ്മീഷന്‍ അടുത്തകാലത്തുണ്ടായിട്ടില്ലെന്നും ഏറ്റവുമധികം ദുര്‍ബലമാക്കപ്പെട്ട കേന്ദ്ര ഏജന്‍സികളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നും സായ്‌നാഥ് പറഞ്ഞു.

➖➖➖➖➖➖➖➖

🔳മതനിരപേക്ഷത തകര്‍ക്കാനുളള ഹീനമായ ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും വലിയതോതിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് കാരണം മതനിരപേക്ഷത ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ആര്‍എസ്എസും സംഘപരിവാറുമാണെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷത സംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് നമ്മുടെയും രാജ്യത്തിന്റെയും അനുഭവമെന്നും മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം പ്രത്യാശയോടെ ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെയാണെന്നും പിണറായി പറഞ്ഞു.

🔳സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുകയാണെന്നും ചെന്നിത്തല. മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തതെന്നും നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചെന്നിത്തല

🔳കോണ്‍ഗ്രസ് വയനാട്ടുകാരെ വഞ്ചിക്കുന്നുവെന്നും ഇടതുപക്ഷമാണ് വര്‍ഗീയതയെ എതിര്‍ക്കുന്നതെന്നും അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.സി റോസക്കുട്ടി. തന്നെപ്പോലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സംസാരിക്കാനുള്ള അവസരം ഉണ്ടാകാറില്ലെന്നും നേതാക്കള്‍ അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നില്ലെന്നും റോസക്കുട്ടി പറഞ്ഞു. കര്‍ഷക സമരത്തില്‍ ഉള്‍പ്പടെ രാഹുലിന്റെ നിലപാടുകള്‍ നിരാശാജനകമായിരുന്നുവെന്നും റോസക്കുട്ടി വ്യക്തമാക്കി.

🔳ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകള്‍ ആവര്‍ത്തിക്കുന്നുവെന്നും ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാന രഹിതവുമാണെന്നും കൊല്ലം രൂപത. ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടേതെന്നും ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.

🔳തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച കേരളത്തില്‍ നിന്നുള്ള രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്.

🔳തൃശ്ശൂര്‍ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൂരം സംഘാടക സമിതി ഇന്നലെ മന്ത്രി വി.എസ്.സുനില്‍കുമാറുമായും തൃശ്ശൂര്‍ ജില്ലാ കളക്ടറുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പൂര്‍ണമായ അര്‍ഥത്തില്‍ പൂരം നടത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ 23-നാണ് പൂരം.

🔳പമ്പയില്‍ മൂന്നുയുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പളളി പന്മന സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്. ഹരിപ്പാടിന് സമീപമുള്ള വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവര്‍ കുളിക്കാനായി പോയപ്പോഴാണ് അപകടം. 

🔳കേരളത്തില്‍ ഇന്നലെ 47,229 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4579 ആയി ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 170 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,582 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 357 ഹോട്ട് സ്‌പോട്ടുകള്‍

🔳കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന്  തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി രാമകൃഷ്ണന്‍. ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല''. ഇതാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് പറയാനുള്ളതെന്ന് ജി.രാമകൃഷ്ണന്‍ വ്യക്തമാക്കി.

🔳ശനിയാഴ്ച ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും അസമിലെയും ഭൂരിഭാഗം സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ 200ലധികം സീറ്റുകളില്‍ ബിജെപി അനായാസം വിജയിക്കുമെന്നും താഴെത്തട്ടില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

🔳അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത.  മുപ്പതില്‍ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞുവെന്നും  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ലെന്നും നാല് സീറ്റ് മാത്രം എന്തിന് ബാക്കിവെച്ചുവെന്നും മമത ചോദിച്ചു.  കിട്ടാന്‍ പോകുന്നത് രസഗുള മാത്രമായിരിക്കുമെന്നും മമതാ ബാനര്‍ജി പരിഹസിച്ചുകൊണ്ട് പറഞ്ഞു.

🔳പ്രതിദിന രോഗവ്യാപനത്തില്‍ അമേരിക്കയേയും ബ്രസീലിനേയും പിന്നിലാക്കി ഇന്ത്യ വീണ്ടും ഒന്നാമത്. ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 68,206 പേര്‍ക്ക്.  മരണം 295. ഇതോടെ ആകെ മരണം 1,61,881 ആയി. ഇതുവരെ 1,20,39,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.18 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  40,414 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 2,870 പേര്‍ക്കും ഹരിയാനയില്‍ 1392 പേര്‍ക്കും രാജസ്ഥാനില്‍ 1083 പേര്‍ക്കും ഗുജറാത്തില്‍ 2,270 പേര്‍ക്കും ചത്തീസ്ഗഡില്‍ 2,153 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,447 പേര്‍ക്കും ഡല്‍ഹിയില്‍ 1,881 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,194 പേര്‍ക്കും കര്‍ണാടകയില്‍ 3,082 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,005 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,66,133 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 39,262 പേര്‍ക്കും ബ്രസീലില്‍ 44,326 പേര്‍ക്കും ഫ്രാന്‍സില്‍ 37,014 പേര്‍ക്കും തുര്‍ക്കിയില്‍ 29,058 പേര്‍ക്കും പോളണ്ടില്‍ 29,253 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,258 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 439 പേരും  ബ്രസീലില്‍ 1,512 പേരും മെക്സിക്കോയില്‍ 567 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 27.95 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്‍മാറിലെ പട്ടാളഭരണകൂടത്തിന്റെ നടപടിയില്‍ ലോകരാഷ്ടങ്ങള്‍ നിലപാടു കടുപ്പിച്ചു. സായുധസേനാദിനമായ ശനിയാഴ്ച കുട്ടികളുള്‍പ്പെടെ 114 പ്രതിഷേധക്കാരെക്കൂടി പട്ടാളം വെടിവെടിവെച്ചുകൊന്നതോടെയാണിത്. ഞായറാഴ്ചയും രണ്ടുപേരെ വെടിവെച്ചുകൊന്നു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പോലീസും പട്ടാളവും വെടിവെച്ചുകൊന്നത്.

🔳സൂയസ് കനാലില്‍ ചരക്ക് കപ്പല്‍ ഭീമന്‍ എവര്‍ ഗിവണ്‍ കുടുങ്ങിയതിനു പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളുടേയും ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളുടേയും സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് ഒസാമ റാബി. മണല്‍ത്തിട്ടയില്‍ പുതഞ്ഞ കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും ഞായറാഴ്ച രാത്രിയോടെ ശ്രമങ്ങള്‍ ഫലവത്തായി കപ്പല്‍ വീണ്ടും സഞ്ചരിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

🔳ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് തുടരുന്നു. വനിതകളുടെ ട്രാപ്പ് ഇനത്തില്‍ ശ്രേയസി സിങ്, മനിഷ കീര്‍, രാജേശ്വരി കുമാരി ടീമും പുരുഷന്മാരുടെ ട്രാപ്പ് ഇനത്തില്‍ ക്യാനന്‍ ചേനായി, പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍, ലക്ഷ്യ ടീമുമാണ് സ്വര്‍ണം നേടിയത്.

🔳ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി താരത്തെ പ്രശംസിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടം അടുത്തിടെ മിതാലി സ്വന്തമാക്കിയിരുന്നു. മിതാലിയുടെ വിജയഗാഥ വനിതകള്‍ക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🔳സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യൂസഫ് പത്താനും പിന്നാലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഒപ്പം കളിച്ച എസ്. ബദ്രിനാഥിനും കോവിഡ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

🔳ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിനും ടി20ക്കും പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എട്ടാമനായിറങ്ങിയ സാം കറന്റെ അവിശ്വസനീയ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പവും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത സാം കറന്‍ ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. നേരത്തെ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

🔳ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് 350 കോടി രൂപ സമാഹരിക്കാന്‍ 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി ഈ മാസം 30ന് വിപണിയിലെത്തുന്നു. ഡി മാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ഉള്ളവര്‍ക്ക് എഎസ്ബിഎ സൗകര്യം പ്രയോജനപ്പെടുത്തി നിക്ഷേപം നടത്താം. നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയും അപേക്ഷിക്കാം. യുപിഐ ഐഡി മുഖേന 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

🔳ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില വര്‍ധിക്കും. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വിവിധ വാഹന നിര്‍മാതാക്കള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ജനുവരി ഒന്നിന് വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതുകൂടാതെ, ഇന്ധന വില വര്‍ധനയും ഇതേതുടര്‍ന്ന് ചരക്കുകടത്തിന് ചെലവുകള്‍ വര്‍ധിച്ചതുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

🔳ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' ഏപ്രില്‍ 8നു തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അനില്‍ നെടുമങ്ങാട്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. 'ജോസഫ്' സിനിമ എഴുതിയ  ഷാഹി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. ചാക്കോച്ചനും ജോജുവിനുമൊപ്പം നിമിഷയും പൊലീസ് വേഷത്തിലെത്തുന്നു.

🔳ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന 'സ്റ്റാര്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര്‍ശനത്തിനെത്തിന് എത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം 'ബെസ്റ്റ് ഓഫ് മിത്ത്‌സ്' എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.

🔳ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു പ്രീമിയം പെര്‍ഫോമന്‍സ് മോട്ടര്‍സൈക്കിളായ എം1000 ആര്‍ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 42 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ചു. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ചവയാണ്  (സിബിയു) ബൈക്കുകള്‍. ബിഎംഡബ്ല്യു എം1000 ആര്‍ആര്‍ കോംപറ്റീഷന്‍ എന്ന മോഡല്‍ കൂടി ലഭ്യമാണ്. അതിന് എക്സ് ഷോറൂം വില 45 ലക്ഷം രൂപ. രണ്ടു ബൈക്കുകള്‍ക്കും 999 സിസി 4 സിലിണ്ടര്‍ ഇന്‍ ലൈന്‍ എന്‍ജിനാണ്.

🔳ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ. 'പച്ച മഞ്ഞ ചുവപ്പ്'.  ടി ഡി രാമകൃഷ്ണന്‍. ഡിസി ബുക്സ്. വില 475 രൂപ.

🔳വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനും കാപ്പിയ്ക്ക് കഴിയും എന്ന്  വിദഗ്ധര്‍. വ്യായാമം ചെയ്യുന്നതിന് മുന്‍പ് കടുപ്പത്തില്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഗുണകരമാണത്രേ. പരമാവധി കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ഏതു സമയത്ത് കാപ്പി കുടിക്കണം എന്നും അറിയണമെന്ന് ജേണല്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വ്യായാമം വൈകുന്നേരമാണ് ചെയ്യുന്നതെങ്കില്‍ കഫീന്റെ ഫലങ്ങള്‍ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. സ്പോര്‍ട്സ് താരങ്ങള്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനായി കഫീന്‍ സപ്ലിമെന്റുകള്‍ കുടിക്കാറുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ഓക്സിഡേഷന്‍ വര്‍ധിപ്പിക്കാന്‍ അഥവാ കൊഴുപ്പ് കത്തിച്ചു കളയുന്നത് വര്‍ധിപ്പിക്കാന്‍ കഫീന്‍ സഹായിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ഒരു കപ്പ് കാപ്പി കുടിച്ചാല്‍ ഭാരം എളുപ്പത്തില്‍ കുറയുമെങ്കിലും ഗര്‍ഭിണികളും ഉത്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍, ഉറക്ക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവരും കാപ്പി ഒഴിവാക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
പ്രയത്നത്തിന്റെയും പരിശീലനത്തിന്റെയും പ്രതിഫലനമാണ് പ്രതിഭ എന്നത്. അത് ജന്മം കൊണ്ട് നേടുന്നവര്‍ ചുരുക്കമായിരിക്കും.  കര്‍മ്മം കൊണ്ട് നേടുന്നവരായിരിക്കും അധികവും.  സഹജവാസനകള്‍ അല്ല, സ്ഥിരോത്സാഹമാണ് അതിനുവേണ്ടത്.  എങ്ങനെ എളുപ്പത്തില്‍ കോടീശ്വരനാകാം, എങ്ങനെ എളുപ്പത്തില്‍ പരീക്ഷകളില്‍ വിജയിക്കാം, ജീവിതവിജയം എങ്ങിനെ നിഷ്പ്രയാസം നേടാം എന്നൊക്കെ ചിന്തിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ നിന്ന് ഒരു പ്രതിഭയും ഉയര്‍ന്നുവരികയില്ല.  ഒരു ജേതാവ് ഉണ്ടാകുന്നത് മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതിലൂടെയാണ്.  എന്നാല്‍ ഒരു പ്രതിഭ ജനിക്കുന്നത് സ്വന്തം പ്രകടനങ്ങളെ മറികടക്കുന്നതിലൂടെയും.  ഒന്നാമതാകാന്‍ മറ്റെല്ലാവരുടേയും മുന്നിലെത്തിയാല്‍ മതി.  പക്ഷേ, പ്രതിഭയാകാന്‍ സ്വയം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.  മറ്റുള്ളവരുടെ മുന്നിലെത്താന്‍ നടത്തുന്ന പരിശ്രമവും സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമവും രണ്ടാണ്.  ആദ്യത്തേതില്‍ അപരനാണ് ഉന്നം, രണ്ടാമത്തേതില്‍ അവനവന്റെ മുന്‍ പ്രകടനങ്ങളും.  ഒരാളും ഒരു ദിവസം കൊണ്ട് മഹാനാകുന്നതല്ല, സ്വയം പാകപ്പെടുന്നതിലൂടെയും പുനര്‍നിര്‍മ്മിക്കാനുള്ള സന്നദ്ധതയിലൂടെയുമാണ് ഒരോ പ്രതിഭയുടേയും പിറവി.  -ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only