29 മാർച്ച് 2021

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം
(VISION NEWS 29 മാർച്ച് 2021)
 ഈ മാസം 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നല്‍കിയിട്ടുള്ളത്.

പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയിട്ടുണ്ട്. സമയം നീട്ടി പുതിയ ഉത്തരവ് വന്നില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കും. നിരവധി തവണ സമയപരിധി നീട്ടിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീണ്ടത്. ഇതില്‍ ഒരു ഭേദഗതി വരുത്തി കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും.

ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ അടുത്ത മാസം മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും. അതോടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകും. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച് 1,000 രൂപ പിഴ ഈടാക്കിയേക്കാം.

ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only