28 മാർച്ച് 2021

ബാങ്ക് ലയനം; ഏഴോളം ബാങ്കുകളിലെ ചെക്ക്, പാസ്ബുക്കുകൾ അസാധുവാകും; വിശദാംശങ്ങൾ അറിയാം
(VISION NEWS 28 മാർച്ച് 2021)

ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ്ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം  2019 ഏപ്രിൽ 1,  2020 ഏപ്രിൽ 1  തീയതികളിലായി പ്രാബല്യത്തിൽ വന്നു. മേൽപ്പറഞ്ഞ ബാങ്കുകളുടെ ഉപഭോക്താക്കളും അവയിൽ അക്കൗണ്ട് ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 2021 ഏപ്രിൽ 1 മുതൽ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും അസാധുവാകും എന്നതാണ്.
ദേനബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചത് 2019 ഏപ്രിൽ 1-നായിരുന്നു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും (O B C) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് (PNB) ലയിച്ചത്. അതിന്റെ തുടർച്ചയായി സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ചേർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും, അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കുകയുണ്ടായി.

പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ഇതിനകം ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, ദേനബാങ്ക് എന്നിവയുടെ നിലവിലെ ചെക്ക് ബുക്കുകൾക്ക് 2021 മാർച്ച് 31 വരെയേ സാധുത ഉണ്ടായിരിക്കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 1 മുതൽ അവ അസാധുവായിത്തീരും.

അതുപോലെ തന്നെ, ലയനത്തിന് വിധേയമായ മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കും 2021 മാർച്ച് 31 വരെ മാത്രമേ ആ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും ഉപയോഗിക്കാൻ കഴിയൂ. ഈ ബാങ്കുകളിലെ ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി (IFSC), എംഐസിആർ കോഡ്,  ബ്രാഞ്ച് വിലാസം, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയിലെല്ലാം മാറ്റമുണ്ടാകും. എന്നാൽ, സിൻഡിക്കേറ്റ് ബാങ്കിലെയും കാനറബാങ്കിലെയും ചെക്ക് ബുക്കുകൾക്കും പാസ്ബുക്കുകൾക്കും 2021 ജൂൺ 30 വരെ സാധുതയുണ്ടാകും.

പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും അപ്ഡേറ്റുകളും കൃത്യമായി എസ്എംഎസ് ആയോ മെയിൽ ആയോ ലഭിക്കാൻ ഈ ബാങ്കുകളിലെ ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ, വിലാസം, നോമിനീ തുടങ്ങിയ വിവരങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യണം.

പുതിയ ചെക്ക്ബുക്കും പാസ്ബുക്കും ലഭിച്ചു കഴിഞ്ഞാൽ, അക്കൗണ്ടിന്റെ ഉടമസ്ഥർ മ്യൂച്വൽ ഫണ്ട്സ്, ട്രെയ്‌ഡിങ് അക്കൗണ്ട്, ലൈഫ് ഇൻഷുറൻസ് പോളിസി,  ഇൻകം ടാക്സ് അക്കൗണ്ട്, എഫ് ഡി/ആർ ഡി,  പി എഫ് അക്കൗണ്ട് തുടങ്ങിയവയിലെല്ലാം തങ്ങളുടെ പുതിയ ബാങ്കിങ് വിവരങ്ങൾ നൽകി അപ്ഡേറ്റ് ചെയ്യണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമായിടത്തെല്ലാം അത് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only