29 മാർച്ച് 2021

കർഷകർക്കുള്ള സഹായം കേന്ദ്രം തിരിച്ചുപിടിക്കുന്നു
(VISION NEWS 29 മാർച്ച് 2021)

കോട്ടയം

പ്രധാനമന്ത്രിയുടെ കൃഷി സമ്മാൻ പദ്ധതിയായ ‘പിഎം കിസാൻ’ പ്രകാരം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ തുക തിരിച്ചുപിടിക്കുന്നു. പണം 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് ലഭിച്ചു.
കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നൽകുന്നത്. കോട്ടയം പള്ളിക്കത്തോട്ടിൽമാത്രം നൂറിലധികം കർഷകർക്ക് നോട്ടീസ് ലഭിച്ചു. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് ഭാവിയിൽ മറ്റ് നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കർഷകർക്ക് വർഷം 6000 രൂപ നൽകുന്ന കൃഷി സമ്മാൻ പദ്ധതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പ് ആദ്യ ഗഡു 2000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടർന്നും രണ്ടും മൂന്നും ഗഡു ചില കർഷകർക്ക് ലഭിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാൻ വേണമെന്നതായിരുന്നു പണം ലഭിക്കാൻ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാർ, റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കർഷകരുടെ അക്കൗണ്ടുകളിൽ തുക നിക്ഷേപിച്ചത്. അപേക്ഷകർ നൽകിയ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചാണ് ഗുണഭോക്താവിനെ തെരഞ്ഞെടുത്തത്. അക്കൗണ്ടുകളിലെത്തിയ തുക കർഷകൻ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അർഹതയില്ലെന്ന നോട്ടീസ് ലഭിക്കുന്നത്.

സ്വന്തം പേരിൽ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയും കത്ത് കർഷകർക്ക് ലഭിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only