27 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 27 മാർച്ച് 2021)

🔳രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ ബംഗ്ലാദേശിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ധാക്കയില്‍ എത്തിയതായിരുന്നു മോദി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതിന്റെ ഭാഗമായി തനിക്ക് ജയിലില്‍ പോകാനും അവസരമുണ്ടായതായും മോദി പറഞ്ഞു.

🔳ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പായി 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

➖➖➖➖➖➖➖➖

🔳യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുട്ടില്‍ ഇഴയേണ്ടി വരില്ലെന്ന് രാഹുല്‍ ഗാന്ധി. യുഡിഎഫിന് വോട്ട് തേടി പാലക്കാട് മുതല്‍ തൃത്താല വരെ 70 കിലോ മീറ്റര്‍ ദൂരം രാഹുല്‍ റോഡ് ഷോ നടത്തി. മാസം ആറായിരം രൂപയെന്ന പ്രകടന പത്രിക വാഗ്ദാനവും ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം.

🔳നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പ്രചാരണ തന്ത്രവുമായി സിപിഎം. സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്.

🔳കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  അല്‍പമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡെല്ലാം നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

🔳കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഒരു ധനകാര്യ സ്ഥാപനമാണെന്നും അതിന്റെ സത്‌പേര് നശിപ്പിക്കാനാണ് റെയ്ഡ് നടത്തിയതെന്നും ഹൂളിഗനിസത്തിന്റെ നല്ല ഉദാഹരണം ആണ് നടന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

🔳കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു 'പ്രചരണ സ്റ്റണ്ട്' മാത്രമായി കണ്ടാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.

🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഒരു വിരമിച്ച ജഡ്ജിക്ക് കുറച്ചുകാലത്തേക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കേന്ദ്ര ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ച് വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

🔳വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരട്ടവോട്ടുകളുടെ പിന്‍ബലത്തിലാണ് സി.പി.എം ഭരണത്തുടര്‍ച്ച  ആവകാശപ്പെടുന്നതെന്ന് മുല്ലപ്പള്ളി.

🔳നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതിന്  സന്നദ്ധനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. നേമം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ പറ്റില്ല എന്ന് പറയില്ലായിരുന്നുവെന്നും ശശി തരൂര്‍.

🔳കേരളത്തില്‍ ഇന്നലെ 52,252 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4553 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍കോട് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ടമാത്രം. ഒരു പ്രദേശത്തേയും ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 354 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഏപ്രില്‍ ആറിന് നിശ്ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി. ബി.ജെ.പി. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

🔳കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരിക. ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🔳കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാറിന്റ മുന്നറിയിപ്പ്. ഏപ്രില്‍ രണ്ടിനാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും അജിത് പവാര്‍ വ്യക്തമാക്കി. ഹോളി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അജിത് പവാര്‍ അറിയിച്ചു

🔳പ്രണയ, ഭൂമി ജിഹാദുകളെ തടയാന്‍ അസമില്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സ്ത്രീ ശാക്തീകരണത്തിനായി അസമിലെ എല്ലാ കോളേജ് വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി സ്‌കൂട്ടികള്‍ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ അസം സര്‍ക്കാരും നിര്‍ബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.

🔳ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 62,276 പേര്‍ക്ക്.  മരണം 292. ഇതോടെ ആകെ മരണം 1,61,275 ആയി. ഇതുവരെ 1,19,08,373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.49 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 3,122 പേര്‍ക്കും ഗുജറാത്തില്‍ 2,190 പേര്‍ക്കും ചത്തീസ്ഗഡില്‍ 2,665 പേര്‍ക്കും ഡല്‍ഹിയില്‍ 1,534 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,971 പേര്‍ക്കും കര്‍ണാടകയില്‍ 2,566 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 984 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 6,05,796 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 72,913 പേര്‍ക്കും ബ്രസീലില്‍ 82,558 പേര്‍ക്കും ഫ്രാന്‍സില്‍ 41,869 പേര്‍ക്കും തുര്‍ക്കിയില്‍ 29,081 പേര്‍ക്കും പോളണ്ടില്‍ 35,143 പേര്‍ക്കും ഇറ്റലിയില്‍ 23,987 പേര്‍ക്കും ജര്‍മനിയില്‍ 21,872 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.66 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 11,169 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,211 പേരും  ബ്രസീലില്‍ 3,600 പേരും മെക്സിക്കോയില്‍ 584 പേരും സ്പെയിനില്‍ 590 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 27.78 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കൊറോണ പ്രതിസന്ധിക്കിടെ കര്‍ദിനാള്‍മാരും വൈദികരും ഉള്‍പ്പടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം 'ദ റോമന്‍ ഒബ്‌സര്‍വറി'ല്‍ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടിയാണ് വത്തിക്കാന്റെയും സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കിയത്.

🔳ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മിന്നുന്ന വിജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ ജോണി ബെയര്‍‌സ്റ്റോയുടെയും ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ബെന്‍ സ്റ്റോക്ക്‌സിന്റെയും  ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. നേരത്തെ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി (1 -1). ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.

🔳ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പന്തില്‍ ഉമിനീര്‍ പുരട്ടിയ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സിന് താക്കീത്. ഐ.സി.സിയുടെ ഉമിനീര്‍ വിലക്ക് ഓര്‍ക്കാതെ സ്റ്റോക്ക്‌സ് പന്തില്‍ ഉമിനീര്‍ പുരട്ടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ ഉടന്‍ തന്നെ പന്ത് സാനിറ്റൈസ് ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ജൂണ്‍ മുതല്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

🔳രാജ്യാന്തര നിലവാരനിര്‍ണയ ഏജന്‍സിയായ മൂഡീസിനോട് റേറ്റിംഗുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആവിശ്യപ്പെട്ടു. അന്താരാഷ്ട്ര റേറ്റിംഗിനായി മൂഡീസിന്റെ സേവനങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉപയോഗപ്പെടുത്തിയിരുന്നു. ബാങ്കിന്റെ അഭ്യര്‍ത്ഥനയെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ റേറ്റിംഗുകള്‍ പിന്‍വലിക്കാനുള്ള നടപടി മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.

🔳ഇന്ത്യയുടെ സ്വന്തം എഡ്യൂടെക് ഭീമന്‍ ബൈജൂസ് പുതിയ കുതിച്ചുചാട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഒരു കൂട്ടം നിക്ഷേപകരില്‍ നിന്നും 500-600 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനായി പുതിയ ചര്‍ച്ചയിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ നിക്ഷേപം കൂടെ എത്തുമ്പോള്‍ കമ്പനിയുടെ മൂല്യനിര്‍ണ്ണയം 14-15 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും വ്യക്തമാകുന്നു. നിലവില്‍ 12 ബില്യനാണ് കമ്പനിയുടെ മൂല്യം. ഫെയ്‌സ്ബുക്ക് സഹസ്ഥാപകന്‍ എഡ്വേര്‍ഡോ സാവെറിന്‍ സ്ഥാപിച്ച ബി ക്യാപിറ്റല്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. മെയ് 28ന് ചിത്രം തീയേറ്ററുകളില്‍ എത്തും.  ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

🔳മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. സണ്ണി ലിയോണും പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

🔳മാര്‍ച്ച് മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്സ്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ എസ്.യു.വി. എന്നീ മോഡലുകള്‍ക്കാണ് പ്രധാനമായും ആനുകൂല്യം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 65000 രൂപയുടെ വരെ ഓഫറാണ് കമ്പനി നല്‍കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അല്‍ട്രോസ്, സഫാരി എന്നീ വാഹനങ്ങളെ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌ചേഞ്ച് ഓഫര്‍, കണ്‍സ്യൂമര്‍ സ്‌കീം, കോര്‍പറേറ്റ് സ്‌കീം എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഫറുകള്‍.

🔳കാതലുള്ള കഥകള്‍ കുട്ടികളെ രസിപ്പിക്കാന്‍ മാത്രമുള്ളവയാകരുത്. രസിപ്പിക്കുന്നതോടൊപ്പം അവരില്‍ നന്മയും സ്നേഹവും സഹതാപവുമോക്കെ ഉണര്‍ത്തുന്ന രാസപ്രക്രിയ നടക്കണം. അപ്പോഴാണ് കഥകള്‍ കാതലുള്ള കഥകള്‍ ആകുന്നത്. 'കാതലുള്ള കഥകള്‍.'. കിളിരൂര്‍ രാധാകൃഷ്ണന്‍. ഗ്രാന്‍ഡ് ബുക്സ്. വില 60 രൂപ.

🔳പ്രായമേറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറുക സ്വാഭാവികം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ അല്‍പം ശ്രദ്ധിച്ചാല്‍ കഴിയും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം. മാംസം, അരി, ഉരുളക്കിഴങ്ങ്, പരിപ്പുകള്‍ എന്നിവ കഴിവതും കുറച്ചേ കഴിക്കാവൂ. അതേ സമയം ചീര, കാരറ്റ്, വെണ്ടയ്ക്ക, മുരിങ്ങയില, മുരിങ്ങയ്ക്ക, പച്ചമാങ്ങ എന്നിവ ധാരാളം കഴിക്കാം. ഇതില്‍ മുരിങ്ങയിലയ്ക്ക് ബുദ്ധിശക്തി വര്‍ധിപ്പിക്കാനും ഓര്‍മശക്തിയെ നിലനിര്‍ത്താനുമുള്ള കഴിവുണ്ട്. കൊഴുപ്പു കൂടുതലുള്ള വലിയ മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാവും നല്ലത്. മത്തി, അയല, നെത്തില്‍, കോരാ എന്നിവയെപ്പോലുള്ള ചെറിയ മീനുകളാണ് നല്ലത്. അയക്കൂറ, മാംസം കഴിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ കോഴിയിറച്ചി കഴിക്കുക. ഗോമാംസം നന്നല്ല. ദിവസവും വ്യായാമം ചെയ്യുന്നതും രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. നടക്കാന്‍ പറ്റിയ സ്ഥല സൗകര്യമുള്ളവര്‍ ദിവസവും അരമണിക്കൂര്‍ നടക്കുക. നഗരങ്ങളില്‍ അതിനു സ്ഥലമില്ലെങ്കില്‍ വീട്ടില്‍ത്തന്നെ ഒരിടത്തു തുടര്‍ച്ചയായി ഇരിക്കുകയും നില്‍ക്കുകയും ചെയ്താല്‍ മതി. മനസ്സുഖം കാത്താല്‍ വയസ്സുകാലത്ത് ദുഖിക്കേണ്ടിവരില്ല. മനസ്സമാധാനം നഷ്ടപ്പെടാനുള്ള പ്രധാനകാരണം സാമ്പത്തികബുദ്ധിമുട്ടാണ്. സ്വന്തം ആവശ്യത്തിനുള്ള പണം സൂക്ഷിച്ചുവച്ച ശേഷമേ ബാക്കിയുള്ളവര്‍ക്ക് നല്‍കാവൂ. മക്കള്‍ക്കു നല്‍കുന്നതും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റിയതിനു ശേഷം മാത്രം. മോഹഭംഗവും മനസ്സുഖം നശിപ്പിക്കുന്നതിന്റെ ഘടകങ്ങളിലൊന്നാണ്. മക്കള്‍ നല്ല നിലയിലായിട്ടും അവര്‍ അടുത്തുവന്നു താമസിക്കുന്നില്ലല്ലോ എന്നതുപോലുള്ള ദുഃഖങ്ങള്‍ ഉണ്ടാവരുത്. ഒഴിവുസമയങ്ങള്‍ പാഴാക്കാതെ എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും നന്നായിരിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ കോടീശ്വരന് ഒരു ആഗ്രഹം,  ദരിദ്രര്‍ എങ്ങനെയാണ് ഇത്രയും തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നത് എന്ന് അറിയാന്‍.  അതിനായി കുറച്ചുനാള്‍ ദരിദ്രര്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ അയാള്‍ തീരുമാനിച്ചു.  പക്ഷേ അദ്ദേഹത്തിന് മൂന്ന് ദിവസം പോലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല.  ഒരു ദിവസം 50 രൂപകൊണ്ട് ജീവിക്കാന്‍ തീരുമാനിച്ച അയാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോലും ആ തുക തികഞ്ഞില്ല.  പിന്നീട് അയാള്‍ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു.   ആ ദിവസങ്ങളിലെ എന്റെ ഏക ചിന്ത അടുത്തനേരം എന്തു ഭക്ഷിക്കും എന്നതു മാത്രമായിരുന്നു.  അല്ലെങ്കിലും പട്ടിണികിടക്കുന്നവന്‍ വേറെന്തു ചിന്തിക്കാനാണ്... മനുഷ്യര്‍ അങ്ങിനെയാണ്.  വയറുനിറഞ്ഞാല്‍ പിന്നെ എന്തിനെക്കുറിച്ചും പരാതിയാണ്.  വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ പിന്നെ വേറൊന്നിനെക്കുറിച്ചും പരാതിയേ ഉണ്ടാവുകയില്ല.  ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിതമായി പട്ടിണി കിടക്കണം.  അപ്പോള്‍ മറ്റ് ആവലാതികളെല്ലാം തനിയെ പടിയിറങ്ങുന്നത് കാണാം.  പട്ടിണി കിടക്കുന്ന ദിവസത്തെ അതിജീവിക്കാനുള്ള മുന്നൊരുക്കങ്ങളായിരിക്കും അതിനുമുമ്പുള്ള ദിവസങ്ങളിലെ പ്രധാന പ്രവൃത്തിതന്നെ.  ഒരു തത്വശാസ്ത്രത്തിനും വിലയില്ലാതാവുന്നത് വിശക്കുന്നവന്റെ മുന്നില്‍ മാത്രമാണ്.  വൈകാരികതയും ഹൃദയവേദനയുമെല്ലാം വിശപ്പില്ലെങ്കില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസങ്ങളാണ്.  സ്വന്തം പരിതസ്ഥിതിയില്‍ നിന്ന് അന്യന്റെ ആവാസവ്യവസ്ഥയിലേക്ക് വല്ലപ്പോഴും ഒരു യാത്ര നടത്തണം.  അത് അയാളോടുള്ള സഹാനുഭൂതിയിലേക്കും ആദരവിലേക്കും വഴിയൊരുക്കും.  മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഏകമാര്‍ഗ്ഗം അവര്‍ അനുഭവിച്ച വേദനകളിലൂടെയും നിരാശകളിലൂടെയും സഞ്ചരിക്കുക എന്നതാണ്.  ആഹ്ലാദാരവങ്ങളുടെ സ്വഭാവം പലപ്പോഴും പൊതുവായിരിക്കും.  എന്നാല്‍ ഒരേ ദുഖം അനുഭവിച്ച രണ്ടുപേരുടെ അനുഭവങ്ങള്‍ പോലും വ്യത്യസ്ഥമായിരിക്കും.  സ്വന്തം പരിതസ്ഥിതിയില്‍ നിന്ന് ഇടയ്ക്കൊക്കെ നമുക്കും അന്യന്റെ ആവാസവ്യവസ്ഥയിലേക്ക് യാത്രകള്‍ നടത്താം.  ആ യാത്രകള്‍ നമ്മെ വലിയമനസ്സിന് ഉടമകളായി മാറാന്‍ സഹായിക്കട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only