30 മാർച്ച് 2021

കളങ്കിതരായ പോലീസുദ്യോഗസ്ഥരുടെ വിവരം നൽകണമെന്ന്‌ കോടതി
(VISION NEWS 30 മാർച്ച് 2021)

കൊച്ചി: കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയ പോലീസുദ്യോഗസ്ഥരുടെ വിവരങ്ങൾ വിവരാവകാശനിയമപ്രകാരം അപേക്ഷകന്‌ നൽകണമെന്ന്‌ ഹൈക്കോടതി.

ക്രമക്കേടിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും പേരിൽ അന്വേഷണത്തിനൊടുവിൽ സർവീസിൽനിന്ന്‌ ഒഴിവാക്കപ്പെട്ട പോലീസുദ്യോഗസ്ഥരുടെയും വിവരങ്ങൾ നൽകണം.

മുപ്പതുദിവസത്തിനകം അങ്ങനെയുള്ളവരുടെ പേര്‌ വെബ്‌ സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ്‌ രാജ വിജയരാഘവൻ വ്യക്തമാക്കി.

എന്നാൽ, പോലീസുദ്യോഗസ്ഥന്റെ പേരിലെ ആരോപണത്തിൽ അന്വേഷണം നടക്കുകയാണെങ്കിൽ വിവരം നൽകേണ്ടതില്ല. കേസിൽ കോടതിയുടെ അന്തിമതീർപ്പാകുംവരെയും പേരും പദവിയും മറ്റും വിവരാവകാശ അപേക്ഷകന്‌ നൽകേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരെന്ന്‌ തെളിഞ്ഞവരുടെയും നടപടിക്ക്‌ വിധേയരായവരുടെയും വിവരം രഹസ്യമാക്കിവെക്കാൻ അധികാരികൾക്ക്‌ അവകാശമില്ല. വിവരത്തിന്റെ സുതാര്യത, പൊതുതാത്‌പര്യസംരക്ഷണം എന്നിങ്ങനെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം മുൻനിർത്തിയാവണം നടപടിയെന്നും കോടതി ഓർമിപ്പിച്ചു.

കുറ്റക്കാരായ പോലീസുദ്യോഗസ്ഥരുടെ വിവരം നൽകാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്‌ ചോദ്യംചെയ്ത്‌ സംസ്ഥാന ക്രൈംറെക്കോഡ്‌സ്‌ ബ്യൂറോയിലെ വിവരാവകാശ പൊതുഅധികാരിയും അപ്പീൽ അധികാരിയും ചേർന്ന്‌ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണീ വിധി. ഡൽഹിയിലെ പത്രപ്രവർത്തകനായ ആർ.രാധാകൃഷ്ണനാണ്‌ പോലീസുദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടത്‌. കുറ്റാരോപിതനായി അന്വേഷണം നേരിടുന്ന ഘട്ടത്തിലുള്ള പോലീസുദ്യോഗസ്ഥരെക്കുറിച്ചുള്ളതൊഴിച്ച്‌ കുറ്റക്കാരനെന്ന്‌ തെളിഞ്ഞവരുടെ വിവരങ്ങൾ നൽകാനായിരുന്നു രാധാകൃഷ്ണന്റെ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്‌.

ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയെ വിവരാവകാശ കമ്മിഷന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നാണ്‌ ഹർജിക്കാർ വാദിച്ചത്‌. വിവരം നൽകുന്നത്‌ പോലീസ്‌ സേനയുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും വാദിച്ചു. വിവരം ലഭിക്കാൻ സാധാരണക്കാർക്ക്‌ അവകാശമുണ്ടെന്നും അതാണ്‌ ജനാധിപത്യത്തിന്റെ അന്തസ്സത്തയെന്നും വിവരാവകാശ കമ്മിഷൻ ബോധിപ്പിച്ചു.

പോലീസിലെ കുറ്റവാളികൾ ആരൊക്കെയെന്നും അവരുടെ പേരിൽ സർക്കാർ സ്വീകരിച്ച നടപടിയെന്തെന്നും അറിയാൻ ജനത്തിന്‌ അവകാശമുണ്ടെന്നുതന്നെയാണ്‌ അപേക്ഷകനും വാദിച്ചത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only