🔳അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ നിന്ന് ചിരട്ടയില്‍ നിര്‍മിച്ച നിലവിളക്കാണ് മോദി ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങിയത്. ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കുന്നതില്‍ വനിതകള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
🔳ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്കുന്ന ദിവസം വിദൂരമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'സ്റ്റേഡിയത്തിന്
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നല്കി. കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. രാജ്യത്തിനുതന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നത്' - വനിതാദിന റാലിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു.
🔳കോവിഡ് മഹാമാരിയെക്കുറിച്ച് മന്ത്രിമാര്‍ നടത്തിയ ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ ഉണ്ടാകാന്‍ ഇടയാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. മഹാമാരി അവസാനിക്കുകയാണെന്ന മട്ടില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവനകള്‍ ജനങ്ങളില്‍ 'സുരക്ഷയെക്കുറിച്ചുള്ള തെറ്റായ ബോധം' ഉണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ആധികാരികമല്ലാത്ത രാഷ്ട്രീയ പ്രസ്താവനകളിലൂടെ ആത്മപ്രശംസ നടത്തുന്നതും കൊട്ടിഘോഷിക്കുന്നതും ഒഴിവാക്കണമെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ 35 മുതല്‍ 40 ശതമാനം വരെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
🔳സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാവുന്നതാണെന്ന് സുപ്രീം കോടതി. നിലവിലുള്ള 50 ശതമാനം എന്ന പരിധിക്കു മേല്‍ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച്
അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നല്കി.
🔳സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിര്‍ദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകള്‍ക്കും കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത്തരം സ്ഥിരപ്പെടുത്തലുകള്‍ ഉമാദേവി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിക്കെതിരാണെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു. നേരത്തെ 10 പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി വെക്കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.
🔳കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 140 സീറ്റുകളില്‍ 82 സീറ്റില്‍ വിജയിച്ചേക്കുമെന്ന് ടൈംസ് നൗ- സി വോട്ടര്‍ സര്‍വെ. ഐക്യ ജനാധിപത്യ മുന്നണി 56 സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും ബിജെപി ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വെ പ്രവചിക്കുന്നു.
🔳വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും കേരളത്തില്‍ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും മതസൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും നാട്ടില്‍ വന്നാണ് അദ്ദേഹത്തിന്റെ ഉറഞ്ഞുതുള്ളല്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി.
🔳സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പതിവുപോലെ മറുചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി ആളുകളെ ആക്ഷേപിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ധൈര്യം കാണിക്കാത്തത് അദ്ദേഹത്തിനുള്ള പങ്ക് പുറത്താകുമെന്ന ഭയം കാരണമാണെന്നും കടത്തിയ സ്വര്‍ണം ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും കെ.സുരേന്ദ്രന്.
🔳സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യം തുടക്കമിട്ടത് പുതിയ ചര്‍ച്ചകള്‍ക്ക്. അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണം കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി. എന്നാല്‍ സഹോദരന്റെ അപകടമരണത്തില്‍ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്ന് കാരാട്ട് റസാഖ്.
🔳മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയന് എന്ന വനിതാ ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയത്. എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ സ്വപ്ന ഉണ്ടായിരുന്നപ്പോള്‍ അവരുടെ സുരക്ഷാ ചുമതല സിജി വിജയനായിരുന്നു. സ്വപ്നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താന്‍ അടുത്തുണ്ടായിരുന്നുവെന്നും സ്വപ്നയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും സിജി വിജയന്റെ മൊഴിയില്‍ പറയുന്നു.
🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകന് ഡോ.ജോസ് ജോസഫ് കോതമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കുന്നത്തുനാട് - ഡോ സുജിത്ത് പി സുരേന്ദ്രന്, പെരുമ്പാവൂര്‍ - ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ - സി എന്‍ പ്രകാശ്, വൈപ്പിന്‍ - ജോബ് ചക്കാലക്കല്‍ എന്നിവരും മത്സരിക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്റി-20യുടെ ഉപദേശക സമിതി ചെയര്‍മാനാകും. നടന് ശ്രീനിവാസനും സംവിധായകന് സിദ്ദീഖും ട്വന്റി-20യില്‍ ചേരും.
🔳എല്‍ഡിഎഫ് സീറ്റ് വിഭജനത്തിലെ കുരുക്ക് അഴിയുന്നു. ചങ്ങനാശ്ശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്കാന് ധാരണയായി. സിപിഐയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. മലപ്പുറത്തെ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കില്ല. കോട്ടയത്ത് വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത്.
നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സി പി എം- 85, സി പി ഐ- 25, കേരള കോണ്‍ഗ്രസ് എം- 13, ജെഡിഎസ്- 4, എല്‍ ജെ ഡി- 3, എന്‍ സി പി- 3
എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
🔳എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നാനിയിലും കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പൊന്നാനിയില്‍ പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രകടനമായി തെരുവിലിറങ്ങിയത്. പൊന്നാനിയില്‍ പി.നന്ദകുമാറിനു പകരം ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പാര്‍ട്ടി തീരുമാനത്തിനെതിരെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു.
🔳കേരളത്തില്‍ ഇന്നലെ 39,046 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,412 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4312 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1,252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31.
🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകള്‍.
🔳ഈ മാസം ആരംഭിക്കുന്ന 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ അനുമതി തേടിയത്.
🔳പറവൂര്‍ പുത്തന്‍വേലിക്കര മോളി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ. അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് (മുന്ന) പറവൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2018 മാര്‍ച്ച് 18-നാണ് പുത്തന്‍വേലിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളി കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകയറി മോളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി, എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.
🔳തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി. മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി മജ്ലിസ് പാര്‍ട്ടി മൂന്നിടങ്ങളില്‍ മത്സരിക്കാന്‍ തീരുമാനമായി.
🔳ഹബിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. സരള മുര്‍മുവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരെ നീക്കം ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ സരള മുര്‍മു ബിജെപി വേദിയിലെത്തി അംഗത്വം സ്വീകരിച്ചു.
🔳റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍
🔳ബട്ട്ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനെന്ന് ആരോപിക്കപ്പെടുന്ന ആരിസ് ഖാന് കുറ്റക്കാരനെന്ന് ഡല്‍ഹി സകേത് കോടതി. 2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെടെ ആരിസ് ഖാന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 15,353 പേര്‍ക്ക്. മരണം 76. ഇതോടെ ആകെ മരണം 1,57,966 ആയി. ഇതുവരെ 1,12,44,624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.84 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,744 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 239 പേര്‍ക്കും തമിഴ്നാട്ടില്‍ 556 പേര്‍ക്കും കര്‍ണാടകയില്‍ 436 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 74 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ മുംബൈ നഗരത്തില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നഗരത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
🔳ആഗോളതലത്തില്‍ ഇന്നലെ 2,68,303 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 38,388 പേര്‍ക്കും ബ്രസീലില്‍ 32,321 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.17 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,746 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 686 പേരും ബ്രസീലില്‍ 898 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 26.83 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്നും കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയോട് തോറ്റാണ് കേരളം സെമി കാണാതെ പുറത്തായത്. 80 റണ്‍സിനാണ് കര്‍ണാടകയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഉയര്‍ത്തിയ 339 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള് ഔട്ടായി.
🔳ആവേശം വാനോളം നിറഞ്ഞ പോരാട്ടത്തില്‍ ഗോവ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി. ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായാണ് മുംബൈ ഫൈനലിലെത്തുന്നത്.
🔳ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഗൂഗിള്‍ 25 മില്യണ്‍ യുഎസ് ഡോളറിന്റെ ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെയും ലോകത്തെ മറ്റിടങ്ങളിലെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സാമൂഹിക സ്ഥാപനങ്ങള്‍ക്കുമായി ധനസഹായം കൈമാറും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ഇതോടൊപ്പം, നാസ്കോം ഫൗണ്ടേഷനായി അഞ്ച് ലക്ഷം യുഎസ് ഡോളറിന്റെ ഗൂഗിള്‍.ഓര്‍ഗ് ഗ്രാന്റ് പ്രഖ്യാപിച്ചു.
🔳എന്‍ടിപിസി ലിമിറ്റഡ് വനിതാ എക്സിക്യൂട്ടീവുകളുടെ പ്രാതിനിധ്യം തങ്ങളുടെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു. കൂടുതല്‍ വനിതാ അപേക്ഷകരെ ആകര്‍ഷിക്കുന്നതിനായി അപേക്ഷാ ഫീസ് ഒഴിവാക്കുന്നതുള്‍പ്പടെയുള്ള വിവിധ നടപടികള്‍ സ്ത്രീകള്‍ക്കായുള്ള റിക്രൂട്ട്മെന്റില്‍ കൈക്കൊള്ളുന്നുണ്ട്. ശമ്പളത്തോടു കൂടിയ ശിശു പരിപാലന അവധി, പ്രസവാവധി, ശബ്ബത്ത് അവധി തുടങ്ങിയ നയങ്ങള്‍ കമ്പനി പാലിക്കുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിനും/സറോഗസി വഴി കുട്ടിയെ പ്രസവിക്കുന്നതിനും കമ്പനിക്ക് പ്രത്യേക ശിശു പരിപാലന അവധി ഉണ്ട്.
🔳ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ഷാജന് കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം ഒരുക്കുന്നത്. മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.
🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'സല്യൂട്ട്' എന്നാണ് ചിത്രത്തിന്റെ പേര്. പൊലീസ് യൂണിഫോമില്‍ മാസ് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് എന്നെഴുതിയ റോയല്‍ എന്‍ഫീല്‍ഡ് പാര്‍ക്ക് ചെയ്ത ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. ഇതിവിടെ പാര്‍ക്ക് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
🔳ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനിയുടെ പുതിയ കണ്ട്രിമാന് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. മിനി കണ്ട്രിമാന് കൂപ്പര്‍ എസ്, മിനി കണ്ട്രിമാന് കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളിലാണ് 2021 മിനി കണ്ട്രിമാന് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഈ മോഡലുകള്‍ക്ക് യഥാക്രമം39.5 ലക്ഷം, 43.4 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. വാഹനത്തിന്റ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
🔳ഒരു മാധ്യമ പ്രവര്ത്തകന് തന്റെ ക്വാറന്റീന് വാതിലിലൂടെ പുറത്തേക്കെറിഞ്ഞ കണ്ണുകള്‍, കൊറോണ ലോകത്തെ പിടിച്ചെടുക്കുകയാണ് ഇവിടെ. മരണത്തിന്റെയും അതിജീവനത്തിന്റെയും ഈ സവിശേഷ കാലത്തെ ഒരു പരിധി വരെ സമഗ്രമായും വേഗത്തിലും മലയാളത്തില്‍ അടയാളപ്പെടുത്തുന്നു, ഈ കുറിപ്പുകള്‍. 'ലോക്ഡൗണ്‍ ഡെയ്സ്'. കെ. ഷെരീഫ്. ഡിസി ബുക്സ്. വില 189 രൂപ.
🔳അമിതവണ്ണമുള്ളവരില്‍ കോവിഡ് ബാധ കൂടുതല്‍ രൂക്ഷമെന്ന് ഗവേഷകര്‍. ഈ വിഭാഗക്കാരില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് പത്ത് മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും അമിതഭാരക്കാര്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ കൊറോണ വൈറസ് മരണനിരക്ക് കൂടുതലാണെന്ന് വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന് കണ്ടെത്തി. 2020 അവസാനത്തോടെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കൊറോണ വൈറസ് മൂലമുള്ള ആഗോള മരണനിരക്ക്, അമിതഭാരക്കാര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ പത്ത് മടങ്ങ് അധികമാണ്. അമിതഭാരം ആരോഗ്യ പ്രശ്നങ്ങളെയും വൈറല്‍ അണുബാധയെയും വഷളാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി അവസാനത്തോടെ 25 ദശലക്ഷം കൊറോണ വൈറസ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 2.2 ദശലക്ഷം മരണങ്ങളും ജനസംഘ്യയുടെ പകുതിയും അമിതഭാരക്കാരായ രാജ്യങ്ങളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 160 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് അമിതവണ്ണമുള്ളവരിലാണ് മരണനിരക്ക് വര്‍ദ്ധിച്ചതെന്ന് ഗവേഷകര്‍ പറയുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി (ജെഎച്ച് യു), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടങ്ങിയവയുടെ കോവിഡ് മരണനിരക്ക് ഡാറ്റ സംഘം പരിശോധിച്ചിരുന്നു. ജനസംഖ്യയുടെ 40 ശതമാനത്തില്‍ താഴെ മാത്രം അമിതഭാരക്കാരുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് കുറവാണ്. വിയറ്റ്നാം, ജപ്പാന്, തായ്ലന്ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ഒരു ലക്ഷം ആളുകളില്‍ 0.04 മരണങ്ങള് മാത്രമുള്ള വിയറ്റ്നാമിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് -19 മരണ നിരക്ക്. ലക്ഷത്തില്‍ 152.49 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസിലാണ് കോവിഡ് -19 മരണ നിരക്ക് ഏറ്റവും കൂടുതല്‍.
➖➖➖➖➖➖➖➖
Post a comment