29 മാർച്ച് 2021

അരവിന്ദ് ഇവിടെ തന്നെയുണ്ട്, ആ നാലുപേരിലുടെ
(VISION NEWS 29 മാർച്ച് 2021)
തിരുവനന്തപുരം/കൊച്ചി: കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലുപേർക്ക് പുതുജീവൻ നൽകി. കഴിഞ്ഞദിവസം വാഹനാപകടത്തിലാണ് കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റിലെ ആദിലിംഗത്തിന്റെയും സുശീലയുടെയും മകൻ അരവിന്ദിന് (25) ഗുരുതരമായി പരിക്കേൽക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. യുവാവിന്റെ ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിനെ നേരിട്ട് അറിയിക്കുകയായിരുന്നു. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരൾ ആസ്റ്റർ മെഡ്സിറ്റിയിലും വൃക്കകൾ കിംസ് ആശുപതിയിലും മാറ്റിവെച്ചു. കായംകുളം സ്വദേശിയായ സൂര്യനാരായണനാണ് (18) ഹൃദയം വെച്ചുപിടിപ്പിച്ചത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണ് സൂര്യനാരായണന്. ബുധനാഴ്ച രാത്രിയാണ് കെ.എൻ.ഒ.എസിൽ നിന്ന ഹൃദയം ലഭ്യമാണെന്ന് ലിസി ആശുപത്രിയിൽ സന്ദേശമെത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഹെലിക്കോപ്റ്റർ ദൗത്യത്തിന് ലഭ്യമായത്. രാവിലെ 10 മണിയോടെ നാലംഗ മെഡിക്കൽ സംഘം ലിസി ആശുപത്രിയിൽ നിന്ന് കിംസിലേക്ക് പുറപ്പെട്ടു. മൂന്ന് മണിയോടെ ആരംഭിച്ച, ഹൃദയം വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂർത്തീകരിച്ച ശേഷം മെഡിക്കൽ സംഘം 5.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു. 6.15-ന് ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡിൽ ഇറങ്ങിയ മെഡിക്കൽ സംഘത്തിന് അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പോലീസ് സേന ഗ്രീൻ കോറിഡോർ ഒരുക്കി. നാല് മിനിറ്റിനുള്ളിൽ ലിസി ആശുപത്രിയിൽ ഹൃദയം എത്തിച്ച് സൂര്യനാരായണനിൽ വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 6.38-നാണ് കരൾ ആസ്റ്റർ മെഡ്സിറ്റിയിലെത്തിയത്. തുടർന്ന് എട്ടു മണിക്കൂർ നീളുന്ന ശസ്ത്രക്രിയ ആരംഭിച്ചു. അടിയന്തരമായി അവയവം മാറ്റിവയ്ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട എറണാകുളം സ്വദേശിയായ 46-കാരനാണ് കരൾ സ്വീകരിക്കുന്നത്. വൃക്കകൾ കിംസ് ആശുപത്രിയിലെ തന്നെ രോഗികൾക്കും മാറ്റിവച്ചു. തുടർനടപടികൾക്ക് ശേഷം അരവിന്ദിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ശവസംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി. ജഗൻ, ആനന്ദ്, മുരുഗേശ്വരി എന്നിവർ അരവിന്ദിന്റെ സഹോദരങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ പൂർത്തിയാകുന്ന 319-ാമത്തെ അവയവദാനമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only