27 മാർച്ച് 2021

നാടുകാണിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; കൂടെയുള്ള പെണ്‍കുട്ടി ബോധരഹിതയായി കൊക്കയില്‍
(VISION NEWS 27 മാർച്ച് 2021)
ഇടുക്കി കുളമാവ് നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയെ ബോധരഹിതയായും കണ്ടെത്തി. മേലുകാവ് സ്വദേശി അലക്‌സിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാൽ അലക്സിന്‍റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ടൂറിസം കേന്ദ്രമായ നാടുകാണി പവലിയന് സമീപത്താണ് അലക്സിനെ തൂങ്ങി മരിച്ച നിലയിലും ഗുരുതരമായി പരുക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനിയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. പാറക്കെട്ടിനു മുകളിൽ നിന്ന് അലക്‌സ് തന്നെ തള്ളി താഴെയിട്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. 250 അടി ആഴമുള്ള കൊക്കയിൽ വീണ പെൺകുട്ടി ബോധരഹിതയായി. യുവാവ് താഴെയിറങ്ങി പെൺകുട്ടി മരിച്ചെന്നു ഉറപ്പിച്ച ശേഷം സമീപത്തെ മരത്തിൽ പാന്‍റിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ അലക്‌സ് പെണ്കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും, അലക്സിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്നും അലക്സിന്‍റെ ബന്ധുക്കൾ ആരോപിച്ചു.

വ്യാഴാഴ്ച മുതൽ അലക്‌സിനെയും പെണ്‍കുട്ടിയെയും കാണാനില്ലെന്നു കുടുംബം കാഞ്ഞാർ മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. നാടുകാണിയിൽ റോഡരികിൽ വ്യാഴാഴ്ച രാവിലെ മുതൽ ഒരു ബൈക്കും ബാഗും ഇരിക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെയാണ് അന്വേഷണം നാടുകാണി പവലിയനിലേക്ക് നീങ്ങിയത്. തുടര്‍ന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലാണ്. അലക്‌സിന്‍റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only