25 മാർച്ച് 2021

പ്രഭാത വാർത്തകൾ
(VISION NEWS 25 മാർച്ച് 2021)

🔳കൊറോണ വൈറസിന്റെ വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യം രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതിന് പുതിയ വൈറസുകളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🔳സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയില്‍ വാദിച്ചു.

➖➖➖➖➖➖➖➖
🔳കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സര്‍വേയില്‍ 75-83 സീറ്റുകള്‍ വരെയായിരുന്നു എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞുള്ള രണ്ടാംഘട്ട സര്‍വേ പ്രകാരം 73-83 സീറ്റ് വരെയാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം ആദ്യഘട്ട സര്‍വേയില്‍ യു.ഡി.എഫിന് പ്രവചിക്കപ്പെട്ടിരുന്നത് 56-64 സീറ്റുകളായിരുന്നു. എന്നാല്‍ രണ്ടാംഘട്ട സര്‍വേയില്‍ 56-66 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. എന്‍.ഡി.എയ്ക്ക് 0-2 സീറ്റുകളായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ 0-1 സീറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

🔳മാതൃഭൂമി ന്യൂസ് സീവോട്ടര്‍ അഭിപ്രായ സര്‍വ്വേയില്‍ തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ യുപിഎ സഖ്യം 173-181 വരെ സീറ്റു നേടി അധികാരത്തില്‍ വരുമെന്ന് സര്‍വ്വേഫലം. അതേസമയം ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് 162 മുതല്‍ 168 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും പ്രവചനം. ബി.ജെ.പി 104 മുതല്‍ 120 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് ഇടത് സഖ്യം 18 മുതല്‍ 26 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. അസമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാതൃഭൂമി സീ വോട്ടര്‍ പ്രിപോള്‍ സര്‍വേ പ്രവചിക്കുന്നതെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് സര്‍വ്വേ ഫലം. പുതുച്ചേരിയിലാകട്ടെ എന്‍ഡിഎ 21 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് മാതൃഭൂമി സീ-വോട്ടര്‍ അഭിപ്രായ സര്‍വെ. യുപിഎ ഒന്‍പത് സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ ഫലം.

🔳ഇടതുമുന്നണിക്ക് കേരളത്തില്‍ ഭരണത്തുടര്‍ച്ച പ്രവചിച്ച് മനോരമ ന്യൂസ് - വിഎംആര്‍ അഭിപ്രായ സര്‍വ്വേ ഫലം. ഇടതുമുന്നണിക്ക് 77 മുതല്‍ 82 സീറ്റ് വരെ ലഭിച്ചേക്കാമെന്നും യു.ഡി.എഫിന് 54 മുതല്‍ 59 സീറ്റ് വരെ ലഭിച്ചേക്കാമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎക്ക് 3 സീറ്റ് വരെ ലഭിച്ചേക്കാമെന്നും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും സര്‍വ്വേ പ്രവചിക്കുന്നു.

🔳എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ ഭരണം നിലനിര്‍ത്തുമെന്നാണ് മീഡിയവണ്‍ - പൊളിറ്റിഖ് മാര്‍ക്ക് സര്‍വേയും പറയുന്നത്. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം നടന്ന സര്‍വേയില്‍ എല്‍.ഡി.എഫിന് 73 മുതല്‍ 78 വരെ സീറ്റ് ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യു.ഡി.എഫിന് 60 മുതല്‍ 65 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 2 വരെ സീറ്റും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചേക്കാമെന്നും പ്രവചനം

🔳സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ - സീ വോട്ടര്‍ സര്‍വേ ഫലവും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം 77 സീറ്റില്‍ വിജയിച്ച് അധികാരം നേടുമെന്നും യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തുമെന്നും ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

🔳വോട്ടര്‍പട്ടികയിലെ ഇരട്ട വോട്ടുകള്‍ അതീവ ഗുരുതരമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു. കള്ളവോട്ടിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അതനുവദിക്കില്ലെന്നും ചെന്നിത്തല.

🔳ശബരിമലയില്‍ നിയമ നിര്‍മാണം വാഗ്ദാനം ചെയ്ത് എന്‍.ഡി.എ പ്രകടന പത്രിക. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കറാണ് പത്രിക പ്രകാശനം ചെയ്തത്. എല്ലാ കുടുംബത്തിലും ഒരാള്‍ക്കെങ്കിലും ജോലി, ഭീകരവാദ മുക്ത കേരളം, പട്ടിണിരഹിത കേരളം, ശബരിമലയ്ക്കു വേണ്ടി നിയമനിര്‍മാണം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, ലൗ ജിഹാദിന് എതിരെ നിയമനിര്‍മാണം, എസ്.സി.-എസ്.ടി. വിഭാഗത്തില്‍പ്പെട്ട എല്ലാ ഭൂരഹിതര്‍ക്കും ഭൂമി, എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ആറ് സൗജന്യ സിലിണ്ടര്‍, പെന്‍ഷന്‍ പ്രായം ഏകീകരിക്കും, എല്ലാവര്‍ക്കും വീട്- കുടിവെള്ളം- വൈദ്യുതി, സാമൂഹിക ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കും, കൂടാതെ സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

🔳പുരോഗമന സംസ്ഥാനമായിരുന്ന കേരളം ഇന്ന് അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളം ഒരു കാലഘട്ടത്തില്‍ വികസനത്തിന്റെ മോഡലായും വിദ്യാസമ്പന്നരായ ആളുകളുള്ള സംസ്ഥാനമെന്നും ഏറ്റവും സമാധാനമുള്ള സംസ്ഥാനമെന്നും അറിയപ്പെട്ടിരുന്നുവെന്നും എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന്  കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അമിത് ഷാ.

🔳തനിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. താന്‍ ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ഇരയാണെന്നും ആക്രമണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വഹിക്കുന്ന പദവിയുടെ പരിമിതിയുടെ പേരില്‍ പലതും വേണ്ടത്ര തുറന്നു പറയാന്‍ ആയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജന്‍സികള്‍ തങ്ങളാല്‍ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

🔳മക്കളുടെ മരണത്തില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് 'കുഞ്ഞുടുപ്പ്' തിരഞ്ഞെടുപ്പ് ചിഹ്നം. 'ഫ്രോക്ക്' ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമ്മയ്ക്ക് അനുവദിച്ചതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന വാളയാര്‍ നീതി സമിധി രക്ഷാധികാരി സി.ആര്‍.നീലകണ്ഠന്‍ അറിയിച്ചു.

🔳തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭൂപ്രശ്നങ്ങളുയര്‍ത്തി ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സര്‍വ്വകക്ഷിയോഗ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എല്‍ഡിഎഫ് വിമര്‍ശനം.

🔳കേരളത്തില്‍ ഇന്നലെ 56,740 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4527 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70.

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിയിട്ടില്ല. നിലവില്‍ ആകെ 354 ഹോട്ട് സ്‌പോട്ടുകള്‍.

🔳തമിഴ്നാട്ടില്‍ വോട്ടിനായി പാര്‍ട്ടികള്‍ പണം നല്‍കുന്നുവെന്ന ആരോപണത്തിനിടെ അണ്ണാഡിഎംകെ എംഎല്‍എയുടെ മകന്റെ കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തു. തിരുച്ചിറപ്പള്ളിയിലെ മുസിരി എംഎല്‍എ സെല്‍വരാശുവിന്റെ മകന്‍ രാമമൂര്‍ത്തിയുടെ കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്.

🔳സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍.വി. രമണയ്‌ക്കെതിരേ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീം കോടതി തള്ളി.  ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് വ്യക്തമാക്കി സുപ്രീം കോടതി വാര്‍ത്താക്കുറിപ്പ് ഇറക്കി. അതേസമയം ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🔳പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. കാല് എല്ലാവരെയും കാണിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് വിവാദത്തിലായത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ പരാമര്‍ശം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ബര്‍മുഡ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ദിലീപ് ഘോഷ് ആഭാസനാണെന്ന് ട്വീറ്റ് ചെയ്തു.

🔳മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസേയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി. പോലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വാസേ നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ്.

🔳രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെ മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 53,419 പേര്‍ക്ക്.  മരണം 249. ഇതോടെ ആകെ മരണം 1,60,726 ആയി. ഇതുവരെ 1,17,87,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.91 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,855 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ 2,651 പേര്‍ക്കും ഗുജറാത്തില്‍ 1,790 പേര്‍ക്കും ചത്തീസ്ഗഡില്‍ 2,106 പേര്‍ക്കും ഡല്‍ഹിയില്‍ 1,254 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,636 പേര്‍ക്കും കര്‍ണാടകയില്‍ 2,298 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 585 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,18,228 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 63,630 പേര്‍ക്കും ബ്രസീലില്‍ 82,818 പേര്‍ക്കും തുര്‍ക്കിയില്‍ 29,762 പേര്‍ക്കും പോളണ്ടില്‍ 29,978 പേര്‍ക്കും ഇറ്റലിയില്‍ 21,267 പേര്‍ക്കും ജര്‍മനിയില്‍ 20,604 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.53 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.13 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,165 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,185 പേരും  ബ്രസീലില്‍ 1,832 പേരും മെക്സിക്കോയില്‍ 809 പേരും പോളണ്ടില്‍ 575 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 27.54 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ക്യാപ്റ്റന്‍ വിരാട് കോലിയുടെ കീഴിലുള്ള  ടീം എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്. നിലവിലെ ഇന്ത്യന്‍ ടീമിന് വൈവിധ്യമുള്ള ഒട്ടേറെ കളിക്കാരുണ്ടെന്നും അവരെല്ലാം മുന്‍തലമുറയിലെ കളിക്കാരെക്കാളും കായികക്ഷമതയുള്ളവരാണെന്നും ലോയ്ഡ് പറഞ്ഞു. ഓസ്ട്രേലിയയില്‍ നിന്ന് പ്രതികൂല സാഹചര്യത്തില്‍ വിജയവുമായി മടങ്ങിയതാണ് ഈ ടീമിനെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാക്കുന്നതെന്നും ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യമാണ് ഇന്ത്യയെ അപകടകാരികളാക്കുന്നതെന്നും ക്ലൈവ് ലോയ്ഡ് പറഞ്ഞു.

🔳ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ഏകദിന പരമ്പരക്ക് പുറമെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും ശ്രേയസിന് നഷ്ടമാവും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ കൂടിയാണ് ശ്രേയസ്.

🔳ആഗോളതലത്തില്‍ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം അതിരൂക്ഷമായതോടെ സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രി വരെയുള്ള മേഖലകള്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇത്തരത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് ചിപ് നിര്‍മാണ പ്ലാന്റുകള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ടെക് ഭീമനായ ഇന്റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസിലെ അരിസോണയില്‍ രണ്ട് വലിയ ചിപ് നിര്‍മാണ ഫാക്റ്ററികള്‍ക്കായി നിക്ഷേപം നടത്തുമെന്നാണ് ഇന്റല്‍ വ്യക്തമാക്കിയത്. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇന്റലിന്റെ ഓഹരിവിലയിലും വര്‍ധനവുണ്ടായി.

🔳സ്വകാര്യതാ സംരക്ഷണം എന്ന നയത്തിലൂന്നി നിന്ന് പ്രവര്‍ത്തിച്ച് ലോകത്താകമാനം സ്വീകാര്യത നേടിയ പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമിലേക്ക് ഗള്‍ഫ് രാജ്യത്ത് നിന്ന് വന്‍ നിക്ഷേപമെത്തുന്നു.  അബുദാബിയിലെ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേര്‍സുമാണ് നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ആകെ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനാണ് ഇരു കമ്പനികളും തയ്യാറായിരിക്കുന്നത്. ഇതില്‍ തന്നെ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി 75 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. കണ്‍വേര്‍ട്ടിബിള്‍ ബോണ്ടായാണ് നിക്ഷേപം. അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേര്‍സും 75 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്.

🔳ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. നിമിഷ സജയനും ഫഹദ് ഫാസിലുമാണ് പോസ്റ്ററിലുള്ളത്. സിനിമയുടെ ട്രെയ്‌ലര്‍ നാളെ എത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സുലൈമാന്‍ മാലിക് എന്ന വേഷത്തില്‍ ഫഹദ് എത്തുമ്പോള്‍ റോസ്ലിന്‍ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുക. മെയ് 13ന് പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ ഒരുക്കിയ സിനിമ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി അതിഗംഭീര മേക്കോവറാണ് ഫഹദ് നടത്തിയിട്ടുള്ളത്. 20 കിലോയോളം ഭാരം കഥാപാത്രത്തിനായി ഫഹദ് കുറച്ചിരുന്നു. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

🔳സണ്ണി വെയനും ഗൗരി കിഷനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനുഗ്രഹീതന്‍ ആന്റണി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മിക്കുന്നത്. 96 ഫെയിം ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

🔳2020ല്‍ ആഗോളതലത്തില്‍ 7,430 സൂപ്പര്‍കാറുകള്‍ ഡെലിവറി ചെയ്തതായി പ്രഖ്യാപിച്ച് ആഡംബര വാഹന നിര്‍മ്മാതാക്കളായ  ലംബോര്‍ഗിനി. ഇതോടെ വിറ്റുവരവിന്റെയും വില്‍പ്പനയുടെയും അടിസ്ഥാനത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച വര്‍ഷമായി 2020 മാറി. കാര്‍ ഡെലിവറികളുടെ കാര്യത്തില്‍ 2019 ല്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 8,205 കാറുകളാണ് ആ വര്‍ഷം ഡെലിവറി ചെയ്തത്. 2020 ല്‍ 7,430 യൂണിറ്റ് ഡെലിവറി ചെയ്ത് കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച നേട്ടം കൈവരിക്കാനായി.

🔳പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍, ഈറ്റ് ആന്റ് ഡ്രിങ്ക്, പായ്മരത്തില്‍ ജെയിംസ്, കൊക്കഡാമ, മുനാസില്‍ തുടങ്ങിയ കഥകളിലൂടെ ആവിഷ്‌കരിക്കുന്ന ജീവിതസത്യങ്ങള്‍. 'മഴനൊമ്പരങ്ങള്‍'. അജി കമാല്‍. ഗ്രീന്‍ ബുക്സ്. വില 204 രൂപ.

🔳ഇന്ത്യയിലെയും ജറുസലേമിലെയും കമ്പനികള്‍ സംയുക്തമായി കോവിഡ് 19 ന് എതിരെ ഗുളിക രൂപത്തിലുള്ള വാക്‌സീന്‍ വികസിപ്പിച്ചു. ഗുരുഗ്രാം ആസ്ഥാനമായ പ്രേമാസ് ബയോടെക്കും ജറുസലേം ആസ്ഥാനമായ ഒറാമേഡ് ഫാര്‍മസ്യുട്ടിക്കല്‍സ് എന്ന കമ്പനിയും സംയുക്തമായാണ് ഇതു വികസിപ്പിച്ചത്. മൃഗങ്ങളില്‍ പ്രാഥമിക പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും ഈ കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2021 മെയ് മാസത്തോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനിയും മൂന്നു മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ വിഎല്‍പി വാക്‌സീന്‍ കാന്‍ഡിഡേറ്റ് ആണിത്. സാര്‍സ് കോവ് 2 നെതിരെ ട്രിപ്പിള്‍ പ്രൊട്ടക്ഷന്‍ ഇത് നല്‍കുന്നു. കൊറോണവൈറസിന്റെ സ്പൈക്ക്, മെംബ്രേന്‍, എന്‍വലപ് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്നു. ഈ മൂന്നു പ്രോട്ടീനുകളാണ് കൊറോണ വൈറസിന്റെ ഘടനയില്‍ പ്രധാനപ്പെട്ടവ. അതിന് ഒരു രൂപം (ആകൃതി) നല്‍കുന്നത് ഈ പ്രോട്ടീനുകളാണ്. ആതിഥേയ ശരീരത്തില്‍ ഇരട്ടിക്കാനും ഇവ സഹായിക്കുന്നു. ഈ ആന്റിജെനിക് പ്രോട്ടീനുകളെ നിര്‍വീര്യമാക്കുകയാണ് വാക്സീന്റെ ധര്‍മം. പ്രേമാസിന്റെയും ഓറാ മെഡിസിന്റെയും സംയുക്തസംരംഭമായ ഓറാവാക്‌സ് എന്ന കമ്പനിയാണ് വാക്‌സീന്‍ വികസിപ്പിക്കുന്നത്. അതേസമയം, മൂക്കിലൂടെ സ്പ്രേ ചെയ്യാവുന്ന രീതിയുള്ള ഒരു വാക്‌സീന്‍ ഭാരത് ബയോടെക്ക്, വിസ്‌കോന്‍സില്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിച്ചു വരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണെന്നും ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
മറ്റാരുടെയെങ്കിലും നിയന്ത്രണത്തിനു വിധേയരായാണ് പലപ്പോഴും എല്ലാവരുടേയും യാത്രകള്‍.  എല്ലാ കാര്യങ്ങളും സ്വയം തീരുമാനിച്ച് സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രം ചെയ്യുന്നവര്‍ അധികമൊന്നും കാണില്ല.  സൗഹൃദവും ശത്രുതയും അടുപ്പവും അകലവുമെല്ലാം നിയന്ത്രണശേഷിയുള്ള ഘടകങ്ങളാണ്.  ആരാണ് നിയന്ത്രിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ജീവിതത്തിന്റെ ഗതി തീരുമാനിക്കപ്പെടുന്നത്.  ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഗുണമേന്മയുമുള്ള ഡ്രൈവര്‍മാര്‍ കൂടെയുണ്ടെങ്കില്‍ ഏത് ഉലച്ചിലുകള്‍ക്കിടയിലും യാത്ര നിര്‍ബാധം തുടരും.  പ്രലോഭകരോ അലസരന്മാരോ ആണ് ഡ്രൈവറെങ്കില്‍ പലയാത്രകളും തുടങ്ങിയിടത്തുതന്നെ നില്‍ക്കും.  മുന്നോട്ട് നയിക്കാന്‍ കഴിയുന്നവരെ സഹകാരികളാക്കുക എന്നതാണ് നിശ്ചലമാകാതിരിക്കാനുള്ള അടിസ്ഥാന മാര്‍ഗ്ഗം.  എല്ലാ കാര്യങ്ങളും എക്കാലവും ആര്‍ക്കും തനിച്ചു ചെയ്യാനാകില്ല.  ഒരു താങ്ങ് വേണമെന്ന് തിരിച്ചറിയുകയും, താങ്ങാകുന്നവരെ അംഗീകരിക്കുകയും വേണം.  തണലാകുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിച്ചാല്‍ പിന്നെ, വെയില്‍ കൊള്ളുകയേ നിവൃത്തിയൂള്ളൂ.  അളന്നെടുത്ത് ചേര്‍ത്തുനിര്‍ത്തിയവരെല്ലാം അകന്നുപോകുമ്പോള്‍, ക്ഷണിക്കാതെ കയറിവരുന്നവരാകും കരുത്താകുക.  അന്യരെല്ലാം അപകടകാരികളല്ല.  ചിലരെല്ലാം ആശ്വാസകേന്ദ്രങ്ങള്‍ ആയി മാറുന്നവരായിക്കും.  യാത്രകള്‍ തുടരട്ടെ... തണലാകുന്നവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only