02 ഏപ്രിൽ 2021

എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ ബൈഡൻ നിർത്തലാക്കി
(VISION NEWS 02 ഏപ്രിൽ 2021)

വാഷിങ്ടൺ: യു.എസിൽ എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡൻറ് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31-ന് അവസാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈ‍ഡൻ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്.

എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി. പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം.

യു.എസ്. കമ്പനികൾക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്നതാണ് എച്ച്-1 ബി വിസ. കഴിഞ്ഞവർഷം ജൂണിലാണ് യു.എസിലേക്കുള്ള തൊഴിലാളിവിസകൾ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഡിസംബർ 31-ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

ശാസ്ത്ര, എൻജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരെ അമേരിക്കയിൽ ജോലിചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടൽ, നിർമാണ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ എൽ 1 വിസയും ഗവേഷകർ, പ്രൊഫസർമാർ എന്നിവർക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്.

ട്രംപിന്റെ വിസാചട്ടങ്ങൾ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും അധികാരമേറ്റതിനുപിന്നാലെ ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ തുടരണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടർന്ന് സാന്പത്തികപ്രതിസന്ധിയിലായ അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുന്ന നടപടി തുടരണമെന്ന് മിസോറിയിൽനിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ജോഷ് ഹാലി പറഞ്ഞു. ഒരുകോടിയോളം പേർ രാജ്യത്ത് തൊഴിലന്വേഷകരായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only