04 ഏപ്രിൽ 2021

നാദാപുരത്തെ 16കാരന്‍റെ മരണം; തുടരന്വേഷണത്തിന് എസ്.പി യുടെ ഉത്തരവ്
(VISION NEWS 04 ഏപ്രിൽ 2021)കോഴിക്കോട് നാദാപുരം നരിക്കാട്ടേരിയില്‍ 16കാരന്‍റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിയുടെ ഉത്തരവ്. അബ്ദുള്‍ അസീസിന്‍റെ മരണം കൊലപാതകമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് തുടരന്വേഷണം നടത്താന്‍ എസ്.പി ഉത്തരവിട്ടത്. അബ്ദുള്‍ അസീസിനെ സഹോദരന്‍ സഫ്വാന്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

2020 മെയ് 17നായിരുന്നു കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരിക്കേ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ അബ്ദുള്‍ അസീസിനെ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. അബ്ദുള്‍ അസീസിന്‍റെ ചില ബന്ധുക്കളും നാട്ടുകാരും മരണം കൊലപാതകമാണെന്ന് കാട്ടി പ്രതിഷേധിച്ചതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ ആ അന്വേഷണവും അത്മഹത്യയെന്ന നിഗമനത്തില്‍ അവസാനിപ്പിച്ചു. ഇതിനിടയിലാണ് സഹോദരനായ സഫ്വാന്‍ അബ്ദുള്‍ അസീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട സഹോദരന്‍ വിദേശത്തേക്ക് കടന്നു.എസ്.പി യുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീണ്ടും വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിച്ചു. ഈ ദൃശ്യങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. പുതിയ അന്വേഷണ സംഘത്തില്‍ നിന്നും നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആക്ഷന്‍ കമ്മറ്റിയുടെ ആവശ്യവും എസ്.പി അംഗീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only