02 ഏപ്രിൽ 2021

കുഞ്ഞ് ആണോ, പെണ്ണോ; സസ്‌പെന്‍സ് വെളിപ്പെടുത്താനെത്തിയ വിമാനം അപകടത്തില്‍ പെട്ട് 2 മരണം
(VISION NEWS 02 ഏപ്രിൽ 2021)


l
കുടുംബത്തില്‍ ഒരു പുതിയ കുഞ്ഞതിഥിയെത്തുന്നത് കുടുംബാംഗങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്ന സംഗതിയാണ്. മെക്‌സിക്കന്‍ നഗരമായ കാന്‍കനിലെ ഒരു കുടുംബവും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇതേ ആഹ്‌ളാദത്തിലായിരുന്നു. പിറന്നത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന സസ്‌പെന്‍സ് കുടുംബാംഗങ്ങളോട് വെളിപ്പെടുത്താന്‍ ഒരു ചെറിയ വിമാനവും ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ആ ആഘോഷം ഒരു ദുരന്തത്തിലാണ് കലാശിച്ചത്.

കരീബിയന്‍ കടലിനടുത്തുള്ള ഒരു ജലാശയത്തില്‍ മെല്ലെ നീങ്ങുന്ന ബോട്ടിന് മുകളിലായിരുന്നു ആ ചെറുവിമാനം. കുഞ്ഞതിഥിയെ വരവേല്‍ക്കൂ എന്നാവശ്യപ്പെടുന്ന പോലെ വിമാനത്തില്‍ നിന്ന് പിങ്ക് നിറത്തിലുള്ള പുകച്ചുരുളുകള്‍ ആകാശത്തേക്കുയര്‍ന്നു. പുകച്ചുരുളുകളുടെ നിറത്തില്‍ നിന്ന് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിയുകയും ബോട്ടില്‍ കാത്തിരുന്നവര്‍ പെണ്‍കുഞ്ഞെന്ന ആരവത്തോടെ കയ്യടിക്കുകയും ചെയ്തു. 

എന്നാല്‍ പൊടുന്നനെ വിമാനം കുത്തനെ ജലാശയത്തിലേക്ക് പതിച്ചു, വിശ്വസിക്കാനാവാതെ ബോട്ടിലുള്ളവര്‍ നിലവിളിച്ചു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും അപകടത്തില്‍ മരിച്ചതായി അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഇതു വരെ പുറത്തു വന്നിട്ടില്ല. 

ആരോ ഫോണില്‍ പകര്‍ത്തിയ മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അപകടത്തിന്റെ ദൃശ്യത്തില്‍ അപകടം നടക്കുമെന്നറിയാതെ ഈ വിമാനം നമ്മുടെ തലയ്ക്ക് മുകളില്‍ വീണാലോ എന്ന് ആരോ തമാശയായി പറയുന്നത് കേള്‍ക്കാം. ആണ്‍കുട്ടിയാണോയെന്ന് മറ്റൊരാള്‍ ചോദിക്കുന്നതും തുടര്‍ന്ന് ഫോണ്‍ ക്യാമറ പിങ്ക് നിറത്തിലുള്ള പുകച്ചുരുളുകളിലേക്ക് നീളുന്നതും ഒരു സ്ത്രീ പെണ്‍കുഞ്ഞെന്ന് ആര്‍ത്തുവിളിക്കുന്നതും കേള്‍ക്കാം. തുടര്‍ന്ന് വിമാനം ഒരു നിമിഷം ക്യാമറയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് വെള്ളത്തിലേക്ക് വീഴുന്നതും കാണാം.നാല് മണിയോടെ പോലീസും രക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ വിമാനം കണ്ടെത്തുകയായിരുന്നു. ഹോള്‍ബോക്‌സ് ദ്വീപില്‍ നിന്ന് മൂന്ന് മണിയോടെ എക്‌സോമെക്‌സ് എന്ന വിമാനക്കമ്പനിയുടെ ചെറുവിമാനം പറന്നുയരുകയായിരുന്നു എന്നാണ് വിവരം. 
കുഞ്ഞിന്റെ ജനനവിവരമറിയിക്കാനുള്ള ആഘോഷപരിപാടിക്കിടെയുള്ള ആദ്യത്തെ അപകടമല്ല ഇത്. ഇത്തരമൊരു പരിപാടിക്കിടെ ഫെബ്രുവരിയില്‍ ഒരു ഇരുപത്തെട്ടുകാരന്‍ മരിച്ചിരുന്നു. സ്വന്തം കുഞ്ഞിന്റെ ജനനത്തിന്റെ ആഘോഷത്തിനിടെ സ്വയം നിര്‍മിച്ച ഒരു ഉപകരണം പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. 2008 ല്‍ നടന്ന മറ്റൊരു അപകടത്തില്‍ കരിമരുന്ന് പ്രയോഗം നിരവധി പേരുടെ മരണത്തിനിടയാക്കിയിരുന്നു. സമാനരീതിയിലുള്ള വിമാനാപകടവും ഇതിന് മുമ്പ് നടന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only