03 ഏപ്രിൽ 2021

24 മണിക്കൂറിൽ 89129 പോസിറ്റീവ് കേസുകള്‍, 714 മരണം: ആശങ്ക ഉയർത്തി രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം
(VISION NEWS 03 ഏപ്രിൽ 2021)ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 89,129 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,15,69,241 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 6,58,909 ആക്ടീവ് കേസുകളാണുള്ളത്. സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ നിലവിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കോവിഡ് മരണനിരക്ക് ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,64,110 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ആകെ രോഗബാധിതരുടെ കണക്കെടുത്ത് നോക്കിയാൽ മഹാരാഷ്ട്ര (2,904,076), കേരളം (1,124,584), കർണാടക (997,004), ആന്ധ്രാപ്രദേശ് (901,989), തമിഴ്നാട് (886,673) തുടങ്ങി അഞ്ചുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യം നടപ്പിലാക്കപ്പെടുന്ന രാജ്യത്ത് ഇതുവരെ 7,30,54,295 പേർക്കാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇതിനിടയിൽ തന്നെയാണ് ആശങ്കയായി രോഗവ്യാപനവും വർധിക്കുന്നത്.

ഇതിനിടെ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ക്യാബിനറ്റ് സെക്രട്ടറി ചർച്ച നടത്തി. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ സാഹചര്യം ആശങ്കയുളവാക്കുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും വർധനവുള്ള സംസ്ഥാനങ്ങൾക്ക് അധിക ശ്രദ്ധ നൽകിക്കൊണ്ടായിരുന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ ഇന്ന് ഉന്നതതല അവലോകന യോഗം ചേർന്നത്.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക, കർശനമായ നിയന്ത്രണം, സമ്പർക്ക പട്ടികയിലുള്ള വരെ യഥാസമയം കണ്ടെത്തൽ, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ പിന്തുടരൽ ഒപ്പം വാക്സിനേഷനും ആണ് കോവിഡ് വ്യാപന പ്രതിരോധത്തിനുള്ള 5 മാർഗ്ഗങ്ങൾ.

2020 ജൂണിലെ 5.5 ശതമാനം എന്ന മുൻ റെക്കോർഡ് മറികടന്നുകൊണ്ട് 2021 മാർച്ചിൽ 6.8 ശതമാനമായി കോവിഡ് കേസുകൾ ഉയർന്നതെന്ന് യോഗത്തിൽ വിലയിരുത്തി. ഈ കാലയളവിൽ രാജ്യത്തെ പ്രതിദിന കോവിഡ് മരണസംഖ്യ നിരക്ക് 5.5% ആയിട്ടുണ്ട്. മഹാമാരിയുടെ മൂർദ്ധന്യാവസ്ഥയിൽ 2020 സെപ്റ്റംബറിൽ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 97,000 റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, നിലവിൽ രാജ്യത്ത് 81,000 പ്രതിദിന കേസുകൾ എന്ന സ്ഥിതിയിലാണ്.

അതേസമയം ജനങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സെക്രട്ടറി അവതരിപ്പിച്ചു. വ്യതിയാനം വന്ന കൊറോണവൈറസിന്റെ ജീനോം സീക്വൻസിങ് പഠനങ്ങൾക്കായി ക്ലിനിക്കൽ വിവരങ്ങൾ പങ്കു വയ്ക്കുന്നതിന് സംസ്ഥാനങ്ങൾ പ്രത്യേക പ്രോട്ടോകോൾ പിന്തുടരണമെന്ന് ഡോ. വി.കെ പോൾ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only