17 ഏപ്രിൽ 2021

കേരളത്തിൽ നിന്നുളള ആകെ പാർലമെന്റ് അംഗങ്ങൾ 28; എട്ടുപേർ കണ്ണൂർ ജില്ലക്കാർ
(VISION NEWS 17 ഏപ്രിൽ 2021)കേരളത്തിന്റെ വടക്കേയറ്റത്തു നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തു കൊണ്ട് ഒന്നാമതാണ് കണ്ണൂർ ജില്ല. ആദ്യ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശിയായ എ കെ ഗോപാലൻ എന്ന കമ്യൂണിസ്റ്റ്. ഇന്നും പാർട്ടി ഭേദമന്യേ നേതൃനിരയിൽ എ കെ ജിയുടെ ആ രാഷ്ട്രീയ പാരമ്പര്യം കണ്ണൂർ പിന്തുടരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടു തന്നെ രാഷ്ട്രീയ കേരളത്തിലെ നമ്പർ വണ്‍ ജില്ലയായി കണ്ണൂർ മാറുന്നു. ഇന്ത്യൻ പാർലമെന്റിൽ നിലവിൽ കണ്ണൂർ 'ലേബലുളള' എട്ട് ജനപ്രതിനിധികളാണ് ഉള്ളത്. നാലുപേർ ലോക്സഭയിലും നാലുപേർ രാജ്യസഭയിലുമാണ്. ഇതിന് പുറമെ സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ അഞ്ചു മന്ത്രിമാരും കണ്ണൂരിൽ നിന്നാണ്. 'കണ്ണൂർ ലോബി' എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കുമ്പോഴും ഒരു രാഷ്ട്രീയ ഭൂമികളുടെ പാർലമെന്ററി രംഗത്തെ കരുത്താണ് തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിൽ നിന്നുള്ള ഈ പേരുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ നിന്നുള്ള ആകെ പാർലമെന്റ് അംഗങ്ങൾ 29 ആണ്. 20 ലോക്സഭാ അംഗങ്ങളും ഒമ്പത് രാജ്യസഭാ അംഗങ്ങളും. രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം ഒഴിഞ്ഞു കിടക്കുന്നു. മൂന്നു പേരുടെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്. നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ സ്ഥാനാർഥികളായ മൂന്നുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് യു ഡി എഫ് ഒരു സ്ഥാനാർഥിയെയും എൽ ഡി എഫ് രണ്ട് സ്ഥാനാർഥികളെയും മാത്രമാണ് നിർത്തിയിരിക്കുന്നത്.

പാർലമെന്റംഗങ്ങൾ

1. ജോൺ ബ്രിട്ടാസ്

സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രണ്ട് സീറ്റുകളും സി പി എമ്മിനാണ്. അതിൽ ഒരു സീറ്റ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നടുവിൽ പുലിക്കുരുമ്പ സ്വദേശിയായ ജോൺ ബ്രിട്ടാസിനാണ്. മാധ്യമപ്രവർത്തന മേഖലയിൽ നിന്നാണ് ജോൺ ബ്രിട്ടാണ് പാർലമെന്റിലേക്ക് എത്തുന്നത്. നിലവിൽ കൈരളി ചാനലിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമാണ്.

2. ഡോ വി ശിവദാസൻ


പുതിയതായി രാജ്യസഭയിലേക്ക് എത്തുന്നു. കണ്ണൂർ ജില്ലയിലെ പേരാവൂർ മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് സ്വദേശി. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്ന ശിവദാസൻ സി പി എം സംസ്ഥാന സമിതി അംഗമാണ്.

3. കെ. സുധാകരൻ


നിലവിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗം. 1996 മുതല്‍ 2006 വരെ മൂന്ന് തവണ എംഎല്‍എ, 2001-2004ലെ എകെ ആന്റണി മന്ത്രിസഭയില്‍ വനം -പരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രിയായിരുന്നു കുമ്പക്കുടി സുധാകരൻ. കണ്ണൂർ എടക്കാട് സ്വദേശി. 2009 - 2014ലും കണ്ണൂരില്‍ നിന്നും എംപി. 2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

4. കെ. മുരളീധരൻ


വടകരയിൽ നിന്നുള്ള ലോക്സഭാംഗം. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ ഭൂമികയായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം. പിതാവ് കെ. കരുണാകരൻ ജനിച്ചത് കണ്ണൂർ ചിറക്കലിൽ. കെപിസിസി മുൻ സംസ്ഥാന പ്രസിഡന്റ്. മുൻ സംസ്ഥാന വൈദ്യുതി മന്ത്രി.

5. രാജ്മോഹൻ ഉണ്ണിത്താൻ


കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം. 2019ലെ തെരഞ്ഞെടുപ്പിൽ തന്റെ കന്നിജയം അവിസ്മരണീയമാക്കിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ലോക്സഭയിലെത്തിയത്.

6. വി. മുരളീധരൻ


മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ആയിരുന്ന മുരളീധരൻ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ് കൂടിയാണ്. തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി സ്വദേശി.

7. കെ.സി. വേണുഗോപാൽ

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും ജയിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർലമെന്റംഗമാകുന്നത്. പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളി സ്വദേശിയാണെങ്കിലും ജില്ലയിൽ നിന്ന് ഇതുവരെ മത്സരിച്ചിട്ടില്ല. 1991 ൽ കാസർഗോഡ് നിന്നും ലോക് സഭയിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ട ശേഷം ആലപ്പുഴ തട്ടകമാക്കി കുതിച്ചു തുടങ്ങി. ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ സംസ്ഥാനമന്ത്രിയും കേന്ദ്ര സഹമന്ത്രിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ ജനറൽ സെക്രട്ടറി.

8. എം.കെ. രാഘവൻ


കോഴിക്കോട് മണ്ഡലത്തിൽ നിന്നുമുള്ള ലോക്സഭാ അംഗം. പയ്യന്നൂർസ്വദേശി. കോഴിക്കോട് നിന്നും നിന്നും 2009ലും 2014ലും ലോക്സഭയിലെത്തി. 2019ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി.

അഞ്ചുപേർ സംസ്ഥാനമന്ത്രിമാർ

സംസ്ഥാനത്തെ 20 അംഗ മന്ത്രിസഭയിൽ അഞ്ചു'പേരാണ് കണ്ണൂർ സ്വദേശികൾ. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ. ഇതിൽ എ.കെ ശശീന്ദ്രൻ ഒഴികെ മറ്റുള്ളവരെല്ലാം, പിണറായി വിജയൻ (ധർമടം) , ഇ.പി. ജയരാജൻ (മട്ടന്നൂർ ), കെ കെ ശൈലജ (പേരാവൂർ), രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ ) ജില്ലയിൽ നിന്നു തന്നെയുള്ള നിയമസഭാംഗങ്ങളാണ്. ശശീന്ദ്രൻ കോഴിക്കോട് എലത്തൂർ നിന്നുമാണ് സഭയിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only