മാവോവാദി നേതാവായ ഹിദ്മയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം സി.ആര്.പി.എഫ്. ജവാന്മാര്ക്ക് നേരേ ആക്രമണം നടന്നത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോവാദി വേട്ടയ്ക്കിറങ്ങിയ സൈനിക സംഘത്തിന് നേരേ പതിയിരുന്ന മാവോവാദി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നുമണിക്കൂറിലേറെ ഏറ്റുമുട്ടല്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കമുള്ള ആയുധങ്ങളാണ് മാവോവാദികള്‍ ഉപയോഗിച്ചത്. ഇതിനെല്ലാം നേതൃത്വം നല്കിയതാകട്ടെ മാവോവാദി നേതാവായ ഹിദമണ്ണ എന്ന ഹിദ്മയും.
ആരാണ് ഹിദ്മ...
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന് നമ്പര്‍ വണ്ണിന്റെ തലവനാണ് ഹിദ്മ എന്ന ഹിദമണ്ണ. 40 ലക്ഷം രൂപ സര്‍ക്കാര്‍ വിലയിട്ട മാവോവാദി നേതാവ്. സുക്മ ജില്ലയിലെ പുവാര്‍ത്തി ഗ്രാമത്തിലെ ഗ്രോതവിഭാഗക്കാരന്. ഇപ്പോള്‍ 40 വയസോളം പ്രായമുണ്ടാകും. 1990-കളിലാണ് ഹിദ്മ മാവോവാദി സംഘത്തിലെത്തുന്നത്.
പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ തലവനായ ഹിദ്മ മാവോവാദികളുടെ ദണ്ഡകാരണ്യ സെപ്ഷ്യല്‍ സോണല്‍ കമ്മിറ്റി അംഗമാണ്. സിപിഐ(മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും. സ്ത്രീകളടക്കം ഏകദേശം 250-ലേറെ മാവോവാദികളാണ് ഹിദ്മയുടെ കീഴിലുള്ളത്.
വിവരങ്ങള്‍ ഇതെല്ലാമാണെങ്കിലും ഹിദ്മയുടെ അടുത്തകാലത്തുള്ള യാതൊരു ചിത്രവും ആരുടെയും പക്കലില്ല. 40 ലക്ഷം രൂപയാണ് ഹിദ്മയെ പിടികൂടുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. അടുത്തിടെ ഹിദ്മയെ മാവോവാദികളുടെ മിലിട്ടറി കമ്മീഷന് മേധാവിയായി നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശനിയാഴ്ച സൈനികര്‍ക്ക് നേരേ നടന്ന ആക്രമണത്തിനും നേതൃത്വം നല്‍കിയത് ഹിദ്മയായിരുന്നു. ഏകദേശം അഞ്ഞൂറോളം മാവോവാദികളാണ് ഇരുന്നൂറോളം വരുന്ന സൈനികരെ നേരിടാന്‍ സര്‍വ സന്നാഹവുമായി കാത്തിരുന്നത്. സൈനികര്‍ മുന്നിലെത്തിയതോടെ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു.
എങ്ങനെയാണ് ഓപ്പറേഷന്
എല്ലാവര്‍ഷവും ജനുവരി മുതല്‍ ജൂണ്‍ വരെയാണ് മാവോവാദികള്‍ അവരുടെ തന്ത്രപരമായ പ്രത്യാക്രമണ ക്യാമ്പയിന്(ടാക്റ്റികല്‍ കൗണ്ടര്‍ ഒഫന്‍സീവ് ക്യാമ്പയിന്-ടിസിഒസി) നടത്തുന്നത്. വനമേഖലയില്‍ പതിയിരുന്ന് സുരക്ഷാസേനയ്ക്ക് നേരേ ആക്രമണം നടത്തുന്നതാണ് പതിവ്. മരങ്ങളില്‍നിന്ന് ഇലകള്പൊഴിയുന്ന സമയമായതിനാല്‍ ഇതും മാവോവാദികള്‍ക്ക് സഹായകരമാണ്. കാഴ്ച എളുപ്പമാക്കുന്നതും ചടുലമായനീക്കങ്ങളും ഇതിലൂടെ സാധിക്കുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇതേസമയത്ത് ഒട്ടേറെ തവണയാണ് മാവോവാദികള്‍ സുരക്ഷാസേനയെ ആക്രമിച്ചിട്ടുള്ളത്.
അന്നും ജീവന്‍പൊലിഞ്ഞു...
കഴിഞ്ഞ മാര്‍ച്ചില്‍ സുക്മയിലെ മിനാപ്പയില് നടന്ന മാവോവാദി ആക്രമണത്തില്‍ 17 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 2019 ഏപ്രിലില്‍ ബിജെപി എംഎല്‍എ ഭീമാ മാധ്വിയെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും മാവോവാദികള്‍ വധിച്ചു. 2010 ഏപ്രിലില്‍ സുക്മയിലെ തഡ്മേഡ്ലയില് നടന്ന മാവോവാദി ആക്രമണത്തില്‍ 76 സി.ആര്.പി.എഫ്. ജവാന്മാരും വീരമൃത്യു വരിച്ചു.
Post a comment