04 ഏപ്രിൽ 2021

59,292 പോലീസുകാര്‍, 140 കമ്പനി കേന്ദ്രസേന; സുരക്ഷാ ക്രമീകരണം പൂര്‍‌ത്തിയായി
(VISION NEWS 04 ഏപ്രിൽ 2021)നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്നാഥ് ബെഹ്റ. 59,292 പൊലീസ് ഉദ്യോഗസ്ഥരെയും 140 കമ്പനി കേന്ദ്രസേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്. പോളിങ് ഏജന്‍റുമാര്‍ക്ക് സുരക്ഷ ഉറപ്പാക്കും. വോട്ടര്‍മാരെ തടയുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി.

സംസ്ഥാനമാകെ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് തെരഞ്ഞെടുപ്പിന് പൊലീസിന്‍റെയും കേന്ദ്രസേനയുടെയും വിന്യാസം. 24,788 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരടക്കം 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേനയും. ഇത്രയധികം കേന്ദ്രസേനാവിഭാഗങ്ങളെ തെരഞ്ഞെടുപ്പിന് വിന്യസിക്കുന്നത് ആദ്യമായാണ്.

പോളിങ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോളിങ് ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകള്‍ ഉണ്ടായിരിക്കും. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പോളിങ് ഏജന്‍റുമാര്‍ അറിയിച്ചാല്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംരക്ഷണം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only