01 ഏപ്രിൽ 2021

ഇന്ത്യ ഇന്ന് പുതിയ സാമ്പത്തിക വർഷത്തിലേക്ക്; ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.5%-12.5% ആയിരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്
(VISION NEWS 01 ഏപ്രിൽ 2021)
കൊവിഡ് വ്യാപനത്തിന്റെ ഭിഷണി നിലനിൽക്കേ ഇന്ത്യ ഇന്ന് പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.5 ശതമാനത്തിനും 12.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട്. കൊവിഡ് വാക്‌സിൻ വിതരണം എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ സാമ്പത്തികവളർച്ച എന്നതാണ് വസ്തുത.

വളർച്ചാനിരക്കിന്റെ കാര്യത്തിൽ ഇത്രയും അന്തരം പ്രവചിക്കുന്നത് ലോക ബാങ്കിന്റെ പതിവല്ല. ഇത്തവണത്തെ അസാധാരണ സാഹചര്യം മുൻനിർത്തിയാണ് പുതിയ സമീപനത്തിൽ റിപ്പോർട്ട് തയാറാക്കിയതെന്ന് ലോകബാങ്ക് ഏഷ്യ റീജ്യൺ ചീഫ് എക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു. 2020-21 സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ച ഇടിവ് 8.5 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തൽ. കൊവിഡ് വ്യാപനം തുടങ്ങും മുമ്പേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വളർച്ചനിരക്ക് കുറഞ്ഞിരുന്നു. 2017 സാമ്പത്തികവർഷത്തിൽ 8.3 ശതമാനം വളർച്ചയുണ്ടായിരുന്ന രാജ്യത്ത് 2020 സാമ്പത്തിക വർഷത്തിൽ ഇത് നാല് ശതമാനമായി ചുരുങ്ങിയിരുന്നു. അതിനിടെ കൊവിഡ് എത്തിയത് സ്ഥിതി ഗുരുതരമാക്കി. ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യത്തെയും കൊവിഡ് മഹാമാരി ബാധിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിലും ധനക്കമ്മി ഉയർന്ന തോതിലായിരിക്കും.

അതേസമയം, രാജ്യത്തെ ദാരിദ്ര്യനിരക്ക് കൊവിഡിന് മുമ്പുണ്ടായിരുന്ന ആറു ശതമാനത്തിനും ഒമ്പതു ശതമാനമാനത്തിനും ഇടയിലായിരിക്കും. കൊവിഡ് രോഗ വ്യാപനത്തിന്റെ ഒന്നാം ഘട്ടം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് രാജ്യത്ത് സമ്മാനിച്ചത്. സമീപ കാലത്തൊന്നും ഇത്രയും കനപ്പെട്ട തൊഴിൽ നഷ്ടങ്ങളോ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സാഹചര്യമോ ഇന്ത്യയിലുണ്ടായിട്ടില്ല. പുതിയ സാമ്പത്തിക വർഷത്തിൽ എല്ലാ മേഖലകളിലും തിരിച്ച് വരാനാകും എന്നാണ് ഇന്ത്യയുടെ പ്രതിക്ഷ. ആത്മനിർഭർഭാരതിനെ അടിസ്ഥാനപ്പെടുത്തിയാകും ഇത്തവണയും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ആവിർഭാവം വലിയമാറ്റങ്ങൾ ഈ വർഷം ഇന്ത്യയുടെ വാണിജ്യ വ്യവസായ തൊഴിൽ ശീലങ്ങളിൽ ഉണ്ടാക്കും എന്നും കരുതുന്നു. 11.5 ശതമാനം വളർച്ചയാണ് സർക്കാർ ഇത്തവണ പ്രതിക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only