08 April 2021

കൊടുവള്ളിയിൽ ഇരുമുന്നണികളും ആശങ്കയിൽ, പോളിങ് ശതമാനം 80.04
(VISION NEWS 08 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി: 80.04 ശതമാനം പോളിങ് നടന്ന കൊടുവള്ളി മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വിജയം അവകാശപ്പെടുന്നെങ്കിലും ഇരുമുന്നണികളും ആശങ്കയിലാണ്. 183388 വോട്ടർമാരുള്ള മണ്ഡലത്തിൽ 146798 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2016-ൽ 81.49 ആയിരുന്നു പോളിങ് ശതമാനം.

ജനങ്ങളുടെ പ്രതികരണങ്ങൾ നല്ല പ്രതീക്ഷ നൽകുന്നതായും ബി.ജെ.പി.വോട്ട് മറിഞ്ഞിട്ടില്ലെങ്കിൽ വിജയം ഉറപ്പാണെന്നും എൽ.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് റസാഖ് പ്രതികരിച്ചു.

ശക്തമായ മുന്നേറ്റം കൊടുവള്ളി മണ്ഡലത്തിൽ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വോട്ടർമാർക്കിടയിൽ ബി.ജെ.പി.ക്ക് അനുകൂലമായ ധ്രുവീകരണം നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും എൻ.ഡി.എ.സ്ഥാനാർഥി ടി.ബാലസോമൻ പറഞ്ഞു.

യു.ഡി.എഫ്.സ്ഥാനാർഥി എം.കെ.മുനീറിന്റെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല.

അതേസമയം യു.ഡി.എഫ്.സ്ഥാനാർഥി എം.കെ.മുനീർ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ പറഞ്ഞു.


ബി.ജെ.പി.വോട്ടുകൾ വിലക്കു വാങ്ങിയെന്ന്


എൽ.ഡി.എഫ്.സ്ഥാനാർഥിയുടെ വിജയത്തിനായി ബി.ജെ.പി.വോട്ടുകൾ ഇടതുപക്ഷം വിലക്കു വാങ്ങിയതായി യു.ഡി.എഫ്.ചെയർമാൻ ആരോപിച്ചു. എന്നാൽ, ഇതൊന്നും യു.ഡി.എഫിന്റെ വിജയത്തിന് പോറലേൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ പല സ്ഥലത്തും ബി.ജെ.പി.ക്ക് ബൂത്തുകൾ ഉണ്ടായിരുന്നില്ല. ഉള്ള ചില ബൂത്തുകളിൽ ഇരിക്കാൻ പോലും ആളുണ്ടായിരുന്നില്ല. ബി.ജെ.പി.നേതാവായ ടി.പി. ജയചന്ദ്രന്റെ നാടായ നരിക്കുനിയിലെ ബി.ജെ.പി.ശക്തി കേന്ദ്രങ്ങളിൽ പോലും ബൂത്തുകളുണ്ടായിരുന്നില്ലെന്നും എ.അരവിന്ദൻ പറഞ്ഞു.


അതേസമയം ബി.ജെ.പി.യുടെ അയ്യായിരത്തോളം വോട്ടുകൾ യു.ഡി.എഫിന് പോയതായി എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഒ.പി.ഐ.കോയ ആരോപിച്ചു. എങ്കിലും കാരാട്ട് റസാഖിന് ജയിക്കാനുള്ള എല്ലാ സാഹചര്യവും മണ്ഡലത്തിലുണ്ടായിരുന്നെന്നും ഇത് അവസാനം വരെ നിലനിന്നതായും ഒ.പി.ഐ.കോയ പറഞ്ഞു. നരിക്കുനി, മടവൂർ, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. മുന്നേറ്റമുണ്ടാക്കും. കിഴക്കോത്തും താമരശ്ശേരിയിലും മുന്നേറ്റമുണ്ടാകില്ല.കൊടുവള്ളി നഗരസഭയിൽ തൽസ്ഥിതി തുടരാനാണ് സാധ്യതയെന്നും ചെയർമാൻ പറഞ്ഞു.



തോൽവി ഭയന്ന് മുൻകൂർ ജാമ്യം


ബി.ജെ.പി.വോട്ട് എൽ.ഡി.എഫിന് കിട്ടിയെന്ന യു.ഡി.എഫിന്റെയും, യു.ഡി.എഫിനാണ് ബി.ജെ.പി.വോട്ട് കിട്ടിയതെന്ന എൽ.ഡി.എഫിന്റെയും ആരോപണം തോൽവി ഭയന്നുള്ള മുൻകൂർ ജാമ്യമാണെന്ന് ബി.ജെ.പി. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഇൻ ചാർജ് ഗിരീഷ് തേവള്ളി പറഞ്ഞു. ബി.ജെ.പി.ക്ക് മണ്ഡലത്തിൽ ഇത്തവണ 15,000 ത്തിന് മുകളിൽ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് -മാത്രഭൂമി കൊടുവള്ളി

Post a comment

Whatsapp Button works on Mobile Device only