04 ഏപ്രിൽ 2021

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പുതുതായി 93249 രോഗികള്‍, ആശങ്കയായി 8 സംസ്ഥാനങ്ങള്‍
(VISION NEWS 04 ഏപ്രിൽ 2021)ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20-ന് ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബര്‍ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 513 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 60048 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,24,85,509 ആയി ഉയര്‍ന്നു. 1,16,29,289 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,64,623 ആയി. നിലവില്‍ ചികിത്സയിലുള്ളത് 6,91,597 പേരാണ്. രാജ്യത്ത് ഇതുവരെ 7,59,79,651 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.തുടര്‍ച്ചയായ 25-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 93.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണര്‍ത്തുന്ന തരത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച മാത്രം മുംബൈയില്‍ 9000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന രോഗബാധയാണ് ഇത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only