01 ഏപ്രിൽ 2021

പ്രഭാത വാർത്തകൾ
(VISION NEWS 01 ഏപ്രിൽ 2021)

🔳രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ജോയ്സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയില്‍ നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക വിമര്‍ശിച്ചു.തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

🔳സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂര്‍ണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്. ഓപ്പറേഷന്‍ ട്വിന്‍സ് (www.operationtwins.com ) എന്ന വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂര്‍ണ്ണ വിവരവും ഇതില്‍ ലഭ്യമാണെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൃത്യമായ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു.


🔳ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

🔳80 വയസ്സുകഴിഞ്ഞ സ്ത്രീയെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് ചെയ്യിക്കുന്നതിനിടെ ക്ഷേമപെന്‍ഷന്‍ നല്‍കാനെത്തിയയാള്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പെന്‍ഷന്‍ വിതരണത്തിനെത്തിയ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിനെ സസ്പെന്‍ഡ് ചെയ്ത് കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിട്ടു. വോട്ടുചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വരണാധികാരി നല്‍കിയതെന്ന് ആക്ഷേപമുണ്ട്.

🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെപേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു കേന്ദ്രഏജന്‍സിയുടെപേരില്‍ കേസെടുക്കുന്നതില്‍
പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ആദ്യഘട്ടത്തില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി ആഴക്കടല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ 5000 കോടിയുടെ ധാരണപത്രവും ചേര്‍ത്തലയില്‍ ഭൂമി അനുവദിച്ചതും റദ്ദാക്കി. കഴിഞ്ഞ മാസം 26 ന് ധാരണാപത്രം റദ്ദാക്കിയിരുന്നുവെങ്കിലും ഇന്നലെ പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഉത്തരവ് പുറത്തുവിട്ടത്.

🔳സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷനുമായ കനയ്യ കുമാര്‍. യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്ന് പറഞ്ഞ അദ്ദേഹം ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് ഇന്ത്യയ്ക്കാവശ്യന്ന് അഭിപ്രായപ്പെട്ടു.

🔳ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കി. ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല.

🔳കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച്. വിനോദിനി ബാലകൃഷ്ണന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

🔳യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. അരിതയുടെ വീടിന്റെ വീഡിയോ സി.പി.എം. പ്രവര്‍ത്തകര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ചിരുന്നു.

🔳ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ സ്ഥിതി മോശമാകുന്നതിനാല്‍ ജന്മദേശത്തേക്ക് പോകാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

🔳കേരളത്തില്‍ ഇന്നലെ 49,427 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4621 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55

🔳സംസ്ഥാനത്ത് ഇന്നലെ 11 പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്നലെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 364 ഹോട്ട് സ്പോട്ടുകള്‍.

🔳ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി റെയില്‍വേ. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍.

🔳ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണിത്. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.

🔳ഓട്ടോ ഡെബിറ്റ് സംവിധാനത്തില്‍ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കുന്നത് റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ 30വരെ നീട്ടി. ആവര്‍ത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവര്‍ധിപ്പിക്കുന്നതിനായി കൂടുതലായി ഓതന്റിക്കേഷന്‍(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതലാണ് ഇത് നടപ്പാക്കാനിരുന്നത്. ഇതോടെ, മൊബൈല്‍, ടൂട്ടിലിറ്റി ബില്ലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കല്‍, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം ആറുമാസംകൂടി നിലവിലേതുപോലെതന്നെ നടക്കും.

🔳മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിഗുളികകള്‍ കണ്ടെടുത്തതിരുന്നു. ഇതിനുപിന്നാലെയാണ് രാജസ്ഥാനില്‍നിന്ന് മുംബൈയിലെത്തിയ അജാസ് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

🔳ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) ദുബായില്‍ അന്തരിച്ചു. ദുബായ് രാജകുടുംബാംഗങ്ങളുടെയടക്കം നിരവധി പ്രമുഖരുടെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന മറിയാമ്മ വര്‍ക്കി വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

🔳ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനവും മരണവും കുതിച്ചുയരുന്നു. ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 72,070 പേര്‍ക്ക്.  മരണം 458. ഇതോടെ ആകെ മരണം 1,62,960 ആയി. ഇതുവരെ 1,22,20,669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.80 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  39,544 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 4,563 പേര്‍ക്കും കര്‍ണാടകയില്‍ 4,225 പേര്‍ക്കും പഞ്ചാബില്‍ 2,944 പേര്‍ക്കും ഹരിയാനയില്‍ 1,106 പേര്‍ക്കും മധ്യപ്രദേശില്‍ 2332 പേര്‍ക്കും ഗുജറാത്തില്‍ 2,360 പേര്‍ക്കും  ഉത്തര്‍പ്രദേശില്‍ 1,198 പേര്‍ക്കും ഡല്‍ഹിയില്‍ 1,819 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,579 പേര്‍ക്കും  ആന്ധ്രപ്രദേശില്‍ 1,184 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,09,376 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 63,045 പേര്‍ക്കും ബ്രസീലില്‍ 84,689 പേര്‍ക്കും  തുര്‍ക്കിയില്‍ 39,302 പേര്‍ക്കും ഫ്രാന്‍സില്‍ 41,907 പേര്‍ക്കും പോളണ്ടില്‍ 32,874 പേര്‍ക്കും ഇറ്റലിയില്‍ 23,904 പേര്‍ക്കും ജര്‍മനിയില്‍ 20,825 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 12.94 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.22 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 11,386 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 943 പേരും  ബ്രസീലില്‍ 3,579 പേരും മെക്സിക്കോയില്‍ 807 പേരും പോളണ്ടില്‍ 653 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.26 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഫൈസര്‍ -  ബയോണ്‍ടെക് കോവിഡ് വാക്‌സിന്‍ 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി അവകാശവാദം. അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി ഫൈസറും ബയോണ്‍ടെക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

🔳ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട റിഷഭ് പന്ത് ഭാവിയില്‍ ഇന്ത്യന്‍ നായകനായേക്കുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. സമീപഭാവിയില്‍ തന്നെ റിഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും അസറദ്ദീന്‍ പറഞ്ഞു.

🔳ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാര്‍ ഒരുവര്‍ഷത്തിനുശേഷം മെഗാ വിലക്കിഴിവ് വില്പനയുമായി വരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സഹായത്തോടെയാകും ബിഗ് ബസാറിന്റെ മെഗാ സെയില്‍. 15 വര്‍ഷംമുമ്പ് അവതരിപ്പിച്ച 2,500 രൂപയുടെ ഷോപ്പിങിനൊപ്പം 500 രൂപയുടെ ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ഓഫറാകും ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ചേക്കുക. ചാനല്‍, അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യ കാമ്പയിനും സംഘടിപ്പിക്കും.

🔳സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ബിസിനസുകളിലും ഇന്ത്യ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനം 2019 തലത്തേക്കാള്‍ താഴെയായിരിക്കുമെന്ന് യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ചാ നിരക്കും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചാ നിരക്കുമാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. 'എക്കണോമിക് ആന്‍ഡ് സോഷ്യല്‍ സര്‍വേ ഓഫ് ഏഷ്യ ആന്‍ഡ് പസഫിക് 2021' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

🔳വിജയ്യുടെ പുതിയ ചിത്രത്തിന്റെ ഭാഗമായി മലയാളി താരം അപര്‍ണ ദാസും. ഇന്ന് നടന്ന പൂജയുടെ ചിത്രം പങ്കുവെച്ചാണ് അപര്‍ണ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചനകള്‍.

🔳അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭമായ കിംഗ് ഫിഷിന്റെ സെന്‍സറിംഗ് കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അനൂപ് മേനോന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ സെന്‍സറിംഗ് വിശേഷം പങ്കുവെച്ചത്. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. ടെക്സസ് ഫിലിം കമ്പനിയുടെ ബാനറില്‍ അനൂപ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'കിംഗ് ഫിഷ്'. ചിത്രത്തിന് സംഗീതം നല്‍കുന്നത് രതീഷ് വേഗയാണ്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ് എസ്യുവി. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.  2020 ഏപ്രിലില്‍ കൂടുതല്‍ ഫീച്ചറുകളുമായി സെല്‍റ്റോസിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തി. 2021 ഏപ്രിലിലും വാഹനത്തിന്റെ പുതുക്കിയ പതിപ്പ് കിയ മോട്ടോര്‍സ് എത്തിക്കുന്നു. പാനരോമിക് സണ്‍റൂഫ് എന്ന ഫീച്ചറോടെയാണ് പുതിയ സെല്‍റ്റോസ് എത്തുക.

🔳പ്രൊഫസര്‍ ജോര്‍ജ് ഇമ്മാനുവേല്‍ എന്ന അധ്യാപകന്റെ ദുഃസ്വപ്നത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ നോവല്‍ ഒരു ഒരു ദുരന്തകഥയാകുമ്പോള്‍ അതൊരു സാമൂഹിക ദുരന്തം കൂടിയായി മാറുന്നു. ഒരു സ്വയംവിമര്‍ശന പുസ്തകം കൂടിയാണ് ഉമേഷിന്റെ മതനിന്ദകന്‍. 'മതനിന്ദകന്‍'. പി ഉമേഷ്. ഗ്രീന്‍ ബുക്സ്. വില 105 രൂപ.

🔳മുഖക്കുരുവിന്റെ പാടുകള്‍, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകള്‍ എന്നിവ പലരേയും അലട്ടുന്ന ചര്‍മ്മപ്രശ്നങ്ങളാണ്. ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയിലെ എന്‍സൈമുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയാണ് ചര്‍മ്മപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. കറ്റാര്‍വാഴയെ ക്ലെന്‍സറായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് 20 മിനുട്ട് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മൃദുവായ ചര്‍മ്മം സ്വന്തമാക്കാന്‍ ഈ പാക്ക് ഗുണം ചെയ്യും. വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ ജെല്ലും തേനും. രണ്ട്  ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ഒരു ടീസ്പൂണ്‍ തേനും അല്‍പം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേര്‍ത്ത് പാക്ക് തയ്യാറാക്കി എടുക്കുക. ശേഷം ഈ പാക്ക് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഇത് 15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വിറ്റാമിന്‍ സിയ്ക്ക് പുറമേ, നാരങ്ങയ്ക്ക് സ്വാഭാവിക ശുദ്ധീകരണവും ബ്ലീച്ചിംഗ് ഗുണങ്ങളുമുണ്ട്, ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ടാന്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.  മൂന്ന് ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ യോജിപ്പിക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 20-25 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് ഗുണം ചെയ്യും.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only