07 ഏപ്രിൽ 2021

അഞ്ചു വയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ നടപടി
(VISION NEWS 07 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട കുമ്പഴയില്‍ അഞ്ചു വയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ നടപടി. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റര്‍ രവിചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം നഗരസഭ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

തിങ്കളാഴ്ചയാണ് തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളെ രണ്ടാനച്ഛന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതി അലക്‌സ് രാത്രി 11.30 ഓടെ പത്തനംതിട്ട സ്റ്റേഷനില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന റൈറ്റര്‍ രവിചന്ദ്രനെ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലിന് ഒടുവിലാണ് പ്രതിയെ ഇന്നലെ രാവിലെ പിടികൂടിയത്.

ശരീരമാസകലം മുറിവുകളേറ്റ കുട്ടിയുടെ നെഞ്ചിലെ ക്ഷതമാണ് മരണകാരണം. കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന രണ്ടാനച്ഛന്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ പത്തനംതിട്ട നഗരസഭ ഏറ്റെടുത്ത് സംസ്‌കാരം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only