29 ഏപ്രിൽ 2021

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കണ്ണുകളുടെ ആരോഗ്യവും സംരക്ഷിക്കാം
(VISION NEWS 29 ഏപ്രിൽ 2021)പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കും. കാഴ്ചശക്തിയെ മെച്ചപ്പെടുത്തുന്ന ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം.

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നാരങ്ങാ പഴ വര്‍ഗങ്ങള്‍. ഓറഞ്ച്, ചെറുനാരങ്ങ, മാതാളനാരങ്ങ, മുസംബി എന്നിവ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിന്‍, സെസാന്തിന്‍ എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ കുറഞ്ഞത് ഒരു ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെതന്നെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മത്തങ്ങ, തക്കാളി, പപ്പായ, മാങ്ങ തുടങ്ങിയവയും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞ അളവില്‍ നട്‌സ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

വിറ്റാമിന്‍ എയുടെ അഭാവമാണ് കുട്ടികളിലെ കാഴ്ചക്കുറവിന്റെ പ്രധാന കാരണം. ചെറുപ്പംമുതല്‍ക്കെ കുട്ടികള്‍ക്ക് പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി നല്‍കുന്നത് ഗുണകരമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി കൂടുതലായും വിറ്റാമിന്‍ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത്. പാലും പാല്‍ ഉല്‍പന്നങ്ങളും മുട്ടയും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only