🔳കോവിഡ് വാക്സിന് പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ആഗ്രഹിക്കുന്നവര്‍ക്കല്ല, പകരം അത്യാവശ്യം വേണ്ടവര്‍ക്കാണ് കോവിഡ് വാക്സിന് വിതരണം ചെയ്യാന്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ആവശ്യത്തെയും ആഗ്രഹത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ പരിഹാസ്യമാണെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നവരാണെന്നുമായിരുന്നു രാഹുല്‍ ഇതിനോട് പ്രതികരിച്ചത്.
🔳രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന മഹാരാഷ്ട്രയുടെയും ആന്ധ്രപ്രദേശിന്റെയും അറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
➖➖➖➖➖➖➖➖
🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. ഇന്ന് മുതല്‍ പോലീസ് പരിശോധന ശക്തമാക്കും . ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല.
🔳നിയമസഭാതിരഞ്ഞടുപ്പില്‍ വിജയത്തില്‍ക്കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റുകള്‍ തൂത്തുവാരുമെന്ന് പറയാന്‍ നേതാക്കളാരും തയ്യാറല്ല. ചെയ്യാതെപോയ ഇരട്ടവോട്ടുകളടക്കം കണക്കുകൂട്ടലുകളെ അട്ടിമറിക്കുമോയെന്ന ആശങ്കയുണ്ട് നേതാക്കള്‍ക്ക്. ഡീല്‍ അല്ലെങ്കില്‍ വോട്ടുചോര്‍ച്ചയുടെ സൂചന, തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ നേതാക്കള്‍തന്നെ പുറത്തുവിട്ടുതുടങ്ങി. ഭരണത്തുടര്‍ച്ചയെന്ന ആത്മവിശ്വാസത്തില്‍ നില്ക്കുന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ 82 മുതല്‍ 85 സീറ്റുകളാണ്. കള്ളവോട്ട് തടഞ്ഞതോടെ പലമണ്ഡലങ്ങളിലും വിജയസാധ്യത ഇരട്ടിയായെന്നു പറയുന്ന യു.ഡി.എഫ് 75 മുതല്‍ 80 വരെ സീറ്റുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ഉള്‍പ്പെടെ അഞ്ചുസീറ്റെങ്കിലും നേടാനാകുമെന്നാണ് ബിജെപിയുടെ രഹസ്യവിലയിരുത്തല്‍.
🔳എന്‍.എസ്.എസിനെതിരേ സി.പി.എം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ് സിപിഎമ്മിന്റെ കടന്നാക്രമണമെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും അതിന് അവരെ ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ആദ്ദേഹം പറഞ്ഞു.
🔳കൂത്തുപറമ്പിലെ ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടത് ബോംബേറിനെത്തുടര്‍ന്നുണ്ടായ പരിക്ക് മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് നിന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടു പോയി.
🔳കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം. സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.
🔳ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജുവിന്റെ കുത്തിയിരിപ്പ് സമരം. സെന്റ് ജോസഫ് സ്കൂളിലെ സ്ട്രോങ് റൂം കേന്ദ്രത്തിലാണ് ലിജു കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വോട്ടിങ് യന്ത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്ന രീതിയിലല്ല അമ്പലപ്പുഴയിലെ സ്ട്രോങ് റൂമിലെ സുരക്ഷയെന്നാണ് ലിജുവിന്റെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീല്‍ ചെയ്തു. ഇതോടെ ലിജു നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിച്ചു.
🔳കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ഏപ്രില്‍ 21നാണ് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ഇതിനുമുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്നാണ് കമ്മീഷന് ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയത്. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.
🔳കേരളത്തില്‍ ഇന്നലെ 60,554 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3502 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍കോട് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82.
🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 361 ഹോട്ട് സ്പോട്ടുകള്‍.
🔳ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്.
🔳ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ അതായത് 35,600 കോടി രൂപ ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമതായി എത്തിയത്. ആഗോളതലത്തില്‍ 589 ാം സ്ഥാനവും ഇന്ത്യയില്‍ 26-ാ മനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.
🔳വര്‍ഗീയ പരാമര്‍ശം നടത്തി വോട്ട് തേടിയെന്ന പരാതിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രില്‍ മൂന്നിലെ പരാമര്ശത്തിന്മേലാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
🔳കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ പഞ്ചാബിലെ 12 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
🔳ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് നിര്‍മ്മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാറില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിന് ആസ്ട്ര സെനിക്ക വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനിക്ക് 402.97 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത്, 3000 കോടി രൂപ വേണ്ടിവരുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറയുന്നത്.
🔳ഇന്ത്യയില്‍ കോവിഡ് കത്തി പടരുന്നു. ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1,26,265 പേര്‍ക്ക്. മരണം 684. ഇതോടെ ആകെ മരണം 1,66,892 ആയി. ഇതുവരെ 1,29,26,061 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 9.05 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 59,907 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 10,310 പേര്‍ക്കും കര്‍ണാടകയില്‍ 6,976 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 6,002 പേര്‍ക്കും ഡല്‍ഹിയില്‍ 5,506 പേര്‍ക്കും മധ്യപ്രദേശില്‍ 4,403 പേര്‍ക്കും തമിഴ്നാട്ടില്‍ 3,986 പേര്‍ക്കും ഗുജറാത്തില്‍ 3,575 പേര്‍ക്കും പഞ്ചാബില്‍ 2,963 പേര്‍ക്കും ഹരിയാനയില്‍ 2,366 പേര്‍ക്കും രാജസ്ഥാനില്‍ 2,801 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,390 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 6,19,221 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 69,650. പേര്‍ക്കും ബ്രസീലില്‍ 87,147 പേര്‍ക്കും തുര്‍ക്കിയില്‍ 54,740 പേര്‍ക്കും അര്‍ജന്റീനയില്‍ 22,039 പേര്‍ക്കും ഇറാനില്‍ 20954 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.29 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 11,660 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 810 പേരും ബ്രസീലില്‍ 3,412 പേരും ഇറ്റലിയില്‍ 627 പേരും പോളണ്ടില്‍ 638 പേരും മെക്സിക്കോയില്‍ 603 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.97 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര പാകിസ്ഥാന്. അവസാന മത്സരത്തില്‍ 28 റണ്‍സിനാണ് പാകിസ്ഥാന് ജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് പാകിസ്ഥാന് സ്വന്തമാക്കിയത്.
🔳പാക്കിസ്ഥാന് ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത് ഫിഫ. സംഘടനയിലെ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. പാക്കിസ്ഥാന് പുറമെ ഛാഡ് ഫുട്ബോള്‍ അസോയിയേഷനെയും ഫിഫ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
🔳ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികള്‍ തമ്മില്‍ ബിസിനസ് ഡീല്‍. 800 മെഗാഹെര്‍ട്സ് ബാന്റില്‍ ആന്ധ്രപ്രദേശ്, ഡല്‍ഹി, മുംബൈ സര്‍ക്കിളുകളിലെ സ്പെക്ട്രം ഭാരതി എയര്‍ടെല്‍ ജിയോക്ക് വിറ്റു. ആന്ധ്രപ്രദേശില്‍ 3.75 മെഗാഹെര്‍ട്സും ദില്ലിയില്‍ 1.25 മെഗാഹെര്‍ട്സും മുംബൈയില്‍ 2.5 മെഗാഹെര്‍ട്സും ജിയോ ഏറ്റെടുക്കും. ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്പെക്ട്രം ട്രേഡിങ് നിബന്ധനകള്‍ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി. ഇടപാടിലൂടെ 1037.6 കോടി രൂപ എയര്‍ടെലിന് കിട്ടും. അതിന് പുറമെ സ്പെക്ട്രവുമായി ബന്ധപ്പെട്ട 459 കോടി രൂപയുടെ ഭാവി ബാധ്യതകളും ജിയോ ഏറ്റെടുക്കും.
🔳ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി 800 മില്യണ്‍ ഡോളറിന്റെ (ഏകദേശം 5,862 കോടി രൂപ) ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കുന്നതിന്റെ സമീപത്ത് എത്തിയതായി റിപ്പോര്‍ട്ട്. ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, അമാന്‍സ ക്യാപിറ്റല്‍, തിങ്ക് ഇന്‍വെസ്റ്റ്മെന്റ്, കാര്‍മിഗ്നാക്, ഗോള്‍ഡ്മാന്‍ സാച്ച്സ് എന്നിവ പുതിയ നിക്ഷേപകരായി സ്വിഗ്ഗിയില്‍ എത്തുന്നു. പുതിയ ഫണ്ടിംഗ് ഘട്ടത്തില്‍ ഏകദേശം 5 ബില്യണ്‍ ഡോളറിലേക്ക് സ്വിഗ്ഗിയുടെ മൂല്യമെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫണ്ട് സ്വരൂപിച്ചപ്പോള്‍ സ്വിഗ്ഗിയുടെ മൂല്യം 3.7 ബില്യണ്‍ ഡോളറായിരുന്നു.
🔳തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം 'തലൈവി'യിലെ ആദ്യ ഗാനമെത്തി. കങ്കണയാണ് ജയലളിതയായി സ്ക്രീനില്‍ എത്തുന്നത്. 'ഇല, ഇല...' എന്നുതുടങ്ങുന്ന ഗാനം അതിമനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചൊരുക്കിയിരിക്കുകയാണ്. ജയലളിതയുടെ സുവര്‍ണ്ണകാലഘട്ടമാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ഒരുക്കിയ പാട്ട് ആലപിച്ചിരിക്കുന്നത് സൈന്ദവി പ്രകാശാണ്. സിരാ സിരി ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ജയലളിതയുടെ ആദ്യ സിനിമയിലേത് മുതലുള്ള ലുക്കുകളില്‍ കങ്കണ ഈ ഗാനരംഗത്തില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. മലയാളി താരം ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്.
🔳ലോകേഷ് കനകരാജ്-കമല്ഹാസന് ചിത്രം 'വിക്ര'ത്തില്‍ താനുണ്ടെന്ന് സ്ഥിരീകരിച്ച് ഫഹദ് ഫാസില്‍. ഫഹദിന് പകരം നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ചിത്രത്തില്‍ വില്ലന്‍ ആയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കമല്‍ഹാസന്റെ 232-ാം സിനിമയാണ് വിക്രം. ഗ്യാംഗ്സ്റ്റര്‍ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ചിത്രീകരിക്കുന്ന സിനിമ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടി. മോഡലുകള്‍ക്ക് അനുസരിച്ച് 26,000 മുതല്‍ 1.18 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. ഇന്നോവയ്കകൊപ്പം ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍, കാമ്രി എന്നിവയുടെ വിലയും കമ്പനി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ ഫെയ്സ്ലിഫ്റ്റ് 2020 ഒടുവിലാണ് വിപണിയില്‍ എത്തുന്നത്. മോഡലിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റിന് 16.52 ലക്ഷം രൂപ മുതലും അടിസ്ഥാന ഡീസല്‍ വേരിയന്റിന് 16.90 ലക്ഷം രൂപ മുതലുമാണ് പുതിയ വില ആരംഭിക്കുന്നത്.
🔳ആദര്‍ശങ്ങള്‍ ബലികൊടുത്ത് സ്വാധീനം സ്വാര്‍ത്ഥതയുടെ സിംഹാസനങ്ങള്‍ കൈയ്യാളുമ്പോള്‍ നിര്‍ധനരായ വിദ്യാസമ്പന്നര്‍ നിസ്സാഹായതയോടെ നിര്‍വികാരതയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന കലികാലത്തോട് പൊരുത്തപ്പെടാനാവാത്ത ഒരു വിപ്ലവകാരിയുടെ സമൂഹത്തിലെ സകല അനീതികളെയും ചോദ്യം ചെയ്യുന്ന പ്രതീകാത്മകമായ ആദ്യന്തം നാടകീയതയുണര്ത്തുന്ന പ്രതീകമാണ് നാടകം. 'ആദര്‍ശനം'. ഷാലന് വള്ളുവശ്ശേരി. ഗ്രാന്‍ഡ് ബുക്സ്. വില 60 രൂപ.
🔳ചൂടു കൂടുമ്പോള്‍ ചൂടുകുരു ഉണ്ടാകുന്നത് ബാക്ടീരിയ മൂലമോ വൈറസ് മൂലമോ ആകാം. പൊതുവേ ചൂടുകുരു മാറാനായി ഉപയോഗിക്കുന്ന ചൂടുകുരു പൗഡര്‍ ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ എന്നിവയും സ്റ്റിറോയ്ഡും ഉള്‍പ്പെടുന്ന ഒരു മിശ്രിതമാണ്. ഇത് ചൂടുകുരുവിന്റെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഒരു പരിധിവരെ അകറ്റാറുണ്ട്. ഇത്രയുമൊക്കെ ഗുണങ്ങളുണ്ടെങ്കിലും ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല. പ്രമേഹരോഗികള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍, കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, അവയവമാറ്റം ചെയ്തവര്‍ തുടങ്ങിയവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം ചൂടുകുരു പൗഡര്‍ ഉപയോഗിക്കരുത്. ശരീരത്തിന് തണുപ്പ് ലഭിച്ചാല്‍ ചൂടുകുരു ഉണ്ടാവുന്നത് തടയാനാകും. ഇതിനായി സാധാരണ വെള്ളത്തില്‍(പച്ചവെള്ളത്തില്‍) ദിവസവും രണ്ടു നേരം കുളിക്കണം. ഇത് ശരീരത്തിന് തണുപ്പ് നല്‍കും. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ചൂടു കൂട്ടുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. വിയര്‍ക്കുമ്പോള്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് നീക്കുക. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് നിര്‍ജ്ജലീകരണത്തിന് ഇടയാക്കും. ഒപ്പം ഇത് ചര്‍മത്തിന്റെ സ്നിഗ്ധത കുറയാനും ഇടയാക്കും. അതിനാല്‍ ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്.
*ശുഭദിനം*
കവിത കണ്ണന്
1993 - ത്രിപുരയിലെ അഗര്‍ത്തലയിലാണ് ദീപ കര്മാര്കര് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ നല്ല മെയ്വഴക്കം ഉള്ള കുട്ടിയായിരുന്നു ദീപ. അതുകൊണ്ട് തന്നെ അച്ഛന് അവളെ ജിംനാസ്റ്റിക്സ് പരിശീലനത്തിന് അയച്ചു. അങ്ങനെ ദീപ ബിശ്വേശ്വര് നന്ദിയ്ക്കടുത്തെത്തി. പക്ഷേ, വിധി ദീപയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. 'ഈ കുട്ടിക്ക് ജിംനാസ്റ്റിക്സ് പരിശീലനം നല്‍കുന്നത് വെറുതെയാണ്. ഇവളുടെ കാല്പാദങ്ങള്ക്ക് പ്രശ്നമുണ്ട്' സ്പോര്‍ട്സ് വിങ്ങിലെ ഡോക്ടര്‍ വിധിയെഴുതി. ജിംനാസ്റ്റിക്സ് ചെയ്യുന്നതിനാവശ്യമായ വളവ് ദീപയുടെ കാല്പാദങ്ങള്ക്ക് ഇല്ലായിരുന്നു. ഫ്ളാറ്റ് ഫൂട്ട് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. സാധാരണ ജീവിതം നയിക്കുന്ന ആള്‍ക്ക് ഇതൊരു പ്രശ്നല്ല. പക്ഷേ, ശരീരത്തിന്റെ ബാലന്‍സ് നന്നായി ആവശ്യമുള്ള ജിംനാസ്റ്റിക്സ് പോലെയുള്ള കായിക ഇനങ്ങള്‍ക്ക് ഫ്ളാറ്റ് ഫൂട്ട് വലിയൊരു പ്രശ്നമായി മാറുന്നു. പക്ഷേ, കോച്ച് ബിശ്വേശ്വര് നന്ദി ദീപയെ നിരുത്സാഹപ്പെടുത്തിയില്ല. പാദങ്ങളുടെ കുഴപ്പം പരിഹരിക്കാനുള്ള പ്രത്യേക പരിശീലനം കൂടി അദ്ദേഹം അവള്‍ക്ക് നല്കി. അന്ന് പരിശീലനത്തിന് മികച്ച ഉപകരണങ്ങളില്ല, പരിക്കുപറ്റാതിരിക്കാന് നിലത്ത് വിരിക്കുന്ന മാറ്റുകള്‍ പോലും ഉണ്ടായിരുന്നില്ല! മാത്രവുമല്ല, ഇടയ്ക്കിടെ വരുന്ന വെള്ളപ്പൊക്കം പരിശീലനത്തെ സാരമായി ബാധിച്ചിരുന്നു. വെള്ളം ഇറങ്ങിയാല്‍ പിന്നെ പരിശീലനം 'ഒന്നുമുതല്‍' തുടങ്ങേണ്ട അവസ്ഥയായിരുന്നു. ഇതിനും പുറമെയായിരുന്നു സാമ്പത്തിക പ്രതിസന്ധി. ജിംനാസ്റ്റിക്സിന് ആവശ്യമായ ഉപകരണങ്ങള്‍ക്ക് വലിയൊരു തുക തന്നെ വേണമായിരുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഇതൊന്നും തന്നെ ആവശ്യസമയത്ത് അവര്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷേ, ഇതൊന്നും ദീപയ്ക്ക് മുന്നില്‍ ഒരു തടസ്സായിരുന്നില്ല. ദിവസം 8 മണിക്കൂര്‍ വരെ അവള് പ്രാക്ടീസ് ചെയ്തു. 2014 - കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക്സ് താരമായി ദീപ. 2016 ലെ റിയോ ഒളിംപിക്സില്‍ ഫൈനലില്‍ വരെ എത്തിയെങ്കിലും നേരിയ വ്യത്യാസത്തില്‍ ദീപയ്ക്ക് മെഡല്‍ നഷ്ടപ്പെട്ടു. എങ്കിലും ഒളിംപിക്സിലെ ജിംനാസ്റ്റിക്സ് മത്സരഫൈനലില് എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡ് ദീപ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു പത്മശീ ബഹുമതി നല്കി രാജ്യം അവരെ ആദരിച്ചു. 'ഗോള്‍ഡന്‍ ഗേള്‍ ഓഫ് ത്രിപുര'. കായികലോകം ദീപ കര്‍മാകറിന് കൊടുത്ത വിശേഷണമാണിത്... പരിശീലനം ഉപേക്ഷിക്കാന്‍ അവര്‍ക്ക് കാരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അവയൊന്നും വകവെക്കാതെ അവള് ചെയ്ത കഠിനാധ്വാനമാണ് വിജയകൊടുമുടിയില്‍ അവളെ എത്തിച്ചത്.. അതെ വിജയം അവര്‍ക്കുള്ളതാണ്, വിധിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കഠിനാധ്വാനം ഒരു വ്രതമാക്കി മാറ്റിയവര്‍ക്ക് - ശുഭദിനം
➖➖➖➖➖➖➖➖
Post a comment