02 ഏപ്രിൽ 2021

ഇ.ശ്രീധരന്‍ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വം; വിജയാശംസകളുമായി മോഹൻലാൽ
(VISION NEWS 02 ഏപ്രിൽ 2021)പാലക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരന് വിജയാശംസകളുമായി നടൻ മോഹൻലാൽ. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് ശ്രീധരനെന്നും വികസനത്തിന്‍റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്‍റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

"കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പൻ പാലം 46 ദിവസങ്ങള്‍കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവെ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിയ ദീക്ഷണ ശാലി. ഡൽഹിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്ര ശില്‍പി. വികസനത്തിന്‍റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്‍റെ സേവനം ഇനിയും ആവശ്യമുണ്ട്, ശ്രീധരൻ സാറിന് വിജയാശംസകൾ" മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആശംസകളുമായി ഇതിനു മുമ്പും മോഹന്‍ലാല്‍ രംഗത്തുവന്നിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു താരം കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only