05 April 2021

പ്രഭാത വാർത്തകൾ
(VISION NEWS 05 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳ഒന്നരമാസത്തോളം നീണ്ട സംഭവബഹുലമായ പ്രചാരണത്തിനൊടുവില്‍ കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

🔳അട്ടിമറി വിജയം നേടാനും ചരിത്രം കുറിക്കാനും കച്ചകെട്ടിയിറങ്ങി മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പിലായില്ല. സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നാടിളക്കിയുള്ള റോഡ് ഷോയും കൊട്ടിക്കലാശവും നടത്തിയാണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസത്തെ ആഘോഷിച്ചത്. വയനാട് ജില്ലയില്‍ പ്രചാരണം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു. മറ്റ് ജില്ലകളില്‍ ഏഴുമണിയോടെയും പരസ്യ പ്രചാരണത്തിന് അവസാനമായി. 

➖➖➖➖➖➖➖➖

🔳ബി.ജെ.പി.യുടെ വര്‍ഗീയ ആശയങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ഇന്ത്യ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേതാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇഷ്ടക്കാരായ കോടീശ്വരന്മാര്‍ക്ക് തീറെഴുതി. ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തു. ദേശീയതലത്തില്‍ ബി.ജെ.പി തുടരുന്ന വര്‍ഗീയ ശൈലിയുടെ മറ്റൊരു മാതൃകയാണ് എല്‍.ഡി.എഫ് സംസ്ഥാനത്ത് തുടരുന്നതെന്നും തിവാരി ആരോപിച്ചു.

🔳അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഭരണത്തില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും മുഖ്യമന്ത്രി റോഡ് ഷോയില്‍ പറഞ്ഞു.

🔳ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമാണ്. അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

🔳കേരളത്തിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ശ്രദ്ധയില്‍പ്പെട്ടെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ജനത അനുഭവിച്ചറിഞ്ഞത് നുണകള്‍ കൊണ്ട് മറയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


🔳അദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. രാജസ്ഥാനില്‍ സോളാര്‍ വൈദ്യുതിക്ക് യൂണിറ്റിന് 4.29 രൂപയും കാറ്റാടി വൈദ്യുതിക്ക് യൂണിറ്റിന് 5.02 രൂപയുമാണ് ഈടാക്കുന്നതെന്ന് മന്ത്രി എം.എം മണി. കേരളം യൂണിറ്റിന് 2.83 രൂപക്കും കാറ്റാടി വൈദ്യുതി വാങ്ങിയെന്ന് പറഞ്ഞ് കയറുപൊട്ടിക്കും മുന്‍പ് ഹൈക്കമാന്റിനോട് പറഞ്ഞ് രാജസ്ഥാനില്‍ കാര്യങ്ങള്‍ നേരെയാക്കു എന്നും എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

🔳വോട്ടര്‍പട്ടികയില്‍ നിന്ന് തന്നേയും സഹോദരിയേയും വ്യാജപരാതി നല്‍കി ചില തത്പരകക്ഷികള്‍ നീക്കം ചെയ്യിച്ചുവെന്ന് നടി സുരഭി ലക്ഷ്മി. അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താത്ക്കാലികമായി താമസം മാറിയപ്പോള്‍, താന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, തന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്ന്, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സുരഭി ലക്ഷ്മി.  

🔳കേരളത്തില്‍ ഇന്നലെ 45,171 സാമ്പിളുകള്‍ പരിശോധിച്ചതില്‍  2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4668 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 208 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210,
കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 359 ഹോട്ട് സ്‌പോട്ടുകള്‍.

🔳കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്.

🔳ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത് മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സുരക്ഷാ സൈനികര്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിന് ഇറങ്ങിയ സുരക്ഷാ സൈനികരെ കാത്ത് ആയുധ ധാരികളായ മാവോവാദികളുടെ വന്‍ സംഘം നിലയുറപ്പിച്ചിരുന്നു. രഹസ്യ വിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍പ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

🔳ചത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ വീരമൃത്യു വരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങി. അസമിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്.

🔳ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു. തീയില്‍ പെട്ട് നാല് പേര്‍ ഇതുവരെ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടര്‍ന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്.

🔳ഇന്ത്യയില്‍ ഇന്നലെ റെക്കോര്‍ഡ് രോഗവ്യാപനം. പ്രതിദിനരോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ ഇന്ത്യയില്‍ കോവിഡ്  സ്ഥിരീകരിച്ചത് 1,03,794 പേര്‍ക്ക്.  മരണം 477. ഇതോടെ ആകെ മരണം 1,65,132 ആയി. ഇതുവരെ 1,25,87,921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 7.37 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയിലും ഇന്നലെ റെക്കോര്‍ഡ് രോഗവ്യാപനം. മഹാരാഷ്ട്രയില്‍ ഇന്നലെ 57,074 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 5,250 പേര്‍ക്കും കര്‍ണാടകയില്‍ 4,553 പേര്‍ക്കും പഞ്ചാബില്‍ 3,006 പേര്‍ക്കും ഹരിയാനയില്‍ 1,904 പേര്‍ക്കും മധ്യപ്രദേശില്‍ 3,178 പേര്‍ക്കും ഗുജറാത്തില്‍ 2,875 പേര്‍ക്കും  ഉത്തര്‍പ്രദേശില്‍ 4,136 പേര്‍ക്കും ഡല്‍ഹിയില്‍ 4,033 പേര്‍ക്കും തമിഴ്നാട്ടില്‍ 3,581 പേര്‍ക്കും  ആന്ധ്രപ്രദേശില്‍ 1,730 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ ഏഴു വരെയാണ് രാത്രികാല കര്‍ഫ്യൂ.  

🔳ആഗോളതലത്തില്‍ ഇന്നലെ 5,18,121 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 36,018 പേര്‍ക്കും ബ്രസീലില്‍ 31,359 പേര്‍ക്കും  തുര്‍ക്കിയില്‍ 41,998 പേര്‍ക്കും ഫ്രാന്‍സില്‍ 60,922 പേര്‍ക്കും പോളണ്ടില്‍ 22,947 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.18 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.28 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,327 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 257 പേരും  ബ്രസീലില്‍ 1,136 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.65 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കോവിഡ് രോഗവ്യാപനം ഐ.പി.എല്ലിലും.  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ദേവ്ദത്ത് പടിക്കലിന് കോവിഡ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത താരം നിതീഷ് റാണ എന്നിവര്‍ക്കു ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഐ.പി.എല്‍ താരമാണ് ദേവ്ദത്ത്.

🔳ഫ്രഞ്ച് ക്ലബ്ബ് ലില്ലെ താരം തിയാഗോ ഡാലോയുമായി ടണലില്‍ വെച്ച് ഏറ്റുമുട്ടി പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍. ശനിയാഴ്ച പി.എസ്.ജി 1-0ന് തോറ്റ
മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 90-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായി. ഡാലോയെ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതിനു പിന്നാലെ റഫറിയോട് ദേഷ്യപ്പെട്ടതിന് ഡാലോയ്ക്കും ചുവപ്പുകാര്‍ഡ് ലഭിച്ചു.

🔳ആര്‍ക്കെങ്കിലും ധോനിയെ പോലെയാകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും എനിക്ക് ഞാനായിരിക്കുന്നതാണ് ഇഷ്ടമെന്നും ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

🔳സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തില്‍ വാഹന വിപണിയില്‍ വന്‍ ഉണര്‍വ്വെന്ന് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പനയിലും ഉണര്‍വ്വുണ്ടായിട്ടുണ്ട്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പന ഇപ്പോഴും കിതപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലഘട്ടത്തിലെ വില്‍പനയെ വച്ച് നോക്കുമ്പോള്‍ 125 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പാസഞ്ചര്‍ വാഹന നിര്‍മാണത്തില്‍ ഒന്നാം സ്ഥാനക്കാര്‍ മാരുതി സുസുകിയാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 92 ശതമാനം വളര്‍ച്ചയാണ് ഇവര്‍ നേടിയത്.

🔳രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021 മാര്‍ച്ചില്‍ മൊത്തം വില്‍പ്പനയില്‍ 72.4 ശതമാനം വളര്‍ച്ച നേടി 576,957 യൂണിറ്റായി. മൊത്തം വില്‍പനയുടെ 334,647 യൂണിറ്റ് കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടത്തിയിരിക്കുന്നത്. ബിഎസ്-6 ലേക്ക് മാറാനുള്ള മാനദണ്ഡം കാരണം 2020 മാര്‍ച്ചില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ മാസത്തില്‍ കമ്പനി ആഗോള ബിസിനസില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന, 32,617 യൂണിറ്റായി രേഖപ്പെടുത്തി.

🔳ഈസ്റ്റര്‍ ദിനത്തില്‍ 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കേരള പൊലീസിന് നേരെ മുര്‍ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രതിഷേധക്കാരും, ജീപ്പില്‍ നിന്നും ഇറങ്ങി വരുന്ന ദുല്‍ഖറുമാണ് ടീസറിലുള്ളത്. പൊലീസ് യൂണിഫോമില്‍ മാസ് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ആദ്യമായി മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ബോബി-സഞ്ജയ് കൂട്ടുകെട്ട് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ചാര്‍ലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ചെറുതും വലുതുമായ നിരവധി രസകരമായ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച 'കള്ളന്‍ ഡിസൂസ'. ഈ കഥാപാത്രത്തെ പശ്ചാത്തലമാക്കി ഒരു സ്പിന്‍ ഓഫ് ചിത്രം വരുന്നു. 'കള്ളന്‍ ഡിസൂസ' എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീര്‍ ബാബയാണ്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳ഗിരീഷ് പുത്തഞ്ചേരി ജീവിതവും പാട്ടോര്‍മ്മകളും. ഹൃദയത്തില്‍ സൂക്ഷിച്ചുവെയ്ക്കാവുന്ന ഒരുപിടി ഓര്‍മകള്‍. 'കൈകുടന്ന നിറയെ'. ലിജ സൂര്യ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 285 രൂപ.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എച്ച്ആര്‍-വി ഹൈബ്രിഡ് അവതരിപ്പിച്ചു. പുതുതലമുറ എച്ച്ആര്‍-വി  ഇ :എച്ച്ഇവി ഹൈബ്രിഡ് പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. ജാസ്, സിആര്‍-വി എന്നിവയ്ക്ക് ശേഷം ഈ പവര്‍ട്രെയിന്‍ നേടുന്ന കാര്‍ നിര്‍മ്മാതാക്കളുടെ നിരയിലെ മൂന്നാമത്തെ മോഡലാണ് ഇത്.

🔳ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചര്‍മ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും. വിറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഈ സിട്രസ് പഴങ്ങള്‍ ചര്‍മ്മത്തിന്റെ ടോണ്‍ മികച്ചതാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പ്രായമാകുന്നതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ തക്കാളിക്ക് കഴിയും.  ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവക്കാഡോയ്ക്ക് കഴിയും. വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍ ഒരു സന്യാസി എത്തി.  അദ്ദേഹത്തിന് ആ ആശ്രമാന്തരീക്ഷം നന്നേ ഇഷ്ടപ്പെട്ടു.  ശിഷ്ടകാലം തനിക്ക് ഇവിടെ ചിലവഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം ഗാന്ധിജിയെ അറിയിച്ചു.  ഗാന്ധിജി പറഞ്ഞു:  അങ്ങ് ഇവിടെ താമസിക്കുന്നു എന്നത് ഞങ്ങളുടെ ഭാഗ്യമാണ്.  പക്ഷേ, ഈ വേഷം ഉപേക്ഷിക്കണം.  അപ്പോള്‍ സന്യാസി ചോദിച്ചു:  ഞാനൊരു താപസനല്ലേ.. പിന്നെന്തിന് ഈ വേഷം ഉപേക്ഷിക്കണം?  ഗാന്ധിജി പറഞ്ഞു:  ഞാന്‍ അങ്ങയോട് വേഷം മാത്രമേ ഉപേക്ഷിക്കാന്‍ പറഞ്ഞുള്ളൂ.  സന്യാസം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഈ വേഷത്തില്‍ അങ്ങ് ഇവിടെ നടന്നാല്‍ ഇവിടെയുള്ളവര്‍ ഒരു ജോലിയും ചെയ്യുവാന്‍ അങ്ങയെ അനുവദിക്കില്ല.  മാത്രവുമല്ല, അങ്ങയോടുള്ള ബഹുമാനം മൂലം ആശ്രമവാസികള്‍, അങ്ങയെ ശുശ്രൂഷിക്കുവാന്‍ തിരക്കുകൂട്ടുകയും ചെയ്യും.  ഞങ്ങളെല്ലാം പരസ്പരം ശുശ്രൂഷിച്ചു കഴിയുന്നവരാണ്.  ഗാന്ധിജിയുടെ വാക്കുകള്‍ സന്ന്യാസി നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. പലപ്പോഴും വേഷം പറയും മനോഭാവത്തിന്റെയും കര്‍മ്മത്തിന്റേയും വിശേഷങ്ങള്‍.  ഒരാളുടെ ഉടയാടകള്‍ അയാളുടെ അവസ്ഥയുടേയും പ്രവര്‍ത്തനരീതികളുടേയും പ്രത്യക്ഷ ഉദാഹരണങ്ങളാണ്.  നേതാവിന്റെ ബാഹ്യരൂപമല്ല, അനുയായിയുടേത്.  സത്യത്തില്‍ വേഷത്തിന് യോജിച്ച പ്രവര്‍ത്തികളല്ല, പ്രവൃത്തികള്‍ക്ക് യോജിച്ച വേഷമാണ് ആളുകളെ സ്വീകാര്യരാക്കുന്നത്.  താരതമ്യപ്പെടുത്താനും തന്മയീഭവിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ സേവനമാണ് ദൗത്യമെന്ന് വിളിച്ചുപറയാതിരിക്കലാണ് നല്ലത്.  അധികാരത്തിലുള്ളവരെ ആദരിച്ചാല്‍മതി, അലങ്കരിക്കേണ്ട ആവശ്യമില്ല.  പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതിനേക്കാള്‍ വലിയ കടപ്പാട് ആര്‍ക്കും ആരോടുമില്ലെന്ന് നമുക്ക് തിരിച്ചറിയാനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only