17 ഏപ്രിൽ 2021

ഹെല്‍മറ്റ് ധരിച്ചില്ല, അപകട മരണത്തിന്‌ ഇന്‍ഷുറന്‍സ് തുക കുറച്ചത് ഹൈക്കോടതി റദ്ദാക്കി
(VISION NEWS 17 ഏപ്രിൽ 2021)വാഹനാപകടത്തില്‍ മരിച്ചയാള്‍ ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്തു എന്നതിന്റെ പേരില്‍ നഷ്ടപരിഹാരമായി അനുവദിച്ച തുകയില്‍ നിന്ന് 20 ശതമാനം കുറച്ചത് ഹൈക്കോടതി റദ്ദാക്കി. തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മറ്റത്തൂര്‍ സ്വദേശി മുഹമ്മദ്കുട്ടി വൈദ്യക്കാരന്റെ ആശ്രിതര്‍ നല്‍കിയ ഹര്‍ജിയിലാണിത്.

നഷ്ടപരിഹാരം നിശ്ചയിച്ചതില്‍ അപാകം ഉണ്ടെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ച് തുക കോടതി പുനര്‍നിശ്ചയിച്ചു. മകന്‍ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോള്‍ എതിരേവന്ന ജീപ്പിടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ്കുട്ടി മരിച്ചത്. നഷ്ടപരിഹാരമായി അനുവദിച്ച 33,03,700 രൂപയില്‍നിന്ന് ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരില്‍ 20 ശതമാനം കുറച്ച് 26,42,960 രൂപ നല്‍കാനായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്.

ഹെല്‍മെറ്റ് വെച്ചില്ലെന്നതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 129 ലംഘിച്ചുവെന്ന് കണ്ടെത്തി ട്രിബ്യൂണലിന് നഷ്ടപരിഹാരം കുറയ്ക്കാനാകില്ല. ഇക്കാര്യത്തില്‍ മറ്റ് തെളിവുകളും വേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ട്രിബ്യൂണല്‍ ഉത്തരവ് കോടതി റദ്ദാക്കിയത്. എന്നാല്‍ ഇത് ഹെല്‍മെറ്റ് വെക്കാതെ യാത്രചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി വ്യക്തമാക്കി. ഇരുചക്രവാഹനയാത്രക്കാര്‍ ഹെല്‍മെറ്റ് വെക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് അധികാരികളോട് നിര്‍ദേശിക്കുകയും ചെയ്തു.

സ്വകാര്യ കോളേജില്‍ സീനിയര്‍ ഗ്രേഡ് ലക്ചററായിരുന്ന മുഹമ്മദ്കുട്ടിക്ക് 37,308 രൂപയായിരുന്നു മാസശമ്പളം. ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 11 വര്‍ഷത്തെ വരുമാനം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുകയായിരുന്നു. ഇതിനെയാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ചോദ്യംചെയ്തത്. മരിക്കുമ്പോള്‍ 52 വയസ്സുള്ള മുഹമ്മദ്കുട്ടി മൂന്നുവര്‍ഷം കഴിയുമ്പോള്‍ സര്‍വീസില്‍നിന്ന് വിരമിക്കും. ഇതിന് അനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. ഈ വാദം കണക്കിലെടുത്ത് നഷ്ടപരിഹാരം കോടതി പുനര്‍നിര്‍ണയിച്ചു. ഇതനുസരിച്ച് മുഹമ്മദ്കുട്ടിയുടെ ആശ്രിതര്‍ക്ക് 25,66,093 രൂപ 7.5 ശതമാനം പലിശ സഹിതം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only