02 ഏപ്രിൽ 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 ഏപ്രിൽ 2021)

🔳അവധികള്‍ മാറ്റിവെച്ച് ഏപ്രിലില്‍ മുഴുവന്‍ ദിവസവും കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഞായറാഴ്ചകളോ ഗസറ്റിലെ പൊതുഅവധികളോ നോക്കാതെ എല്ലാദിവസവും വാക്സിന്‍ നല്‍കണം. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും ഈ മാസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വാക്സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

🔳കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ വഴിതുറക്കുന്നത് ദീര്‍ഘനാള്‍ നീളുന്ന നിയമയുദ്ധത്തിലേക്ക്. അതിലൂടെ കോടിക്കണക്കിന് രൂപ പൊതുഖജനാവിന് നഷ്ടമാകും. രാഷ്ട്രീയ ഏറ്റുമുട്ടലിനായി അന്വേഷണ ഏജന്‍സിയേയും നിയമസംവിധാനത്തെയും ഉപയോഗിക്കുമ്പോള്‍ ഇവയില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസംത്തന്നെ നഷ്ടമാകുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു.

➖➖➖➖➖➖➖➖

🔳2018-ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ വിദഗ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018-ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ടുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഈ റിപ്പോര്‍ട്ട് രാഷ്ട്രീയായുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

🔳തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡേറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നതെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്നും ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

🔳ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സരേന്ദ്രന്‍. ഒന്നുകില്‍ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കില്‍ ആര് ഭരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടുമായി ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.ഒ.ടി.നസീര്‍. പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായ സാഹചര്യത്തില്‍ സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും നസീര്‍ പറഞ്ഞു.

🔳നേരാംവണ്ണം ബസ് ഓടിക്കാത്ത കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതു വഴി അപകട മരണങ്ങള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മാര്‍ക്കാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

🔳കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്താണ് സംഭവം.

🔳2001-ല്‍ സി.കെ. പദ്മനാഭന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ കണ്ടതായി ഓര്‍മയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സി.പി.എം-ബി.ജെ.പി ധാരണ പുറത്തായതിലെ അസൗകര്യം മറയ്ക്കാനാണ് രണ്ടാം കോ-ലീ-ബി ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 54,347 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4632 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതില്‍ ആശങ്ക. രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്. നിലവില്‍ പ്രതിദിനം 2000 മുതല്‍ 2800 വരെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 1500-നും രണ്ടായിരത്തിനും ഇടയിലായിരുന്നു. പ്രതിദിനം നാലായിരംമുതല്‍ അയ്യായിരം കേസുകളുണ്ടായാല്‍ അതിനെ രണ്ടാംതരംഗത്തിന്റെ സൂചനയായി കണക്കാക്കാമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഝാന്‍സിയില്‍ ട്രെയിനില്‍ മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്‍  ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് കുര്യന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

🔳ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി  പൊലീസ് അറിയിച്ചു. ട്രെയിനില്‍വെച്ചാണ് മലയാളികളുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അതിക്രമത്തിനിരയായത്.

🔳തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ. രാജക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കിയ കമ്മീഷന്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതുമാണെന്ന് വിലയിരുത്തി.

🔳നടിയും രാഷ്ട്രീയ നേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ച് ഭര്‍ത്താവും നടനുമായ അനുപം ഖേര്‍. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കിരണിപ്പോള്‍.

🔳ത്രിപുരയില്‍ ഹോളി ആഘോഷത്തിനിടെ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. ഖൊവായ് ജില്ലയില്‍ 14,15 വയസുള്ള പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

🔳റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിന് വിറ്റു. ബാങ്കാകട്ടെ കെട്ടിടം കോര്‍പ്പറേറ്റ് ഹെഡ്ക്വാട്ടേഴ്‌സാക്കുകയും ചെയ്തു. യെസ് ബാങ്കിലുള്ള കടംതിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് സാന്താക്രൂസിലുള്ള ആസ്ഥാനമന്ദിരം വിറ്റത്. ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു. ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിറ്റത്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 81,398 പേര്‍ക്ക്.  മരണം 468. ഇതോടെ ആകെ മരണം 1,63,428 ആയി. ഇതുവരെ 1,23,02,110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.10 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  43,183 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 4,617 പേര്‍ക്കും കര്‍ണാടകയില്‍ 4,234 പേര്‍ക്കും പഞ്ചാബില്‍ 3161 പേര്‍ക്കും ഹരിയാനയില്‍ 1,609 പേര്‍ക്കും മധ്യപ്രദേശില്‍ 2546 പേര്‍ക്കും ഗുജറാത്തില്‍ 2,410 പേര്‍ക്കും  ഉത്തര്‍പ്രദേശില്‍ 2,589 പേര്‍ക്കും ഡല്‍ഹിയില്‍ 2,790 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,817 പേര്‍ക്കും  ആന്ധ്രപ്രദേശില്‍ 1,271 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳മുംബൈ നഗരത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. വ്യാഴാഴ്ച 8646 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

🔳ആഗോളതലത്തില്‍ ഇന്നലെ 6,60,785 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 72,757 പേര്‍ക്കും ബ്രസീലില്‍ 86,586 പേര്‍ക്കും  തുര്‍ക്കിയില്‍ 40806 പേര്‍ക്കും ഫ്രാന്‍സില്‍ 50,659 പേര്‍ക്കും പോളണ്ടില്‍ 35,251 പേര്‍ക്കും ഇറ്റലിയില്‍ 23,649 പേര്‍ക്കും ജര്‍മനിയില്‍ 23,802 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.01 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.24 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,926 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 908 പേരും  ബ്രസീലില്‍ 3,398 പേരും മെക്സിക്കോയില്‍ 577 പേരും പോളണ്ടില്‍ 621 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.38 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഗോതമ്പ്, പഞ്ചസാര, പരുത്തി എന്നിവ ഇന്ത്യയില്‍നിന്ന് പരിമിതമായ അളവില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി പാകിസ്താന്‍. പാക് സര്‍ക്കാരിന്റെ എക്കണോമിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുനഃരാരംഭിക്കാന്‍ ബുധനാഴ്ച ശുപാര്‍ശ നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ മലക്കം മറിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

🔳സൂയസ് കനാലില്‍ ഭീമന്‍ ചരക്കുക്കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗതം ഒരാഴ്ചയോളം സ്തംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7300 കോടി) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാന്‍സിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു.

🔳2023-ലെ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസീലന്‍ഡിലെയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കും. വ്യാഴാഴ്ച സംഘാടകര്‍ അറിയിച്ചതാണ് ഇക്കാര്യം. ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് ആദ്യ മത്സരത്തിന് വേദിയാകുക. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ ന്യൂസീലന്‍ഡിലെയും ഓസ്‌ട്രേലിയയിലെയും ഓരോ വേദികളിലായി നടക്കും.

🔳മ്യാന്‍മറിലെ സംഘര്‍ഷം ഇന്ത്യയിലെ ഉഴുന്നുപരിപ്പ് വിപണിയെ പിടിച്ചുലച്ചു. ഉഴുന്നുപരിപ്പിന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന മ്യാന്‍മറിനെയാണ്. ഇവിടെ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിലച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുനീക്കത്തിലുണ്ടായ താമസവും മറ്റും മൂലം ഉഴുന്നിന്റെ വില ഏതാനും മാസം മുമ്പുതന്നെ കിലോ ഗ്രാമിനു 100 രൂപയ്ക്കു മുകളിലെത്തി. മധ്യ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉല്‍പാദക സംസ്ഥാനങ്ങളിലെ വിളവെടുപ്പു മോശമായതോടെ വില പിന്നെയും വര്‍ധിച്ചുവരികയായിരുന്നു. മ്യാന്‍മര്‍ സംഘര്‍ഷം മൂലം വില ഇനിയും ഉയരുമെന്നാണ് സൂചന.

🔳കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് ഒരുക്കിയ 'മോഹന്‍കുമാര്‍ ഫാന്‍സ്' ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍. ''അഭിലാഷേ ഒരു 30 സെക്കന്റ് തരൂ'' എന്ന സംഭാഷണം അടങ്ങിയ ചാനല്‍ ചര്‍ച്ച സിനിമയിലെ ഒരു രംഗത്തില്‍ കടന്നുവരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തോട് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും അടക്കമുള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ പ്രതികരിക്കുന്നുമുണ്ട്. ഈ രംഗമടക്കം പങ്കുവച്ചുകൊണ്ടാണ് സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

🔳മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് ആയി ആര്‍. മാധവന്‍ ഒരുക്കുന്ന 'റോക്കട്രി: ദ നമ്പി ഇഫക്ട്' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ആര്‍. മാധവന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് റോക്കട്രി.  ചിത്രത്തില്‍ സിമ്രാനും രവി രാഘവേന്ദ്രയും പ്രധാന വേഷത്തിലെത്തുന്നു. സൂര്യ, ഷാരൂഖ് ഖാന്‍ എന്നിവര്‍ അതിഥി താരമായി വേഷമിടുന്നു. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

🔳ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെ സോളാര്‍ കരുത്തിലോടുന്ന വാഹനങ്ങളും പുറത്തിറക്കാനൊരുങ്ങുകയാണ് യു.എസ്.എ. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംപിള്‍ മോട്ടോഴ്‌സാണ് സോളാര്‍ എസ്.യു.വി. നിര്‍മിക്കുന്നത്.  ഹംപിള്‍ വണ്‍ എന്ന പേരിലാണ് ലോകത്തിലെ തന്നെ ആദ്യ സോളാര്‍ എസ്.യു.വി. ഒരുങ്ങുന്നത്. നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനമാണിത്.  എസ്.യു.വി. മോഡലാണെങ്കില്‍ പോലും പ്രീമിയം സെഡാന്‍ വാഹനത്തെക്കാള്‍ നീളം ഈ വാഹനത്തിനുണ്ടെന്നാണ് വിവരം.

🔳അനുഭവങ്ങളുടെ തീച്ചൂളകള്‍ ജീവിതത്തിന്റെ അടഞ്ഞ വാതിലുകളെ ഒന്നൊന്നായി തുറന്നിടുന്നു. മുറിവുകള്‍ മായാതെ സൂക്ഷിക്കാനുള്ള ഓര്‍മകളുടെ പുസ്തകം. 'മുറിവുകള്‍ പൂക്കുന്ന ഓര്‍മ്മകള്‍'. മോഹന്‍ കര്‍ത്ത. നിയതം ബുക്സ്. വില 180 രൂപ.

🔳ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ ഏഴാം ചരമവാര്‍ഷിക അനുസ്മരണം ഗുരുവായൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2ന് വെള്ളിയാഴ്ച 4.30 ന് നഗരസഭ ലൈബ്രറി അങ്കണത്തില്‍ നടക്കും. ചടങ്ങില്‍ 'പുതൂരിന്റെ പ്രിയകഥകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.  

🔳രാവിലെ എട്ടരയ്ക്കു മുന്‍പ് സ്ഥിരമായി പ്രഭാത ഭക്ഷണം കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് പഠനം. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. 10,575 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍, എട്ടരയ്ക്കു മുന്‍പ് പ്രഭാത ഭക്ഷണം കഴിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറവാണെന്ന് കണ്ടെത്തി. ഇന്‍സുലിന്‍ പ്രതിരോധവും ഇവരില്‍ കുറവാണ്. രാവിലെ കടുപ്പത്തിലൊരു കാപ്പി കുടിച്ച് ദിവസം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഈ കാപ്പിയും പ്രഭാതഭക്ഷണത്തിനു ശേഷമാക്കിയാല്‍ ഫലപ്രദമായി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനാകുമെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു. യുകെയിലെ ബാത് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യുട്രീഷന്‍, എക്‌സര്‍സൈസ് ആന്‍ഡ് മെറ്റബോളിസം നടത്തിയ പഠനം പ്രഭാതഭക്ഷണത്തിന് മുന്‍പ് കാപ്പി കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തില്‍ വിപരീത ഫലമുളവാക്കുമെന്നു പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പ്രഭാതഭക്ഷണം പിന്തുടരണമെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല നടത്തിയ പഠനവും ശുപാര്‍ശ ചെയ്യുന്നു. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പാല്‍ക്കട്ടി നിര്‍മാണത്തിന്റെ ഉപോത്പന്നമായ വേ പ്രോട്ടീനും ഗ്ലൂക്കോസ് അമിതമായി ഉയരാതെ പ്രഭാതഭക്ഷണത്തില്‍ സംതൃപ്തി നല്‍കുമെന്ന് ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇത് വിശപ്പ് അടക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ക്ലാസ്സില്‍ കണക്കായിരുന്നു വിഷയം.  അധ്യാപകന്‍ കുട്ടികളോട് ഗുണനപ്പട്ടിക ചൊല്ലാന്‍ ആവശ്യപ്പെട്ടു.  അധ്യാപകന്‍ കൈചൂണ്ടിയ ആ വിദ്യാര്‍ത്ഥി 1 മുതല്‍ 11 വരെയുള്ള ഗുണനപ്പട്ടിക ചൊല്ലി.  പക്ഷേ, 12 ന്റെ ഗുണനപ്പട്ടിക അവന് തെറ്റി.  ഇത് കേട്ട് മറ്റു കുട്ടികളെല്ലാം അവനെ കളിയാക്കി.  അധ്യാപകന്‍ ചോദിച്ചു: മറ്റു പട്ടികകളെല്ലാം അവന്‍ ശരിയായി പറഞ്ഞപ്പോള്‍ നിങ്ങള്‍ കയ്യടിച്ചുവോ?  പിന്നെന്തിനാണ് ഒരെണ്ണം തെറ്റിയപ്പോള്‍ നിങ്ങള്‍ ഇവനെ പരിഹസിക്കുന്നത്?  നല്ലത് കാണുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാണിക്കാത്തവര്‍ക്ക് തെറ്റുമ്പോള്‍ പരിഹസിക്കാനും അവകാശമില്ല.  പലപ്പോഴും തെറ്റിപ്പോകുന്നതിലല്ല, തിരുത്താനാകാത്തവിധം അവഹേളിക്കപ്പെടുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ഒരിടത്തും തെറ്റാതെ ഒരു നാണക്കേടും അനുഭവിക്കാതെ കുറ്റമറ്റ കാര്യങ്ങള്‍ ചെയ്യാന്‍ കാത്തിരുന്നവരെല്ലാം ഒരു കാര്യവും ചെയ്യാതെ വളര്‍ച്ച മുരടിച്ച് അവസാനിച്ചിട്ടേയുള്ളൂ.   ഒരിക്കല്‍ തെറ്റിയവര്‍ വീണ്ടും അതേ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.  ആദ്യ അധിഷേപത്തിനു മുന്നില്‍ പിന്‍വാങ്ങിയാല്‍ പിന്നൊരിക്കലും അപമാനിക്കപ്പെടില്ലെങ്കിലും പക്ഷേ പിന്നീടൊരു വളര്‍ച്ചയുണ്ടാകാനും സാധ്യതയില്ല.  എല്ലാ വിമര്‍ശകരുടേയും ഉദ്ദേശം നമ്മെ വിശുദ്ധരാക്കുക എന്നതല്ല, അവര്‍ ധൈര്യപ്പെടാത്ത ഒരു കാര്യത്തിന് മറ്റൊരാള്‍ ചുവട് വെയ്ക്കുന്നത് കാണുമ്പോള്‍ ഉള്ള ഭീതിയും അസൂയയുമാണ് പലപ്പോഴും ആക്ഷേപങ്ങള്‍ക്ക് കാരണമാകുന്നത്. നന്നാകുമ്പോള്‍ അഭിനന്ദിക്കുന്നവര്‍ക്ക് മാത്രമേ നന്നാകാന്‍ വേണ്ടി ഗുണദോഷിക്കാനും അവകാശമുള്ളൂ.  നിരൂപണങ്ങളും നിര്‍ദ്ദേശങ്ങളും തെറ്റല്ല.  പക്ഷേ, അവയില്‍ നന്നാകാനും പിടിച്ചുകയറാനുമുള്ള ചവിട്ടുപടികള്‍ ഉണ്ടായിരിക്കണം.  നല്ലത് ചെയ്യാന്‍ ആരേയും പേടിക്കേണ്ടകാര്യമില്ല, തെറ്റിയേക്കാം, തളരാതെ മുന്നോട്ട് പോവുക... ഒരിക്കല്‍ വിജയം തേടിയെത്തുക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only