29 ഏപ്രിൽ 2021

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങളേറെ.
(VISION NEWS 29 ഏപ്രിൽ 2021)
നമ്മുടെ അടുക്കളകളിലെ രുചിയുടെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് ഉലുവ. നല്ലൊരു ഔഷധം കൂടിയായ ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.  

രാത്രി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ കുതിര്‍ത്ത് വച്ച് പിറ്റേന്ന് രാവിലെ ഉലുവ അരിച്ച് കളഞ്ഞാണ് ശേഷിക്കുന്ന വെള്ളം കുടിക്കേണ്ടത്. ഇങ്ങനെ കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ ഇവയാണ്:


1. പുളിച്ച് തികട്ടലിന് ശമനം. 
പൊതുവായി ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് പുളിച്ച് തികട്ടല്‍. നെഞ്ചെരിച്ചിലും വയറിന് വേദനയുമെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് ശമനമുണ്ടാക്കും.

2. പ്രമേഹ ഔഷധം. 
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് സഹായിക്കും. ഉലുവയില്‍ അടങ്ങിയ ഫൈബറും മറ്റ് രാസപദാര്‍ത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഇത് സഹായകമാകും. 

3. ദഹനത്തെ സഹായിക്കും. 
ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഉലുവ കുതിര്‍ത്ത വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ പമ്പ കടത്താനും ഉലുവ ഫലപ്രദമാണ്. 

4. കൊളസ്‌ട്രോള്‍ കുറയ്ക്കും
കരളിലെ എല്‍ഡിഎല്‍ റിസപ്റ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് എല്‍ഡിഎല്‍ ചീത്ത കൊളസ്‌ട്രോള്‍ രക്തത്തില്‍ കുറയാന്‍ ഇടയാക്കും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്. 

5. ത്വക്കിന്റെ ആരോഗ്യം
നല്ല തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കുന്നവര്‍ക്കും ഉലുവ അനുഗ്രഹമാണ്. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം കാക്കുന്നു. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും.

ഈ ഗുണങ്ങള്‍ എല്ലാമുള്ളതിനാല്‍ ഉലുവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാല്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ തങ്ങളുടെ ഡോക്ടര്‍മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ തേടേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only