07 ഏപ്രിൽ 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳അസാധാരണമായ വീറും വാശിയും പ്രതിഫലിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത് 74.02 ശതമാനം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ 74.53 ശതമാനംപേര്‍ വോട്ടുചെയ്തു. ഈ കണക്ക് അന്തിമമല്ല. തപാല്‍വോട്ടുകളും കണക്കിലെടുത്തിട്ടില്ല. അന്തിമകണക്ക് ഇന്നേ ലഭ്യമാകൂ. 2016-ല്‍ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. അന്തിമകണക്ക് 2016-ലെ പോളിങ് ശതമാനത്തിന് അടുത്തെത്തുമെന്നാണ് കരുതുന്നത്. കൂടാനും സാധ്യതയുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച്  77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു.

➖➖➖➖➖➖➖➖

🔳പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.  പരിശ്രമം പാഴാവില്ലെന്നും തോളോട് തോള്‍ ചേര്‍ന്ന് ഇനിയും മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതമായ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാരില്‍ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കും. യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

🔳ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമാണെന്ന് യുഡിഎഫ് നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയതെന്നും ഇത് അത്യന്തം ഗുരുതരമായ ആരോപണമാണമാണെന്നും ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും എ.കെ.ബാലന്‍.

🔳പിണറായി വിജയന്‍ ടീം ലീഡറെന്ന് സി.പി.എം നേതാവ് പി ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയുധമാക്കാനുള്ള നീക്കം പിണറായി വിജയന്‍ പൊളിച്ചടുക്കിയെന്നും ഇടതുമുന്നണി ഇത്തവണ ചരിത്ര വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


🔳സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പോലീസിനെതിരെ പരാതിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രാദേശിക സിപിഎം നേതാക്കളും രംഗത്ത്. പോലീസ് അന്യായം കാണിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

🔳പാറശ്ശാല നിയോജക മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി നടന്നതായി പരാതി. പെരുങ്കടവിള കുന്നത്തുകാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളിലാണ് തിരിമറി നടന്നതായി ആരോപണമുള്ളത്. വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയതായി പോളിങ് ഓഫീസര്‍
വ്യക്തമാക്കിയതോടെയാണ് അട്ടിമറി വെളിച്ചത്ത് വന്നത്. തുടര്‍ന്ന് വോട്ട് ചെയ്യാനാകാതെ വോട്ടര്‍മാര്‍ മടങ്ങുകയായിരുന്നു.

🔳കളമശ്ശേരിയിലെ 77-ാം നമ്പര്‍ പോളിങ് ബൂത്തില്‍ ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പ്രതിഷേധം. സംഭവം കള്ളവോട്ടാണെന്നും പോളിങ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ജയരാജിന്റെ ആരോപണം. പി.എസ്. ജയരാജ് പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

🔳കേരളത്തില്‍ ഇന്നലെ 59,051 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4694 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകള്‍.

🔳45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

🔳കുമ്പഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈഗിക പീഡനത്തിനും ഇരയായെന്ന് വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്
ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കുഞ്ഞിന്റെ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞും സ്പൂണ്‍വച്ച് കുത്തിയും 60-ഓളം മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ഇതില്‍
ചിലത് ആഴത്തിലുള്ളതാണ്. മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

🔳വികസനവും അഴിമതിയും മതവും വര്‍ഗീയതയും മക്കള്‍ രാഷ്ട്രീയവും എല്ലാം ചര്‍ച്ചയായ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനം വിധിയെഴുതി. സംസ്ഥാനത്ത് 72 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാധാനപരമായിരുന്നു തമിഴ്നാട്ടിലെ വോട്ടെടുപ്പ്.

🔳രാജ്യത്തെ പാം ഓയില്‍ ഇറക്കുമതി അടിയന്തരമായി നിരോധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജപക്‌സെ. പ്രാദേശിക പ്ലാന്റേഷന്‍ കമ്പനികള്‍ അവരുടെ 10 ശതമാനം എണ്ണപ്പനകള്‍ നശിപ്പിച്ച് പകരം റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ആഭ്യന്തര വെളിച്ചെണ്ണ വ്യവസായത്തിന് ഗുണം ചെയ്യുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

🔳ആശങ്കയുയര്‍ത്തി ഇന്ത്യയില്‍ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്നു.ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 1,15,262 പേര്‍ക്ക്.  മരണം 630. ഇതോടെ ആകെ മരണം 1,66,208 ആയി. ഇതുവരെ 1,27,99,746 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 8.38 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 55,469 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 9,921 പേര്‍ക്കും കര്‍ണാടകയില്‍ 6,150 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 5,895 പേര്‍ക്കും ഡല്‍ഹിയില്‍ 5100 പേര്‍ക്കും മധ്യപ്രദേശില്‍ 3,722 പേര്‍ക്കും തമിഴ്നാട്ടില്‍ 3,645 പേര്‍ക്കും ഗുജറാത്തില്‍ 3,280 പേര്‍ക്കും  പഞ്ചാബില്‍ 2,905 പേര്‍ക്കും ഹരിയാനയില്‍ 2,099 പേര്‍ക്കും രാജസ്ഥാനില്‍ 2,236 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,058 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,53,127 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 58,980 പേര്‍ക്കും ബ്രസീലില്‍ 82,869 പേര്‍ക്കും  തുര്‍ക്കിയില്‍ 49,584 പേര്‍ക്കും അര്‍ജന്റീനയില്‍ 20,870 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.29 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.28 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 11,325 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 869 പേരും  ബ്രസീലില്‍ 4,211 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.84 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പിങ് കണ്‍സള്‍ട്ടന്റുമായ കിരണ്‍ മോറെയ്ക്ക് കോവിഡ്. ചൊവ്വാഴ്ച ട്വിറ്ററിലൂടെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

🔳കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ. ചൊവ്വാഴ്ച രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988-ലെ സോള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.

🔳ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🔳മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ നിക്ഷേപിച്ചത് 2.74 ലക്ഷം കോടി രൂപ.  ഇതിനുമുമ്പ് 2013ലാണ് കൂടിയ തുകയായ 1.4 ലക്ഷം കോടി രൂപ ഇവര്‍ നിക്ഷേപം നടത്തിയത്. എന്‍എസ്ഡിഎലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.  വളര്‍ന്നുവരുന്ന വിപണികളില്‍ 12 മാസത്തിനിടെ വന്‍തോതിലാണ് നിക്ഷേപമെത്തിയത്. എന്നാല്‍ ഇന്ത്യയിലേയ്ക്കുള്ള മൂലധന ഒഴുക്ക് മറ്റ് വിപണികളിലെത്തിയതിനേക്കാളും കൂടുതലാണ്.

🔳യാത്രക്കാരുടെ ബാഗേജ് താമസ സ്ഥലത്തു നിന്ന് ഏറ്റു വാങ്ങി യാത്രയ്ക്കു ശേഷം ചെന്നു ചേരുന്ന സ്ഥലത്ത് സുരക്ഷിതമായി എത്തിച്ചു നല്‍കുന്ന ഡോര്‍ ടു ഡോര്‍ ബാഗേജ് ട്രാന്‍സ്ഫര്‍ സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഡല്‍ഹിയിലും ഹൈദരാബാദിലുമാണ് സേവനം ലഭിക്കുക. വൈകാതെ മുംബൈയിലും ബെംഗളൂരുവിലും ഇതു ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പു വരെ ബാഗേജുകള്‍  കൈമാറാം. ബാഗേജ് ഓരോന്നിനും 5,000 രൂപ ഇന്‍ഷുറന്‍സും ഉണ്ട് ഇന്‍ഡിഗോ അറിയിച്ചു.

🔳'അടി കപ്പ്യാരേ കൂട്ടമണി' എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗീസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് പാതിരാ കുര്‍ബാന. നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒട്ടനവധി ഹിറ്റ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്.

🔳മികച്ച പ്രതികരണവുമായി തിയേറ്ററില്‍ മുന്നേറുകയാണ് സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണി. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ച് പ്രിന്‍സ് ജോയ് ഒരുക്കിയ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.' നീയെ' എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ മുരളീധരനാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

🔳ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പരിഷ്‌കരിച്ച കോഡിയാക്ക് എസ്യുവി വിപണിയിലേക്ക് എത്താനൊരുങ്ങുകയാണ്.  വാഹനത്തെ ഈ മാസം 13 ന് ആഗോളതലത്തില്‍ അനാവരണം ചെയ്യും. ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും പുത്തന്‍ സ്‌കോഡ കോഡിയാക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 190 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

🔳പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹന്റെ ആത്മകഥാപരമായ ഉപന്യാസങ്ങള്‍ അടങ്ങിയ സമാഹാരം. കവിതയുടെ ഉറവ പടരുന്ന രചന. 'ഉറവിടങ്ങള്‍'. ജയമോഹന്‍. മാതൃഭൂമി ബുക്സ്. വില 160 രൂപ.

🔳തിളക്കവും ആരോഗ്യവുമുള്ള തലമുടിക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്. ഇലക്കറികള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം തെരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം. ചെറുപയര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറുപയറില്‍ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറേ നല്ലതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകള്‍  തൈരില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൈരും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

*ശുഭദിനം*
*കവിത കണ്ണന്‍*
സോക്രട്ടീസും ഭാര്യയും തമ്മില്‍ ഇടക്കിടെ വഴക്ക് ഉണ്ടാവുക പതിവാണ്.  രണ്ടുപേരും വിട്ടുകൊടുക്കാതെ പൊരുതുകയും ചെയ്യും.  ഒരിക്കല്‍ വഴക്ക് അതിരുവിടും എന്ന് തോന്നിയപ്പോള്‍ സോക്രട്ടീസ് വീടിന്റെ ഒരു മൂലയില്‍ പോയി മിണ്ടാതെയിരുന്നു.  പക്ഷേ, അപ്പോഴും അരിശം തീരാതെ ഭാര്യ ഒരു കുടം വെള്ളം എടുത്ത് അദ്ദേഹത്തിന്റെ തലയില്‍ കമഴ്ത്തി.  നനഞ്ഞു കുളിച്ച അദ്ദേഹം ഇങ്ങനെ പറഞ്ഞു:  അല്ലെങ്കിലും ഇടിവെട്ടില്‍ തുടങ്ങിയത്, മഴയിലേ അവസാനിക്കൂ!  എല്ലാ തര്‍ക്കങ്ങളും ആരംഭിക്കാന്‍ ഏതെങ്കിലും ബാഹ്യകാരങ്ങള്‍ മതിയെങ്കിലും അത് പരിഹരിക്കപ്പെടണമെങ്കില്‍ ആന്തരികമായ പരസ്പരധാരണ ഉണ്ടായേ തീരൂ.  തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിലല്ല, ബന്ധങ്ങളുടെ മികവ്, ഓരോ തര്‍ക്കത്തിനിടയിലും അവയെ അതിജീവിക്കുന്ന വിശ്വാസത്തിന്റേയും സ്നേഹത്തിന്റെയും ഒരു നേര്‍ത്തരേഖ മായാതെ സൂക്ഷിക്കുന്നതിലാണ്.  കലഹം തുടങ്ങുന്നവര്‍ക്ക് മാത്രമേ അത് അവസാനിപ്പിക്കാനും ആകൂ.  മറ്റുള്ളവരുടെ മധ്യസ്ഥതകളും വിധിന്യായങ്ങളുമെല്ലാം ചിന്തകളെ ശാന്തമാക്കുന്നതിനോ, പുനര്‍വിചിന്തനം നടത്തുന്നതിനോ മാത്രമേ ഉപകരിക്കൂ. കലഹിച്ചവര്‍ തന്നെ എടുക്കുന്ന സ്വയം തീരുമാനങ്ങളിലൂടെ മാത്രമേ എല്ലാ കലഹങ്ങളും പരിസമാപ്തിയിലെത്തുകയുള്ളൂ.  ആരൊക്കെ ഊതിക്കത്തിച്ചാലും പരിസമാപ്തിയിലെത്തിക്കാന്‍ ഒരു കുടം വെള്ളമുണ്ടെങ്കില്‍ ഒരു പ്രശ്നവും പരിധിക്കപ്പുറത്തേക്ക് പോവുകയില്ല.  ഓരോ അതൃപ്തിയും പൊരുത്തക്കേടുകളെക്കുറിച്ചായിരിക്കും സംസാരിക്കുക.  ആ പൊരുത്തക്കേടുകള്‍ക്കിടയില്‍ ബന്ധങ്ങളുടെ ചില പുതിയ ഉള്‍ക്കാഴ്ചകള്‍ ഉരുത്തിരിയും.  അങ്ങനെ ലഭിക്കുന്ന തിരിച്ചറിവിലൂടെ വിദ്വേഷത്തിനും എതിര്‍പ്പിനും സ്വാഭാവികമായ ശമനവും ഉണ്ടാകും.  ഒരിക്കലും പിണങ്ങാതെ സ്നേഹിക്കുന്ന ബന്ധങ്ങള്‍ക്കല്ല, പിണക്കത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കിടയിലൂടെ ഇണക്കത്തിന്റെ ഇടവഴികള്‍ സൂക്ഷിക്കുന്നവരുടെ ബന്ധങ്ങള്‍ക്കാണ് ദീര്‍ഘായസ്സുള്ളത് എന്ന തിരിച്ചറിവാണ് ഓരോ തര്‍ക്കങ്ങളും നമുക്ക് പകര്‍ന്നു തരുന്ന പാഠം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only