02 ഏപ്രിൽ 2021

ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
(VISION NEWS 02 ഏപ്രിൽ 2021)ന്യൂഡല്‍ഹി: ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരവുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എന്‍സ്‌സി, പിപിഎഫ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പലിശനിരക്ക് കുറച്ചുകൊണ്ട് മാര്‍ച്ച് 31നായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2021-22 ന്റെ ആദ്യപാദത്തില്‍ 1.1 ശതമാനം വരെ കുറയ്ക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.
'സര്‍ക്കാരിന്റെ ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 2020-21 അവസാന പാദത്തില്‍ നിലവിലുണ്ടായിരുന്ന നിരക്കുകളില്‍ തുടരും. അതായത് 2021 മര്‍ച്ച് വരെ ഉണ്ടായിരുന്ന നിരക്കുകള്‍. നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കും'നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. 2021 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രാലയം മാര്‍ച്ച് 31ന് പ്രഖ്യാപിച്ചത്.

പലിശനിരക്ക് കുറയ്ക്കല്‍ സാമ്പത്തിക വ്യവസ്ഥയിലെ മൊത്തത്തിലുള്ള പലിശനിരക്ക് മുന്നേറ്റത്തിന് അനുസൃതമാണ് എന്ന് ധനമന്ത്രാലയം അറിയിച്ചു. അതേസമയം പലിശ നിരക്ക് വെട്ടിക്കുറച്ചതിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തിയിരുന്നു. അടുത്ത പാദത്തില്‍ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത് സാധരണയാണെന്നും മാര്‍ച്ച് 31 ന് അത് പ്രഖ്യാപിക്കുന്നതില്‍ അശ്രദ്ധമായ ഒന്നുമില്ലയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മധ്യവര്‍ഗ്ഗത്തിനെതിരെയുള്ള അക്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പലിശനിരക്ക് വെട്ടിക്കുറച്ച് ലാഭം നേടിക്കൊണ്ട് മധ്യവര്‍ഗത്തിനെതിരെ മറ്റൊരു ആക്രമണം നടത്താന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പിടിക്കപ്പെടുമ്പോള്‍ അശ്രദ്ധതകൊണ്ട് പറ്റിതാണെന്ന് പറഞ്ഞുകൊണ്ട് തടിതപ്പുകയാണെന്ന് ചിദംബരം പറഞ്ഞു. പണപ്പെരുപ്പം ആറു ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ബിജെപി സര്‍ക്കാര്‍ നിരക്ക് ആറു ശതമാനത്തിന് താഴെ എത്തിച്ച് മധ്യവര്‍ഗത്തെ ബാധിക്കുന്ന വിധത്തിലാക്കുന്നു എന്ന് അദ്ദേഹം വിമര്‍ശിച്ചു.

മാര്‍ച്ച് 31ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം ചെറുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി വെട്ടിക്കുറിച്ചു. പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 7.1 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായും കുറച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച് 2021 ജൂണ്‍ 30ന് അനസാനിക്കുന്ന 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വിവിധ ചെറുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചതായാണ് ധനമന്ത്രാലയം അറിയിച്ചത്.

അഞ്ചു വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന്റെ പലിശനിരക്ക് 0.9 ശതമാനത്തില്‍ നിന്ന് 6.5 ശതമാനം ആയി കുറച്ചു. മുതര്‍ന്ന പൗരന്മാരുടെ പദ്ധതിയുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ നല്‍കും. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ പലിശനിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ 5.9 ശതമാനം ആയിരിക്കും. സുകന്യ സമൃദ്ദി യോജനയുടെ പലിശനിരക്ക് 6.9 ശതമാനമായിരിക്കും.

കിസാന്‍ വികാസ് പദ്ധതിയുടെ പലിശനിരക്ക് 6.2 ശതമാനമായി കുറച്ചു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശനിരക്ക് 3.5 ശതമാനമായും ഒന്ന് മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.4 മുതല്‍ 5.1 ശതമാനം വരെ പലിശ ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ചെറുനിക്ഷേപങ്ങളുടെ പലിശനിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. എന്നാല്‍ ഉത്തരവ് മണിക്കൂറുകള്‍ക്കകം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only