15 ഏപ്രിൽ 2021

ലോക്ക്ഡൗണ്‍ ഇല്ല; കോവിഡ് പ്രതിരോധത്തിനായി കര്‍ശന നിയന്ത്രണങ്ങള്‍
(VISION NEWS 15 ഏപ്രിൽ 2021)

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ സ്വയം പ്രതിരോധവും നിയന്ത്രണവും വര്‍ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പരിശോധന, വാക്സിന്‍, നിയന്ത്രണങ്ങള്‍ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടുവെയ്ക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കാവും മുന്‍ഗണന. 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും. 

60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്. 7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. 

പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ മുന്‍കൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം കുറയ്ക്കണം. ഹോം ഡെലിവറി സംവിധാനം വര്‍ധിപ്പിക്കണം. തീയറ്ററുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം തീയറ്ററുകള്‍ക്കും ബാറുകള്‍ക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only