16 ഏപ്രിൽ 2021

കോവിഡ് വ്യാപനം രൂക്ഷം; കുംഭമേള ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍
(VISION NEWS 16 ഏപ്രിൽ 2021)
ദെഹ്‌റാദൂണ്‍: കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡില്‍ ഒരു സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് ഏപ്രില്‍ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്.

ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീര്‍ത്ഥാടകരില്‍ പലര്‍ക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖാഢ പരിഷത്താണ് എടുക്കേണ്ടതെന്നും അതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഈ മാസം 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മാത്രം 1700ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് കുംഭമേളയുടെ ചടങ്ങുകള്‍ നാളത്തോടുകൂടി അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ചടങ്ങുകള്‍ അവസാനിപ്പിക്കുന്നതോടെ തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only