30 ഏപ്രിൽ 2021

രണ്ടാം ഡോസ്‌ വാക്സിനേഷൻ; സമയം വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് അറിയിക്കും
(VISION NEWS 30 ഏപ്രിൽ 2021)രണ്ടാം ഡോസ് കൊവിഡ് വാക്സിനുവേണ്ടി വാക്സിനേഷൻ കേന്ദ്രത്തിലെത്തി ഇനി തിരക്കുകൂട്ടേണ്ടതില്ല. അതത് കേന്ദ്രങ്ങളിൽനിന്ന് രണ്ടാം ഡോസിന് എത്തേണ്ട സമയം മുൻകൂട്ടി നേരിട്ടറിയിക്കും. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ടു വിളിച്ചോ, മെസേജ് വഴിയോ അറിയിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. രണ്ടാം ഡോസിന്റെ സമയമായിട്ടും അറിയിപ്പുലഭിച്ചില്ലെങ്കിൽ വാക്സിനേഷൻകേന്ദ്രവുമായി ബന്ധപ്പെട്ടാൽ മതിയാകും. രണ്ടാം ഡോസിനായി കൊവിൻ പോർട്ടലിൽ രജിസ്റ്റർചെയ്യാതെ തന്നെ വിതരണകേന്ദ്രത്തിൽ നേരിട്ടെത്തിയാൽ മതിയെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വാക്സിനേഷൻ മാർഗരേഖ പുതുക്കിയിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച രാവിലെ വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തിയ പലർക്കും മരുന്ന് ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് വ്യക്തത വരുത്തിയത്.

ഓരോ വാക്സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാൻ അർഹതയുള്ളവരുടെ പട്ടിക കൊവിൻ പോർട്ടലിൽ ലഭ്യമാണ്. ഇതുപ്രകാരം വാക്സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശാപ്രവർത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരെ അറിയിക്കും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാക്സിനേഷൻ സെന്ററുകളിൽ സെക്ഷൻ ഷെഡ്യൂൾ ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകും. ഇതിനായി കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വന്ന് തിരക്കു കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ ആറുമുതൽ എട്ടാഴ്ചയ്ക്കുള്ളിലും കൊവാക്സിൻ നാലുമുതൽ ആറാഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only