02 ഏപ്രിൽ 2021

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; രണ്ടാംതരംഗ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
(VISION NEWS 02 ഏപ്രിൽ 2021)കൊച്ചി: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ ആശങ്ക. രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്. നിലവിൽ പ്രതിദിനം 2000 മുതൽ 2800 വരെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 1500-നും രണ്ടായിരത്തിനും ഇടയിലായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയും പ്രതിരോധ മാർഗങ്ങളില്ലാതെ പൊതു ഇടങ്ങളിൽ ജനം കൂട്ടംകൂടുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാർച്ച് ആദ്യവാരം 4.5 ശതമാനത്തോടടുത്തായിരുന്നു. മാസത്തിന്റെ മധ്യത്തിൽ 3.6 ആകുകയും പിന്നീട് 2.74 വരെ താഴുകയും ചെയ്തു.

ഏപ്രിലിലെ ആദ്യ വ്യാഴാഴ്ച നിരക്ക് 5.15-ൽ എത്തി. വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാനാണു സാധ്യത. കോവിഡ് പ്രതിരോധ മരുന്ന് ജനസംഖ്യയുടെ 10-15 ശതമാനം വരെ പേർക്കു മാത്രമേ ലഭ്യമായിട്ടുള്ളൂ.

നിലവിലെ സാഹചര്യത്തിൽ ഒരു ഡോസ് പോലും ഗുണകരമാണ്. രോഗതീവ്രത കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

നാലായിരത്തിൽ കൂടിയാൽ രണ്ടാംതരംഗ സൂചന

പ്രതിദിനം നാലായിരംമുതൽ അയ്യായിരം കേസുകളുണ്ടായാൽ അതിനെ രണ്ടാംതരംഗത്തിന്റെ സൂചനയായി കണക്കാക്കാം. ഈ സാഹചര്യത്തിൽ രോഗം പകരുന്നതിന്റെ തോതും കൂടുതലായിരിക്കും. ജനങ്ങൾ കൂട്ടംകൂടാതിരിക്കേണ്ടത് അത്യാവശ്യമാണ്.

-ഡോ. എസ്.എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട്, തിരുവനന്തപുരം മെഡി. കോളേജ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only