02 ഏപ്രിൽ 2021

'പാർട്ടിയിൽ നിന്ന് ഭീഷണിയും പീഡനവും'; പിന്‍മാറുന്നുവെന്ന് വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി
(VISION NEWS 02 ഏപ്രിൽ 2021)മലപ്പുറം: സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യ കുമാരി അലക്‌സ്. സ്ഥാനാര്‍ഥിയാക്കിയ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) നേതാക്കളില്‍നി ന്ന് കടുത്ത മാനസിക പീഡനവും വധഭീഷണിയും ഉണ്ടായെന്ന് അനന്യകുമാരി പ്രതികരിച്ചു. സാങ്കേതികമായി പത്രിക പിന്‍വലിക്കാന്‍ ഇനി സാധിക്കില്ലെങ്കിലും പ്രചാരണം നിര്‍ത്തുകയാണെന്നും അനന്യകുമാരി വ്യക്തമാക്കി.ഡിഎസ്ജെപി നേതാക്കളുടെ തെറ്റായ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിയുണ്ടായി. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു. അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നും അനന്യകുമാരി പറയുന്നു. "ബുക്ക് മൈ ഡേ എന്ന ഇവന്റ് കമ്പനി ഉടമയാണ്‌ എന്നെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുമായി കണക്ട് ചെയ്തത്. ഔദ്യോഗിക പദവി വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദല്ലാള്‍ നന്ദകുമാറെന്ന ടി ജി നന്ദകുമാറാണെന്ന് അവര്‍ ആരോപിച്ചു. പിന്‍മാറുകയാണെന്ന് പറഞ്ഞപ്പോള്‍ വെറുതെ വിടില്ലെന്നും തീര്‍ക്കുമെന്നും പറഞ്ഞു.""കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്. വേങ്ങര മത്സരത്തിനായി തെരഞ്ഞെടുത്തത് ഞാനല്ല. പാര്‍ട്ടിയാണ് അവിടെ മത്സരിക്കണമെന്ന് പറഞ്ഞത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് എന്ത് ചെയ്യും, പാവപ്പെട്ടവര്‍ക്ക് എന്ത് ചെയ്യും എന്നതടക്കമുള്ള എന്റെ ചോദ്യങ്ങള്‍ വളരെ പോസിറ്റീവായ മറുപടിയാണ് എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചവരില്‍ നിന്ന് ലഭിച്ചിരുന്നത്.""കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം രീതിയില്‍ സംസാരിക്കണമെന്ന് പറഞ്ഞു. സര്‍ക്കാരിനെ കുറ്റം പറയണം. പര്‍ദ്ദയിട്ട് ഇറങ്ങണം എന്നും പറഞ്ഞു. ഇതൊന്നും ചെയ്യില്ലെന്നറിയിച്ചു. എന്റെ വ്യക്തിത്വം അടിയറവ് വെച്ച് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് പീഡനങ്ങളുണ്ടായത്. എന്നെ അവര്‍ ഉപയോഗിക്കുകയായിരുന്നു. എന്നെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ചില പദ്ധതികളുണ്ടായിരുന്നു. അത് എനിക്ക് മനസ്സിലായിട്ടില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റേതായ നിലപാടുണ്ട്. അത് അടിയറവ് വച്ച് പ്രവര്‍ത്തിക്കാന്‍ എനിക്കാകുമായിരുന്നില്ല." അനന്യ കുമാരി പ്രതികരിച്ചു.കൊല്ലം പെരുമണ്‍ സ്വദേശിയാണ് അനന്യകുമാരി അലക്‌സ്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ പ്രൊപ്രഫഷണല്‍ മേക്കപ്പ് ആര്‍ടിസ്റ്റും സ്വകാര്യചാനലിലെ വാര്‍ത്താ അവതാരകയുമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് തുല്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അനന്യകുമാരി വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only