19 ഏപ്രിൽ 2021

ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ ഒരാഴ്ച ലോക്ഡൗണ്‍
(VISION NEWS 19 ഏപ്രിൽ 2021)ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് രിവാള്‍ വ്യക്തമാക്കി.

ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇതിനായി പ്രത്യേകം പാസുകള്‍ വിതരണം ചെയ്യുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ട്

ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് കോവിഡ് 19ന്റെ നാലാം തരംഗമാണ്. 25,000ല്‍ അധികം കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡല്‍ഹിയുടെ ആരോഗ്യ സംവിധാനം അതിന്റെ ശേഷിയുടെ പരമാവധിയിലെത്തിയിരിക്കുകയാണ്. വല്ലാതെ വീര്‍പ്പുമുട്ടുകയാണ് ആരോഗ്യമേഖല. ആരോഗ്യമേഖല പൂര്‍ണമായി തകരാതിരിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

പ്രതിദിനം 25,000 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപന നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാകുമെന്നും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു.

ലോക്ഡൗണിന്റെ ദിവസങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കും. ഓക്‌സിജന്‍, മരുന്നുകള്‍ തുടങ്ങിയവ ഒരുക്കുന്നതിനും സമയം ഉപയോഗപ്പെടുത്തും. എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഖ്യാപിച്ചിരിക്കുന്നത് ചെറിയ ഒരു ലോക്ഡൗണ്‍ ആണെന്നും ആരും ഡല്‍ഹി വിട്ടുപോകരുതെന്നും കെജ്രിവാള്‍ അഭ്യര്‍ഥിച്ചു. ഒരാഴ്ചയ്ക്കു ശേഷം ലോക്ഡൗണ്‍ നീട്ടേണ്ടിവരില്ലെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതീവ ഗുരുതരമായ സാഹചര്യമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച 25,462 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. പരിശോധിക്കുന്ന മൂന്ന് സാമ്പിളുകളില്‍ ഒന്ന് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ ഇപ്പോഴുള്ളത്.

ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതോടെ ആശുപത്രികളില്‍ 6000 കിടക്കകള്‍ അടിയന്തിരമായി വേണ്ടിവരും. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താല്‍കാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only