മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പിണറായിയിലെ വീട്ടിലാണ് മുഖ്യമന്ത്രി ഇപ്പോഴുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര് സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്ന് കാൽനടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ