17 ഏപ്രിൽ 2021

ടാക്‌സ് ഒഴിവാക്കിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ഫെഡറേഷന്‍
(VISION NEWS 17 ഏപ്രിൽ 2021)കൊച്ചി: കോവിഡ് രണ്ടാം ഘട്ട അതിവേഗ വ്യാപനത്തിനിടെ സ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് ബ്രേക്കിടാനൊരുങ്ങി ബസ് ഉടമകള്‍. ടാക്‌സ് ഒഴിവാക്കിയില്ലെങ്കില്‍ മിക്ക് സര്‍വീസുകളും മെയ് 1 മുതല്‍ ജി ഫോം കൊടുത്ത് സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി സത്യന്‍ മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു.  

രാവിലെയും വൈകുന്നേരവും മാത്രമാണ് ബസുകളില്‍ യാത്രക്കാരുള്ളത്. മറ്റ് സമയങ്ങളിലെല്ലാം കാലിയായി ആണ് സര്‍വീസുകള്‍ നടത്തുന്നത്. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഒരു ദിവസം കിട്ടുക. ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതോടുകൂടി സ്വകാര്യ ബസുകള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ ടാക്‌സ് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം സ്വകാര്യ ബസ് ഉടമകള്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ജി ഫോം കൊടുത്ത് ബസ് സര്‍വീസ് നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായിരുന്ന സ്വകാര്യ ബസ് സര്‍വീസുകള്‍ മന്ദഗതിയില്‍ തിരിച്ചുവരികയായിരുന്നു. അതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധനയും കോവിഡ് രണ്ടാം ഘട്ടത്തിന്റേയും വരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും കൂടി ചെയ്യുന്നതോടെ ബസ് ഉടമകള്‍ കടുത്ത നഷ്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only