🔳കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. രോഗവ്യാപനത്തിന്റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍.
🔳രാജ്യത്ത് നിന്ന് മാവോയിസ്റ്റ് ഭീഷണി തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഢില്‍ സന്ദര്‍ശനം നടത്തവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഉന്നതതല യോഗത്തിലും അമിത് ഷാ പങ്കെടുത്തു.
➖➖➖➖➖➖➖➖
🔳റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
🔳എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത്. കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടി ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന് പ്രകാശ് രഞ്ചന്‍ നായക് ആണ് കത്ത് നല്‍കിയത്.
🔳അടുത്ത അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും. മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയും നിറഞ്ഞ, അസാധാരണമായ പോരാട്ടത്തിനൊടുവിലാണ് ജനവിധി. നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
🔳നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങള്‍ കണ്ടെത്തുന്നതിനും രാവിലെ മുതല്‍ തന്നെ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും.ഇതിന്റെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പട്രോളിംഗ് ടീമിനും പോലീസ് ആസ്ഥാനത്തെ ഇലക്ഷന് കണ്ട്രോള് റൂമിനും ലഭ്യമാക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പോലീസ് സേന സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്ഥലങ്ങളില്‍ കേന്ദ്ര സേനയുടെ സേവനവും വിനിയോഗിക്കും.
🔳സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ്. ബൂത്ത് ഏജന്റുമാര്‍ക്കെല്ലാം ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കഴിഞ്ഞു. കൃത്യമായ നീക്കങ്ങളിലൂടെ ഇരട്ടവോട്ട് ചെയ്തവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനാണ് യുഡിഎഫിന്റെ നീക്കം. ഇരട്ട വോട്ടുകള്‍ കണ്ടെത്തുകയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ട നടപടികള്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതപാലിച്ച് ഇരട്ടവോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ ഒരുങ്ങുന്നതെന്ന് യുഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
🔳നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യ നേതൃത്വത്തെ ജനം തള്ളുമെന്നുറപ്പുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. സാമൂഹിക സൗഹാര്‍ദ്ദവും സമാധാനവും പുലരാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നല്‍കുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
🔳നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നുവെന്നും എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳കേരളത്തിന്റെ സമസ്ത മേഖലകളേയും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്ത ഏകാധിപത്യ സ്വഭാവമുള്ള ഇടതുസര്‍ക്കാരില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ ഒരു സത് ഭരണം കെട്ടിപ്പടുക്കുന്നതിന് യു.ഡി.എഫിനെ സഹായിക്കുക എന്ന ചരിത്രപരമായ കടമ നിറവേറ്റാന്‍ തയ്യാറാവണമെന്ന് എല്ലാ കേരളീയരോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. വീണ്ടും ഒരിക്കല്‍ക്കൂടി ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ അത് കേരളത്തിന്റെ സര്‍വ്വ നാശത്തിലേക്ക് വഴി വയ്ക്കും എന്നും രമേശ് ചെന്നിത്തല ഓര്‍മപ്പെടുത്തി.
🔳പാല് സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന എ.എം ആരിഫ് എംപിയുടെ പരിഹാസത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു. ജനപ്രതിനിധിയായ ആരിഫിന്റെ നാവില്‍നിന്ന് ഇത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നത് സങ്കടമുണ്ടാക്കിയെന്ന് അരിത പ്രതികരിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് പറഞ്ഞിട്ട് അധ്വാനിക്കുന്ന മൊത്തം തൊഴിലാളികളെയും അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും അരിത ആരോപിച്ചു.
🔳കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ എം ആരീഫ് എംപി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാല് സൊസൈറ്റിയില്‍ അല്ലെന്ന എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതാണെന്നും പാല് വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശമെന്നും ചെന്നിത്തല.
🔳നേമത്ത് യൂത്ത് കോണ്‍ഗ്രസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പരിക്കേറ്റു. യു.ഡി.എഫ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്കാന് വന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രചാരണ വാഹനം തടഞ്ഞത്.
🔳കേരളത്തില്‍ ഇന്നലെ 40,191 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,680 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 28,372 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39.
🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 360 ഹോട്ട് സ്പോട്ടുകള്‍.
🔳മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയാണ്. മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിലവിലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു.
🔳പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ഒരുകാലില്നിന്ന് ഞാന്‍ വിജയിക്കുമെന്നും ഭാവിയില്‍ രണ്ടുകാലില്‍നിന്ന് ഡല്‍ഹിയിലും വിജയം നേടുമെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടികളില്‍ ബി.ജെ.പി. അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായും മമത ആരോപിച്ചു.
🔳ബൂത്തിലെ രജിസ്റ്റര്‍ ചെയ്ത ആകെ വോട്ടര്‍മാരുടെ എണ്ണം 90. പക്ഷെ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 171. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷന് സസ്പെന്‍ഡ് ചെയ്തു.
🔳കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്നും കെജ്രിവാള് ആവശ്യപ്പട്ടു.
🔳രാഷ്ട്രീയ പരസ്യ പ്രചാരണങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചിലവാക്കിയത് 59.5 കോടിയിലേറെ രൂപ. 21,504 പരസ്യങ്ങളാണ് ഇക്കാലയളവില്‍ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഗൂഗിള്‍ പുറത്തുവിട്ട സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു.ഗൂഗിള്‍, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ വിവരങ്ങളാണ് ഏപ്രില്‍ നാലിന് പുറത്തുവിട്ട സുതാര്യതാ റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ വിശദമാക്കിയിരിക്കുന്നത്.
🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 96,563 പേര്‍ക്ക്. മരണം 455. ഇതോടെ ആകെ മരണം 1,65,577 ആയി. ഇതുവരെ 1,26,84,484 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 7.83 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 47,288 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 7,302 പേര്‍ക്കും കര്‍ണാടകയില്‍ 5,279 പേര്‍ക്കും പഞ്ചാബില്‍ 2,692 പേര്‍ക്കും ഹരിയാനയില്‍ 2040 പേര്‍ക്കും മധ്യപ്രദേശില്‍ 3,398 പേര്‍ക്കും ഗുജറാത്തില്‍ 3,160 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 3,74 പേര്‍ക്കും ഡല്‍ഹിയില്‍ 3,548 പേര്‍ക്കും തമിഴ്നാട്ടില്‍ 3,672 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,326 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,49,128 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 46,671 പേര്‍ക്കും ബ്രസീലില്‍ 38,233 പേര്‍ക്കും തുര്‍ക്കിയില്‍ 42,551 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.23 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.28 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,770 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 399 പേരും ബ്രസീലില്‍ 1,623 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.72 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳മുന്‍ ഗുജറാത്ത് ഡി.ജി.പി ഷാബില്‍ ഹുസൈന് ഷെഖദാം ഖണ്ഡ്വാവാലയെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ച് ബി.സി.സി.ഐ. മാര്‍ച്ച് 31-ന് കാലാവധി അവസാനിച്ച അജിത് സിങ്ങിന് പകരമാണ് ഷാബില്‍ ഹുസൈനെ നിയമിച്ചിരിക്കുന്നത്.
🔳കോവിഡ് അനുബന്ധ നിയന്ത്രങ്ങള്‍ കാരണം രണ്ട് സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കി. റഷ്യന്‍ ഓപ്പണ്‍ 2021, ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്സ് എന്നീ ടൂര്‍ണമെന്റുകളാണ് റദ്ദാക്കിയത്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് (ബി.ഡബ്ല്യു.എഫ്) അറിയിച്ചതാണ് ഇക്കാര്യം.
🔳രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തി. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി പരിഷ്കരിച്ചു. മുന്‍പ് നിരക്ക് 6.70 ശതമാനം ആയിരുന്നു. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്ക് 6.95 ശതമാനമാണ്. പലിശ നിരക്ക് വര്‍ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകള്‍ക്കും പ്രോസസ്സിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തു. ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജിഎസ്ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.
🔳202122 സാമ്പത്തികവര്‍ഷവും പ്രാഥമിക ഓഹരി വില്പനയുമായി നിരവധി കമ്പനികളെത്തും. ഏപ്രില്‍-ജൂണ്‍ പാദത്തില്‍മാത്രം 15 കമ്പനികളെങ്കിലും വിപണിയില്‍ ലിസ്റ്റുചെയ്യുമെന്നാണ് കരുതുന്നത്. ഏപ്രില്‍മാസംമാത്രം അഞ്ചോ ആറോ കമ്പനികള്‍ ഐപിഒ പ്രഖ്യേപിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്സായിരിക്കും ആദ്യമെത്തുക. 2,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് അപേക്ഷിക്കാനുള്ള സമയം.
🔳വിജയ് ചിത്രം മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം സംവിധായകന് ലോകേഷ് കനകരാജിന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ കമല്‍ഹാസന്റെ 'വിക്രം' അദ്ദേഹമാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു വമ്പന്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ നായകനായെത്തുന്നത് ബാഹുബലി താരം പ്രഭാസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 അവസാനത്തോടെ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. ആദിപുരുഷ്, സലാര്‍ പ്രഭാസ് ചിത്രങ്ങള്‍ക്കു ശേഷം ഈ സിനിമ ആരംഭിക്കും.
🔳'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തെത്തി. കണ്ണില്‍ എന്റെ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വിനീത് ശ്രീനിവാസന്, ശ്വേത മോഹന്‍ സിയ ഉല് ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്. ബി കെ ഹരി നാരായണന്റേതാണ് ഗാനത്തിന്റെ വരികള്‍. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍. നിലവില്‍ ദേശീയ പുരസ്കാര നിറവിലാണ് ചിത്രം. മെയ് 13 മുതല്‍ മരക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
🔳ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. സോണറ്റ് സബ്കോംപാക്റ്റ് എസ്യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് നിര്‍ത്തിയത്. ഇതോടെ കിയ സോണറ്റ് സബ്കോംപാക്റ്റ് എസ്യുവിയുടെ മിഡ് സ്പെക് ഓട്ടോമാറ്റിക് വേരിയന്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇനി ഓപ്ഷനില്ല. ജിടിഎക്സ് പ്ലസ് എന്ന ടോപ് സ്പെക് വേരിയന്റ് തെരഞ്ഞെടുക്കേണ്ടിവരും. ഈ വേരിയന്റിന് രണ്ട് ലക്ഷത്തോളം രൂപ കൂടുതലാണ്. സെല്‍റ്റോസിന്റെ ഒരു ഉയര്‍ന്ന ഡീസല്‍ വേരിയന്റ് മാത്രമാണ് നിര്‍ത്തുന്നത്.
🔳ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും രക്തസാക്ഷികളായിത്തീര്ന്നവരും കഥാപാത്രങ്ങളായി വരുന്ന നോവല്‍. വായനും എഴുത്തും നിഷിദ്ധമായി കാണുന്ന വര്‍ഗീയതക്കെതിരെ ജീവിതം കൊണ്ട് പൊരുതിയ ഒരു ലൈബ്രേറിയന്റെ കഥ. 'സൂഫികന്യക'. ഡോ. എം.എ സിദ്ദീഖ്. മൈത്രി ബുക്സ്. വില 160 രൂപ.
🔳പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇരുമ്പ്, പ്രോട്ടീന്‍ ഇതു രണ്ടുമാണ് തലമുടിയ്ക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങള്‍. മുട്ടയില്‍ വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് കേടുപാടുകള്‍ വരുത്തുന്നതിനെ കൂടുതല്‍ പ്രതിരോധിക്കും. വിറ്റാമിന്‍ എ, ഇ, ബയോട്ടിന്‍, ഫോളേറ്റ് എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ട ചില പോഷകങ്ങളാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, രക്തത്തെ ശുദ്ധീകരിക്കുകയും മുടിയുടെ അകാലനരയെ തടയുന്നതിലൂടെ മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി മുടി പൊട്ടിപ്പോകുന്നത് തടയുന്നു. അവാക്കാഡോ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. ഇത് മുടി കൂടുതല്‍ ആരോഗ്യകരമായി വളരാന്‍ സഹായിക്കും. മുടി മിനുസമാര്‍ന്നതും പൊട്ടാതിരിക്കാനും അവാക്കാഡോയിലെ ചില ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. വാള്‍നട്ട്, ബദാം എന്നിവ പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ്. പ്രത്യേകിച്ച് ബയോട്ടിന്‍, ബി-വിറ്റാമിനുകള്‍, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, ധാരാളം പ്രോട്ടീന്‍, മഗ്നീഷ്യം എന്നിയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തില്‍ നടസ് ആരോഗ്യകരമായ അളവില്‍ ചേര്‍ക്കുന്നത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ എ, സി തുടങ്ങിയ പോഷകങ്ങള്‍ പാലക്ക് ചീരയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കാരറ്റിലെ ബീറ്റാ കരോട്ടിന്‍ മുടി മൃദുവായും തിളക്കത്തിലും നിലനിര്‍ത്താന്‍ സഹായിക്കും. കാരറ്റിലെ വിറ്റാമിന്‍ എ, ഇ എന്നിവ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും മുടി വേരുകളെ കൂടുതല്‍ ശക്തമാക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്*
ഗുരു നാനാക് ഒരിക്കല്‍ പഞ്ചാബിന്റെ പടിഞ്ഞാറുഭാഗത്തുള്ള സെയ്ദ്പൂരില്‍ യാത്ര ചെയ്യുന്ന അവസരം. ശിഷ്യരായ മര്ദനയും ബാലായും അദ്ദേഹത്തോടൊപ്പമുണ്ട്. യാത്രയ്ക്കിടയില്‍ ക്ഷീണിച്ചവശരായ അവര്‍ ഒരു വൃക്ഷച്ചുവട്ടിലിരുന്നു. അപ്പോള്‍ ബാലാ പറഞ്ഞു: ''ഗുരുജീ, എനിക്കു വല്ലാതെ വിശക്കുന്നു.'''നീ ഇപ്പോഴും ഒരു കുട്ടിതന്നെ,' ഒരു പുഞ്ചിരിയോടെ ഗുരു പറഞ്ഞു. ''നീ വിഷമിക്കേണ്ട. ആരെങ്കിലും നമുക്കു ഭക്ഷണം തരും.' അല്പനേരത്തെ മൗനത്തിനുശേഷം ഗുരു ഒരു കീര്ത്തനമാലപിക്കുവാന് തുടങ്ങി. അപ്പോള്‍ ശിഷ്യരും അതില്‍ ഭക്തിപൂര്‍വം പങ്കുചേര്‍ന്നു. കീര്ത്തനമാലപിച്ചുതീര്ന്നപ്പോഴേക്കും ബാഗോ എന്നൊരു ധനികന് അവിടെയെത്തി. ഗുരുവിനെ വന്ദിച്ചശേഷം അയാള്‍ പറഞ്ഞു: ''നിങ്ങള്‍ എന്റെ ഭവനത്തിലേക്കു വരണം. നമുക്കൊരുമിച്ചു ഭക്ഷണം കഴിക്കാം.'' അപ്പോള്‍ ഗുരു പറഞ്ഞു: ''ഭക്ഷണം കഴിക്കുന്നതില്‍ സന്തോഷമേയുള്ളു. പക്ഷേ, ബുദ്ധിമുട്ടില്ലെങ്കില്‍ ഭക്ഷണം ഇവിടെ എത്തിച്ചുതന്നാല്‍ നന്നായിരുന്നു.''അയാള്‍ ഉടനേ ഭക്ഷണം കൊണ്ടുവരുവാന്‍വേണ്ടി വീട്ടിലേക്കു പോയി. അല്പം കഴിഞ്ഞപ്പോള്‍ ലാലു എന്നു പേരുള്ള ഒരു മരപ്പണിക്കാരന് അവിടെയെത്തി. താഴ്ന്ന ജാതിയില്‍ പിറന്നയാളായിരുന്നു ലാലു. ഗുരുവിനെ വന്ദിച്ചശേഷം വിനയപൂര്‍വം അയാള്‍ പറഞ്ഞു: ''ദയവുണ്ടായി ശിഷ്യരുമൊത്ത് അങ്ങ് എന്റെ കുടിലില്വന്നു ഭക്ഷണം കഴിക്കണം. ചപ്പാത്തിയും പരിപ്പുകറിയും തയാറായിട്ടുണ്ട്.' ''നിങ്ങള്‍ക്കു ബുദ്ധിമുട്ടാവില്ലെങ്കില്‍ ഭക്ഷണം ഇങ്ങോട്ടു കൊണ്ടുവരൂ. ഇവിടെവച്ചു നമുക്കു ഭക്ഷണത്തില്‍ പങ്കുചേരാം,''ഗുരു ലാലുവിനോടു പറഞ്ഞു. ഉടനേതന്നെ സന്തോഷത്തോടെ അയാള്‍ തന്റെ വീട്ടിലേക്കു പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ ബാഗോ തന്റെ ഒരു സേവകനുമൊത്ത് ഒരു വലിയ പാത്രം നിറയെ ഭക്ഷണസാധനങ്ങളുമായി ഗുരുവിന്റെ പക്കലെത്തി. രുചികരമായ ആ വിഭവങ്ങള്‍ കണ്ടപ്പോള്‍ ഗുരു പറഞ്ഞു: ''ഒരാള്‍കൂടി വരാനുണ്ട്. നമുക്കല്പനേരം കാത്തിരിക്കാം.'' അധികം താമസിയാതെ ലാലു അവിടെ ഓടിക്കിതച്ചെത്തി. അയാള്‍ ചപ്പാത്തിയും പരിപ്പുകറിയും കൊണ്ടുവന്നിരുന്നു. ഗുരു സന്തോഷപൂര്‍വം അവ സ്വീകരിച്ചു. അല്പനേരം പ്രാര്‍ഥിച്ചതിനുശേഷം, ഗുരു ശിഷ്യരോട് ഭക്ഷണത്തിനിരിക്കുവാന് പറഞ്ഞു. എന്നിട്ട്, ധനികനായ ബാഗോ കൊണ്ടുവന്നിരുന്ന പൂരികളിലൊരെണ്ണം കൈയിലെടുത്തു. പാവപ്പെട്ടവനായ ലാലു കൊണ്ടുവന്നിരുന്ന ചപ്പാത്തികളിലൊന്ന് മറ്റേ കൈയിലുമെടുത്തു. കൈയിലിരുന്ന പൂരി കൈക്കുള്ളിലമര്‍ത്തി ശക്തിപൂര്‍വം പിഴിഞ്ഞു. അപ്പോള്‍ രക്തത്തുള്ളികള്‍ ആ പൂരിയില്നിന്നു നിലത്തു വീണു. ഗുരു പറഞ്ഞു: ''ഇതു വഞ്ചിച്ചെടുത്ത മുതലാണ്. ഇതു കഴിക്കുവാന്‍ കൊള്ളില്ല.' ഗുരുവിന്റെ വാക്കുകള്‍ കേട്ടു ബാഗോ സ്തബ്ധനായി നില്ക്കുമ്പോള് തന്റെ മറ്റേ കൈയിലിരുന്ന ചപ്പാത്തി ഗുരു ഞെക്കിപ്പിഴിഞ്ഞു. അപ്പോള്‍ തൂവെള്ളയായ പാല് അതില്‍നിന്ന് ഇറ്റിറ്റു വീണു. ഉടനേ ഗുരു പറഞ്ഞു: ''ഇതു സത്യസന്ധമായ അധ്വാനത്തിലൂടെ ഉണ്ടാക്കിയതാണ്. ഇതു നമുക്കു ധൈര്യപൂര്‍വം കഴിക്കാം.' മറ്റുള്ളവരെ വഞ്ചിച്ച് അവരുടെ സമ്പത്ത് തട്ടിയെടുക്കുന്നതില്‍ അടങ്ങിയിരിക്കുന്ന അധാര്‍മികത അദ്ദേഹം തന്റെ അനുയായികളെ നിരന്തരം അനുസ്മരിപ്പിച്ചിരുന്നു.പണത്തോടുള്ള ആര്‍ത്തി അത്ര എളുപ്പം മാറ്റിയെടുക്കാവുന്നതല്ല. എന്നാല്‍, ഈ ആര്‍ത്തി മാറ്റിയെടുക്കുന്നില്ലെങ്കില് അതു നമ്മുടെ ജീവിതത്തെ ഏറെ ദോഷകരമായി ബാധിക്കും. നാം സമ്പാദിക്കുന്ന ഓരോ നാണയത്തുട്ടിലും മറ്റുള്ളവരുടെ കണ്ണീര് വീണിട്ടില്ലെന്നു നമുക്ക് പുനഃ പരിശോധിക്കാനുള്ള മനസ്സ് ഉണ്ടാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ