09 April 2021

പ്രഭാത വാർത്തകൾ
(VISION NEWS 09 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടതില്‍ ഏറ്റവും മോശം സാഹചര്യമാണിതെന്നും ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ലെന്നും ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയുന്നതിന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപവത്കരണവും രാത്രികാല കൊറോണ കര്‍ഫ്യൂവുമടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

🔳മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ല. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ ശ്രദ്ധ ലഭിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റി. മകള്‍ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണയ്ക്ക് പിന്നാലെ ഭര്‍ത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.

➖➖➖➖➖➖➖➖

🔳മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വിദഗ്ദ പരിശോധനക്കായി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔳ഭാവിയെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ ആശങ്കാകുലരാണെന്ന് ആര്‍ബിഐയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വെ. രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നതിനാല്‍ ചെലവഴിക്കല്‍മശേഷിയില്‍ കാര്യമായ കുറവുണ്ടായതായും സര്‍വെ പറയുന്നു. സമ്പദ്ഘടനയിലെ ചലനങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സര്‍വെ.

🔳സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കും കൃത്യമായി ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരലും അനുവദിക്കില്ല. കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും.

🔳കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കേസിലെ പ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ ആകെ 25 പ്രതികളാണുള്ളത്.

🔳പാനൂരില്‍ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതിഷേധം. ലീഗ് പ്രവര്‍ത്തകര്‍ ചൊക്ലി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകരെ കൊണ്ടു പോകുന്ന വാഹനം ഉപരോധക്കാര്‍ തടഞ്ഞു. പ്രതിയാക്കപ്പെട്ട 14 ലീഗ് പ്രവര്‍ത്തകരും നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷന്‍ ലീഗുകാര്‍ ഉപരോധിച്ചത്.

🔳വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ അയ്യപ്പനും ദേവഗണങ്ങളും എന്ന പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ നിരാശാബോധമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിരാശ തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മട്ടന്നൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇനിയുള്ള കാലം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കണമെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നും ഇ.പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

🔳പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്കെതിരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് ഗാനങ്ങള്‍ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാള്‍ മുരുകന്‍ കാട്ടാക്കടയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകന്‍ കാട്ടാക്കടയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ റൂറല്‍ എസ് പി ക്കും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലും മുരുകന്‍ കാട്ടാക്കട പരാതി നല്‍കി.

🔳കേരളത്തില്‍ ഇന്നലെ 63,901 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4728 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകള്‍.

🔳കാലിക്കറ്റ് സര്‍വകലാശാലാ മുന്‍വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം ശമ്പള ഇനത്തില്‍ അധികം കൈപ്പറ്റിയ 25 ലക്ഷത്തില്‍പരം രൂപ തിരിച്ചുപിടിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവ്. നേരത്തെ സിന്‍ഡിക്കേറ്റ് എടുത്ത ഈ തീരുമാനത്തിനെതിരേ ഡോ. അബ്ദുള്‍സലാം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെതിരേ സര്‍വകലാശാല അനുകൂലവിധി നേടിയതിനെത്തുടര്‍ന്നാണ് ഈ പുതിയ ഉത്തരവ്

🔳മന്ദമരുതി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി.എസ്. പ്രസാദിന്റെ (ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകന്‍ അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത്കുമാറിന്റെ മകന്‍ അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും അഭിഷേക് കൊല്ലമുള ലിറ്റില്‍ ഫ്‌ളവര് സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്.

🔳മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എതിരായ ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണത്തിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

🔳കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍  പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

🔳കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നതില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വക്കീല്‍ നോട്ടീസ് അയച്ച് ആസ്ട്രസെനക്ക കമ്പനി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് നിര്‍മിച്ച വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദിപ്പിക്കുന്നത്.

🔳ഹിമാചല്‍ പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് കോര്‍പറേഷനുകളില്‍ ഒരിടത്തുമാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് വിജയിക്കാനായത്. രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ ഫലം ശ്രദ്ധേയമാകുന്നത്.

🔳ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു. ഈ മാസം നാലിന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 1,31,878 പേര്‍ക്ക്.  മരണം 802. ഇതോടെ ആകെ മരണം 1,67,694 ആയി. ഇതുവരെ 1,30,57,954 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 9.74 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 56,286 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 10,652 പേര്‍ക്കും കര്‍ണാടകയില്‍ 6,570 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 8,474 പേര്‍ക്കും ഡല്‍ഹിയില്‍ 7,437 പേര്‍ക്കും മധ്യപ്രദേശില്‍ 4,324 പേര്‍ക്കും തമിഴ്നാട്ടില്‍ 4,276 പേര്‍ക്കും ഗുജറാത്തില്‍ 4,021 പേര്‍ക്കും  പഞ്ചാബില്‍ 3,070 പേര്‍ക്കും ഹരിയാനയില്‍ 2,872 പേര്‍ക്കും രാജസ്ഥാനില്‍ 3,526 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,783 ആന്ധ്രപ്രദേശില്‍ 2558 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ റെക്കോഡ് രോഗവ്യാപനം. 7,14,342 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 75,843 പേര്‍ക്കും ബ്രസീലില്‍ 82,826 പേര്‍ക്കും  തുര്‍ക്കിയില്‍ 55,941 പേര്‍ക്കും പോളണ്ടില്‍ 27,887 പേര്‍ക്കും ജര്‍മനിയില്‍ 24,242 പേര്‍ക്കും അര്‍ജന്റീനയില്‍ 23,683 പേര്‍ക്കും ഇറാനില്‍ 22,586 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.44 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.32 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 13,337 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 951 പേരും  ബ്രസീലില്‍ 3,928 പേരും പോളണ്ടില്‍ 954 പേരും മെക്സിക്കോയില്‍ 596 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 29.13 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കൊവിഡ് ആശങ്കകള്‍ക്കിടയില്‍ ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കമാകുന്നു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന് തുടക്കമാവുക.

🔳കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു.  വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

🔳മാര്‍ച്ച് മാസത്തിലെ ഐ.സി.സിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറും. പരിക്ക് കാരണം മാസങ്ങളോളം പുറത്തിരുന്ന ഭുവനേശ്വര്‍ അടുത്തിടെ സമാപിച്ച ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലാണ് മടങ്ങിയെത്തിയത്.

🔳സെയ്‌ലിങ്ങില്‍ ടോക്കിയോ ഒളിമ്പിക്‌സിന് നാല് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടി. വിഷ്ണു ശരവണന്‍, ഗണപതി ചെങ്ങപ്പ, വരുണ്‍ താക്കര്‍, നേത്ര കുമനന്‍ എന്നിവരാണ് ഏഷ്യന്‍ യോഗ്യതാ പോരാട്ടമായ മുസ്സാന ഓപ്പണ്‍ ചാമ്പ്യന്‍ഷിലെ പ്രകടനത്തോടെ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ നാവികയെന്ന ബഹുമതിയും നേത്ര കുമനന്‍ സ്വന്തമാക്കി. മാത്രമല്ല ഇതാദ്യമായാണ് ഒളിമ്പിക്‌സ് സെയ്‌ലിങ്ങില്‍ ഇന്ത്യ മൂന്ന് വിഭാഗത്തില്‍ മത്സരിക്കാനൊരുങ്ങുന്നത്.

🔳മുത്തൂറ്റ് ഫിനാന്‍സ് കടപത്രങ്ങളിലൂടെ ധനസമാഹരണത്തിലേക്ക്. ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 1700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ഇതടക്കമാണ് 1700 കോടി രൂപ. ആയിരം രൂപയാണ് കടപത്രങ്ങളുടെ മുഖവില. ഏപ്രില്‍ 8 മുതല്‍ 29 വരെയാണ് കടപത്രങ്ങള്‍ക്കായി അപേക്ഷിക്കാനാവുക.

🔳സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് ഒരുക്കുന്ന ചിത്രമാണ് 'വരയന്‍'. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ സിജുവിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. കപ്പൂച്ചിന്‍ വൈദികനായാണ് ചിത്രത്തില്‍ താരം വേഷമിടുന്നത്. നന്മമരമല്ല വരയനിലെ കഥാപാത്രം, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രമാണ് എന്നാണ് സത്യം സിനിമാസ് പറയുന്നത്. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

🔳നടന്‍ റഹമാന്റെ പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. 'എതിരെ' എന്നാണ് ചിത്രത്തിന്റെ പേര്. സൈക്കോ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, വിജയ് നെല്ലീസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകും. നവാഗതനായ അമല്‍ കെ. ജോബി ആണ് സംവിധാനം. അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് എതിരെ. സംവിധായകന്റെ തന്നെ കഥയ്ക്ക് സേതു ആണ് തിരക്കഥ രചിക്കുന്നത്.

🔳അപൂര്‍വ നേട്ടം കൈവരിച്ച് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. തങ്ങളുടെ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പത്ത് ലക്ഷം എസ്യുവികള്‍ രാജ്യത്തും വിദേശത്തുമായി വിറ്റഴിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചു. 2015 ല്‍ പുറത്തിറക്കിയ മിഡ്-സൈസ് എസ്യുവി ക്രെറ്റ ആഭ്യന്തര വിപണിയില്‍ 5.9 ലക്ഷം യൂണിറ്റും കയറ്റുമതി വിപണിയില്‍ 2.2 ലക്ഷം യൂണിറ്റും വിറ്റഴിച്ചതോടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. കമ്പനി 2019 ല്‍ അവതരിപ്പിച്ച കോംപാക്റ്റ് എസ്യുവി വെന്യു ഇതിനകം ആഭ്യന്തര വിപണിയില്‍ 1.8 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു.

🔳സത്യസന്ധനെന്നും അഴിമതിക്കെതിരേ ഒറ്റയാള്‍പ്പോരാട്ടം നയിച്ചവനെന്നും വാഴ്ത്തിപ്പാടിയവര്‍, പിന്നീട് തന്നെ നിരന്തരം വേട്ടയാടിയതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ ആദ്യമായി തുറന്നുപറയുകയാണ് ഡോ. ജേക്കബ് തോമസ്. 'രാജാവ് നഗ്നനാണ്' ഒരു ഐ പി എസ്സുക്കാരന്റെ നേരറിവുകള്‍. ഡിസി ബു്ക്സ്. വില 171 രൂപ.

🔳കോവിഡ് രോഗമുക്തരായവര്‍ക്ക് തലച്ചോറിനും മാനസികാരോഗ്യത്തിനും തകരാര്‍ സംഭവിക്കാന്‍ സാധ്യതയേറെയെന്ന് പഠനം. കോവിഡ് മുക്തരായവരില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങള്‍ ഏറുന്നുവെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 2,30,000 കോവിഡ് രോഗമുക്തരായവരെയാണ് പഠനവിധേയരാക്കിയത്. രോഗമുക്തരായവര്‍ക്ക് ആറുമാസത്തിനുള്ളില്‍ ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. ബ്രി്ട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രിസ്റ്റ് മാക്സ് ടാക്വെറ്റിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പോസ്റ്റ് കോവിഡ് കേസുകളായ പക്ഷാഘാതം, ഡിമെന്‍ഷ്യ തുടങ്ങിയവ താരതമ്യേന അപൂര്‍വമാണ്. അതേസമയം കോവിഡ്-19 ന് ശേഷം മസ്തിഷ്‌ക രോഗങ്ങളും മാനസിക വൈകല്യങ്ങളും ഇന്‍ഫ്ലുവന്‍സ അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളേക്കാള്‍ സാധാരണമാണെന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് മാക്സ് ടാക്വെറ്റ് പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
വിവാഹിതരായി 10 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല.  അതുകൊണ്ട് അയാള്‍ തന്റെ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.  അയാള്‍ തന്റെ ഭാര്യയുടെ വിസമ്മതം കണ്ടില്ലെന്നു വെച്ചു.  വിവാഹമോചനത്തിന്റെ തലേന്ന് അയാള്‍ തന്റെ വീട്ടില്‍ ഒരു പാര്‍ട്ടി വെച്ചു. മദ്യപിച്ച് ഉന്മത്തനായ അയാള്‍  ആ പാര്‍ട്ടിയില്‍ വെച്ച്  ഭാര്യക്ക്  ഒരു വാഗ്ദാനം നല്‍കി. നീ ഇവിടെ നിന്നും പോകുമ്പോള്‍ നിനക്ക് ഇഷ്ടമുള്ള ഒരു വസ്തു ഇവിടെനിന്നും നിനക്ക് കൊണ്ടുപോകാം.  ഞാന്‍ എതിര്‍ക്കില്ല. വിരുന്നുകാരെല്ലാം ആ വാഗ്ദാനം കേട്ട് കൈയ്യടിച്ചു.  അന്ന് രാത്രി പരിചാരകരുടെ സഹായത്തോടെ അവര്‍ തന്റെ ഭര്‍ത്താവിനെ ചുമന്നു തന്റെ സ്വന്തം വീട്ടിലേക്ക് പോയി.  വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്നവരെ തോല്‍പ്പിക്കാനുള്ള ഏകമാര്‍ഗ്ഗം അവരെ സ്നേഹിച്ചു കീഴടക്കുക എന്നതുമാത്രമാണ്.  ഏതെങ്കിലും കാര്യത്തിന് വേണ്ടി അടുത്തുകൂടുന്നവര്‍ ആ കാര്യം കഴിയുമ്പോഴോ, ഇനി അത് ലഭിക്കില്ലെന്ന് അറിയുമ്പോഴോ അകന്നുപോകും.  പക്ഷേ, ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതുകൊണ്ട് ആയുസ്സുമുഴുവന്‍ ചുറ്റിപ്പറ്റി അവര്‍ അവിടെ തന്നെ ഉണ്ടാകും.  എത്ര അവഗണിച്ചാലും അപമാനിച്ചാലും അവരുടെ മുഖത്തെ പുഞ്ചിരിയെ മനസ്സിലെ സ്നേഹത്തെ മായ്ക്കാന്‍ ആവില്ല.  ഉപകാരസ്മരണകളല്ല സ്നേഹത്തിന്റെ ഊര്‍ജ്ജം.  ഉപയോഗ സാധ്യതയല്ല സ്നേഹത്തിന്റെ കാരണം.  ഒപ്പമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജം മാത്രമാണ് സ്നേഹത്തിന്റെ മാനദണ്ഡം. - ശുഭദിനം .
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only