30 ഏപ്രിൽ 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 ഏപ്രിൽ 2021)

🔳കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലം. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ, എന്‍ഡിടിവി, ടൈംസ് നൗ - സി വോട്ടര്‍, റിപബ്ലിക് ടിവി - സിഎന്‍എക്സ് എന്നീ ദേശീയ മാധ്യമങ്ങളാണ് കേരളത്തില്‍ തുടര്‍ഭരണം പ്രവചിക്കുന്നത്. ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ, എന്‍ഡിടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അസമില്‍ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തുമ്പോള്‍ പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

🔳സൈനിക ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്കായി സാധ്യമായിടത്തെല്ലാം താത്കാലിക ആശുപത്രികള്‍ തയ്യാറാക്കാന്‍ സൈന്യം തയ്യാറാണ്. സമീപമുളള സൈനിക ആശുപത്രികളില്‍ ചികിത്സ തേടാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു.

🔳മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് കോവിഡ് രോഗമുക്തനായി. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

🔳ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ 400 രൂപയ്ക്ക് നല്‍കും. നേരത്തെ 600 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില  1200 രൂപയായി തുടരും. ഭാരത് ബയോടെക്-ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നാണ് കോവാക്സിന്‍.

🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ചൊവ്വ മുതല്‍ ഞായര്‍വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാവും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

🔳സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

🔳രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിലേക്ക് കടക്കാന്‍ കഴിവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടം, അടഞ്ഞ സ്ഥലങ്ങളില്‍ ഇരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക ഇതെല്ലാം രോഗവ്യാപനത്തെ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്ത് പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലാണ് വാക്സിന്‍ സൗജന്യമായി നല്‍കുക.  ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ്  പുറത്തിറക്കി. കഴിഞ്ഞ ദിവസം മുതല്‍ കൊവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.

🔳സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

🔳കേരളത്തില്‍ കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍. ഇന്നലെ സ്ഥിരീകരിച്ചത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധന. കേരളത്തില്‍ ഇന്നലെ 1,57,548 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909.

🔳സംസ്ഥാനത്ത് ഇന്നലെ 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 616 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ടിടിആര്‍ പി.എച്ച്.ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

🔳നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി ആധാര്‍ മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യം വര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചത്. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ അനുവദിക്കുക. രക്ഷാകര്‍ത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക്  വിവരങ്ങള്‍ക്കായി ശേഖരിക്കുക.

🔳ഓക്‌സിജന്‍ ലഭ്യതക്കുറവിന് അല്പം ആശ്വാസമുണ്ടെങ്കിലും ഡല്‍ഹിയില്‍ മരണനിരക്കിനു കുറവൊന്നുമില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ പ്രതിദിനം മുന്നൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും പലരും ഊഴവും കാത്തിരിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരിയാണ്. ദ്വാരക സെക്ടര്‍ 29ലെ നായ്ക്കളെ സംസ്‌കരിക്കുന്നതിനുളള ശ്മശാനത്തില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുളള താല്ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്.

🔳മദ്യലഹരിയില്‍ ഗൃഹനാഥന്‍ ഗര്‍ഭിണിയായ ഭാര്യയെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അടിച്ചുകൊന്നു. മൈസൂരു സരഗൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാമേഗൗഡനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. മണികണ്ഠ സ്വാമി എന്നയാളാണ് ഭാര്യ ഗംഗ(28), അമ്മ കെംപമ്മ(65), മക്കളായ സാമ്രാട്ട്(നാല്), ഒന്നര വയസ്സുള്ള രോഹിത്ത് എന്നിവരെ എന്നിവരെ കൊലപ്പെടുത്തിയത്. ഇരുമ്പുവടി കൊണ്ടാണ് പ്രതി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പോലിസ്.

🔳ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തില്‍. .ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 3,86,654 കോവിഡ് രോഗികള്‍.  മരണം 3,501. ഇതോടെ ആകെ മരണം 2,08,313 ആയി. ഇതുവരെ 1,87,54,984 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 31.64 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 66,159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 35,024 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 35,104 പേര്‍ക്കും ഡല്‍ഹിയില്‍ 24,235 പേര്‍ക്കും പശ്ചിമബംഗാളില്‍ 17,403 പേര്‍ക്കും തമിഴ്നാട്ടില്‍ 17,897 പേര്‍ക്കും ചത്തീസ്ഗഡില്‍ 15,084 പേര്‍ക്കും രാജസ്ഥാനില്‍ 17,269 പേര്‍ക്കും മധ്യപ്രദേശില്‍ 12,762 പേര്‍ക്കും  ഗുജറാത്തില്‍ 14,327 പേര്‍ക്കും   ബീഹാറില്‍ 13,089 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 14,792 പേര്‍ക്കും  ഹരിയാനയില്‍ 13,947 പേര്‍ക്കും  തെലുങ്കാനയില്‍ 7,994 പേര്‍ക്കും പഞ്ചാബില്‍ 6,724 പേര്‍ക്കും  ജാര്‍ഖണ്ഡില്‍ 5,961 പേര്‍ക്കും ഒഡീഷയില്‍ 6,998 പേര്‍ക്കും ഉത്തരാഖണ്ഡില്‍ 6,251 പേര്‍ക്കും ഗോവയില്‍ 3,019 പേര്‍ക്കും ആസാമില്‍ 3,079 പേര്‍ക്കും ജമ്മു കാശ്മീരില്‍ 3,474 പേര്‍ക്കും  ഹിമാചല്‍ പ്രദേശില്‍ 3,040 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ 8,60,754 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 54,721 പേര്‍ക്കും ബ്രസീലില്‍ 66,871 പേര്‍ക്കും  തുര്‍ക്കിയില്‍ 39,737 പേര്‍ക്കും ഫ്രാന്‍സില്‍ 26,538 പേര്‍ക്കും അര്‍ജന്റീനയില്‍ 26,053 പേര്‍ക്കും ജര്‍മനിയില്‍ 22,083 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകിരിച്ചു. ഇതോടെ ആഗോളതലത്തില്‍ 15.10 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.89 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 14,161 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 815 പേരും ബ്രസീലില്‍ 2,843 പേരും പോളണ്ടില്‍ 541 പേരും അര്‍ജന്റീനയില്‍ 561 കൊളമ്പിയയില്‍ 505 ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 31.77 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന  വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

🔳പതിനാറ് കൊല്ലമായി പിന്തുടരുന്ന വിദേശനയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നു. കോവിഡ് പ്രതിസന്ധി നേരിടാന്‍ മറ്റു രാജ്യങ്ങള്‍ നല്‍കിയ സഹായവാഗ്ദാനങ്ങള്‍ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ ദീര്‍ഘകാലമായി പിന്തുടര്‍ന്നു വരുന്ന നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തുന്നത്. 25,000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ത്യയിലേക്കുള്ള വിതരണത്തിനായി തയ്യാറാകുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്ന്‍ദോങ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് സാഹചര്യം നേരിടാന്‍ പാകിസ്താന്‍ നീട്ടിയ സഹായഹസ്തം സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി സൂചനയുണ്ട്.

🔳കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യന്‍ പ്രീമിയര്‍ലീഗിനും തിരിച്ചടിയാവുകയാണ്. കളിക്കാര്‍ക്ക് പുറമെ അമ്പയര്‍മാരും ടൂര്‍ണമെന്റിനോട് വിടപറയാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍നിര അമ്പയര്‍മാരായ നിതിന്‍ മേനോനും പോള്‍ റീഫലും ഐ.പി.എല്ലില്‍ നിന്ന് മടങ്ങുകയാണ്. എന്നാല്‍, യാത്രാവിലക്ക് നിലവില്‍ വന്നതിനാല്‍ റീഫലിന് ഇനി നാട്ടിലേയ്ക്ക് മടങ്ങാനാവുമോ എന്ന കാര്യം ഉറപ്പില്ല.

🔳ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്റണ്‍ ഡീകോക്കാണ് മുംബൈയിയെ മുന്നില്‍ നിന്ന് നയിച്ചത്. ആറു ഫോറും രണ്ട് സിക്സും ഡീകോക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

🔳ഐ.പി.എല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആധികാരിക ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 21 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് വിജയിച്ചു. 41 പന്തില്‍ 11 ഫോറും മൂന്നു സിക്സും സഹിതം 82 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.

🔳ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ 2,143 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 41.07 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,519 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. 2020-21 ഡിസംബര്‍ പാദത്തിലെ 1,921 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 11.55 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

🔳ഇരുചക്ര, മുച്ചക്ര വാഹന രംഗത്തെ വമ്പന്‍മാരായ ടിവിഎസ് മോട്ടോഴ്സ് ഇത്തവണ നേടിയത് മികച്ച നേട്ടം. കൊവിഡ് ലോക്ക് ഡൗണും തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യവും ഇരുചക്രവാഹന വിപണിയെ കാര്യമായി ബാധിച്ചിരുന്നെങ്കിലും, ടിവിഎസ് അതിനെ മറികടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.7 ശതമാനം വളര്‍ച്ചയാണ് ടിഎസ്മോട്ടോഴ്സ് അറ്റാദായത്തില്‍ സ്വന്തമാക്കിയത്. രൂപയുടെ കണക്കില്‍ നോക്കിയാല്‍, മൂന്നിരട്ടിയുടെ വര്‍ദ്ധന.

🔳കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജ് കൊവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി വിട്ടു നല്‍കാനൊരുങ്ങി ആര്‍ആര്‍ആര്‍ ടീം. സംവിധായകന്‍ രാജമൗലി ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്. ഇനി മുതല്‍ ആര്‍ആര്‍ആര്‍ സിനിമയുടെ ഒഫീഷ്യല്‍ അക്കൗണ്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഫോളോ ചെയ്യാം. നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും സഹായം എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് രാജമൗലി ട്വിറ്ററില്‍ കുറിച്ചത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.  

🔳കാര്‍ത്തി പ്രധാനകഥാപാത്രത്തെ പുതിയ ചിത്രം സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. നടി രജീഷ വിജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. രാഷ്ട്രീയമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നാണ് സൂചനകള്‍.

🔳ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലിയുടെ അഡ്വഞ്ചര്‍ ബൈക്കായ പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും പാന്‍ അമേരിക്ക 1250 സ്‌പെഷല്‍ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only