03 ഏപ്രിൽ 2021

ചിക്കന്‍പോക്സ് ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ലേ? എന്താണ് വാസ്തവം
(VISION NEWS 03 ഏപ്രിൽ 2021)

വേനൽക്കാലമാണ് ഇപ്പോൾ. ഇടയ്ക്കൊരു മഴ പെയ്തെങ്കിലും ചൂടിന് കുറവൊന്നുമില്ല. ഇക്കാലത്ത് പല രോഗങ്ങളും ബാധിക്കാറുണ്ട്. ഇത്തരം വേനൽക്കാല രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ചിക്കൻപോക്സ്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. എന്നാൽ കൃത്യമായ ചികിത്സ തേടാതിരിക്കുന്നത് പലപ്പോഴും രോഗം വലിയ തോതിൽ വ്യാപിക്കാനിടയാക്കും. കൃത്യമായി ചികിത്സിച്ചാൽ വളരെ നന്നായി പ്രതിരോധിക്കാവുന്ന രോഗമാണിത്. എന്താണ് ചിക്കൻപോക്സ് തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ, ശരീരവേദന എന്നീ ലക്ഷണങ്ങളാണ് ആദ്യമുണ്ടാവുക. ഇത് പലപ്പോഴും ചിക്കൻപോക്സിന്റെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിയാറില്ല. രോഗം പ്രത്യക്ഷപ്പെടുന്നതിന്റെ തൊട്ടുമുൻപ് ചെറിയ തോതിൽ ചൊറിച്ചിൽ തുടങ്ങും. തുടർന്ന് ചർമത്തിൽ ചുവന്ന് തിണർത്ത പാടുകളുണ്ടാകും. ഇവ പിന്നീട് വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പോലെ ഉണ്ടായി വരുമ്പോഴാണ് ചിക്കൻപോക്സ് ആണെന്ന് മനസ്സിലാക്കുക. ആദ്യം ഒന്നോ രണ്ടോ കുമിളകൾ മാത്രമേ ഉണ്ടാകൂ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം ശരീരം മുഴുവൻ വ്യാപിക്കാൻ തുടങ്ങും. നെഞ്ച്, ശരീരത്തിന്റെ പുറകുവശം, മുഖം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കുമിളകൾ ഉണ്ടാവുക. പിന്നീട് പതുക്കെ ശരീരം മുഴുവൻ വ്യാപിക്കും. ഗുരുതരമായ ഘട്ടത്തിലെത്തിയാൽ വായിലും ഗുഹ്യഭാഗത്തുമൊക്കെ കുമിളകൾ ഉണ്ടാകാം. കഠിനമായ ചൊറിച്ചിലും ഇതുമൂലം ഉണ്ടാകും. ഈ കുമിളകൾ പൊട്ടുമ്പോൾ അത് പൊറ്റകളായി മാറും. ഇത് പതിയെ അടർന്നുപോകും. അപ്പോൾ അവിടെ അതിന്റെ പാടുകൾ നിലനിൽക്കും. ഒരാഴ്ചയോളം ഇതുണ്ടാകും. രോഗകാരണം വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻപോക്സിന് കാരണം. ഒരാളുടെ ശരീരത്തിൽ ഈ രോഗാണു പ്രവേശിച്ചാലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ പത്തു മുതൽ 21 ദിവസം വരെ വേണ്ടിവരും. ഇതിനെയാണ് ഇൻക്യുബേഷൻ പിരിയഡ് എന്ന് പറയുന്നത്. രോഗം പകരുന്നത് ചർമത്തിലെ കുമിളയിൽ നിറയെ വൈറസുകൾ ഉണ്ടാകും. അതിനാൽ ഇവയിൽ സ്പർശിക്കുന്നതു വഴി രോഗം ബാധിക്കാം. എന്നാൽ ശരീരത്തിൽ കുമിളകൾ കണ്ടുതുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് മുതൽ തന്നെ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട് എന്നത് അപകടസാധ്യത കൂട്ടുന്നു. കുമിളകൾ ഉണ്ടായി രണ്ട്-മൂന്ന് ആഴ്ച വരെയും രോഗം മറ്റുള്ളവരിലേക്ക് പകരും. ചികിത്സ ആദ്യത്തെ കുമിള കണ്ടാൽ ഉടൻ ചികിത്സ തേടണം. മരുന്ന് കഴിക്കാൻ തുടങ്ങിയാൽ വൈറസ് പെരുകുന്നത് തടയാനാകും. അപ്പോൾ വൈറസിന് ശരീരത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ല. ശരീരത്തിൽ കുമിളകൾ വ്യാപിക്കാതിരിക്കാൻ വിദഗ്ധ ചികിത്സ ആവശ്യമാണ്. ചിക്കൻപോക്സ് ഭേദമാകാൻ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണ്.പനിയും ശരീരവേദനയും കുറയ്ക്കാൻ പാരസെറ്റമോൾ, ചർമത്തിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറ്റാൻ കലാമിൻ ലോഷൻ എന്നിവ നിർദേശിക്കാറുണ്ട്. മുതിർന്നവർക്ക് അസെക്ലോവിർ (Acyclovir) ഗുളിക 800 എം.ജി. ദിവസവും അഞ്ചു നേരം കഴിക്കാൻ നിർദേശിക്കാറുണ്ട്. ചിക്കൻപോക്സ് ഒരിക്കൽ വന്നയാൾക്ക് വീണ്ടും വരുമോ? ഒരിക്കൽ ചിക്കൻപോക്സ് വന്നയാൾക്ക് വീണ്ടും വരാൻ 90 ശതമാനവും സാധ്യതയില്ല. രോഗം ഭേദമാകുന്നതോടു കൂടി ശരീരം സ്വാഭാവിക പ്രതിരോധശേഷി നേടും. അത് ജീവിതകാലം മുഴുവൻ ലഭിക്കാറുമുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരിൽ ചിലപ്പോൾ രോഗം വീണ്ടും കാണാറുണ്ട്. കൃത്യമായി ചികിത്സിക്കാതിരുന്നാൽ ന്യുമോണിയ, മസ്തിഷ്കത്തിലും ചർമത്തിലുമുള്ള അണുബാധ, തൊലിപ്പുറത്ത് ഏതെങ്കിലും ഒരിടത്ത് മാത്രം വരുന്ന കുമിളകളായി കാണപ്പെടുന്ന ഹെർപ്സ് സോസ്റ്റർ എന്നിവ ഉണ്ടാകാനിടയുണ്ട്. ഗർഭകാലത്ത് ചിക്കൻപോക്സ് ഉണ്ടായാൽ പ്രശ്നമാണോ? ഗർഭകാലത്ത് ചിക്കൻപോക്സ് വന്നാൽ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ ആറുമാസത്തിലാണ് രോഗം കാണുന്നതെങ്കിൽ അപകടസാധ്യത കൂടുതലാണ്. കുഞ്ഞിന് ഉൾപ്പടെ അപകടസാധ്യത ഉണ്ടാകും. അതിനാൽ ഗർഭകാലത്ത് ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം. പ്രസവത്തിനു തൊട്ടു മുൻപാണ് ചിക്കൻ പോക്സ് വരുന്നതെങ്കിൽ, അത് കുഞ്ഞിന് നിയോനാറ്റൽ വാരിസെല്ല (neonatal varicella) എന്ന അസുഖത്തിന് കാരണമാകുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കുഞ്ഞിന് ഇമ്മ്യൂണോഗ്ലോബുലിൻ ഇഞ്ചക്ഷൻ എടുക്കേണ്ടി വരും. ഗർഭകാലത്ത് ചിക്കൻ പോക്സ് പകരാനുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ, നാലു ദിവസത്തിനുള്ളിൽ തന്നെ ഇമ്മ്യൂണോഗ്ലോബുലിൻ ഇഞ്ചക്ഷൻ എടുക്കുക. ഇത് ലഭ്യമല്ലെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം അസെക്ലോവിർ(Acyclovir)ഗുളികകൾ കഴിക്കേണ്ടി വരും. ചിക്കൻപോക്സ് ഉള്ള സമയത്ത് കഞ്ഞി മാത്രമേ കുടിക്കാവൂ എന്നുണ്ടോ? ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ ഏതും കഴിക്കാം. എണ്ണ അധികം ഉള്ളതും എരിവു കൂടിയതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം. ധാരാളം പച്ചക്കറികൾ, പഴങ്ങൾ എന്നിവ കഴിക്കണം. ധാരാളം വെള്ളം നിർബന്ധമായും കുടിക്കണം. ഉപ്പ് തീരെ ഉപയോഗിക്കാതിരിക്കരുത്. അത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ഇത് മസ്തിഷ്കത്തിന് വരെ പ്രശ്നങ്ങളുണ്ടാക്കും. ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് ക്ഷീണം മാറാൻ നല്ലതാണ്. ഭക്ഷണങ്ങൾ ചൂടോടെ കഴിക്കം. ചിക്കൻപോക്സ് വന്നാൽ കുളിക്കാൻ പാടില്ലേ? കുളിക്കാതിരുന്നാൽ ശരീരത്തിലെ വിയർപ്പും അഴുക്കും കുമിളകളിൽ അടിഞ്ഞ് ബാക്ടീരിയ അണുബാധയ്ക്ക് ഇടയാക്കുന്നു. ഇത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അതിനാൽ ദിവസവും രണ്ടുനേരം ഇളംചൂടുവെള്ളത്തിൽ കുമിളകൾ പൊട്ടാത്ത തരത്തിൽ ശരീരം കഴുകി വൃത്തിയാക്കണം. തേച്ച് ഉരച്ച് കഴുകരുത്. ശരീരം തുടയ്ക്കാൻ മൃദുവായ തുണി മാത്രം ഉപയോഗിക്കുക. കട്ടിയുള്ള തോർത്ത് ഉപയോഗിക്കരുത്. മൃദുവായ തുണി ഉപയോഗിച്ച് ശരീരം അമർത്തി തുടയ്ക്കാതെ നനവ് ഒപ്പിയെടുക്കുകയാണ് വേണ്ടത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം രോഗി ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കി ക്വാറന്റീൻ സ്വീകരിക്കണം. പുറത്തിറങ്ങാതെ ഒരു മുറിയിൽ അടച്ചിരിക്കുകയാണ് വേണ്ടത്. രോഗി തുമ്മുന്നതും ചുമയ്ക്കുന്നതും വൈറസുകൾ പുറത്തേക്ക് വ്യാപിച്ച് മറ്റുള്ളവർക്ക് രോഗമുണ്ടാകാൻ ഇടയാക്കും. അതിനാൽ രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്ക്ക് ധരിക്കുന്നതാണ് നല്ലത്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. വ്യക്തിശുചിത്വം പാലിക്കാൻ ഇത് സഹായിക്കും. നിർജ്ജലീകരണം തടയാൻ വെള്ളം ധാരാളം കുടിക്കണം. ദഹനവ്യവസ്ഥയിലെ അസ്വസ്ഥതകൾ കുറയ്ക്കുവാൻ എണ്ണയുടെയും, മസാലകളുടെയും ഉപയോഗം കുറയ്ക്കുക. ചിക്കൻപോക്സ് പ്രതിരോധത്തിന് വാക്സിൻ ചിക്കൻപോക്സ് വരാതിരിക്കാൻ വാക്സിൻ ലഭ്യമാണ്. 12 വയസ്സിന് താഴെയുള്ളവർക്ക് ഒരു ഡോസും അതിന് മുകളിലുള്ളവർക്ക് രണ്ട് ഡോസുമാണ് വേണ്ടത്. ശരീരത്തിൽ കുമിള ഉണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ തന്നെ രോഗം പകരാൻ തുടങ്ങും എന്നതിനാൽ വീട്ടിൽ ഒരാൾക്ക് ചിക്കൻപോക്സ് വന്നശേഷം മറ്റുള്ളവർ വാക്സിൻ എടുത്താൽ ഗുണമുണ്ടാകാൻ സാധ്യതയില്ല. കൈയുടെ മേൽഭാഗത്ത് ചർമത്തിന് അടിയിലായാണ് കുത്തിവെപ്പ് നൽകുന്നത്. വാക്സിൻ എടുക്കാൻ പാടില്ലാത്തത് എപ്പോൾ പ്രതിരോധശേഷി കുറഞ്ഞവർ പ്രതിരോധശേഷിയെ കുറയ്ക്കാനുള്ള മരുന്ന് 


കഴിക്കുന്നവർ ഗർഭിണികൾ ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ മുൻപ് ചിക്കൻപോക്സ് വാക്സിനോട് അലർജി ഉണ്ടായിട്ടുള്ളവർ. എച്ച്.ഐ.വി. അണുബാധ ഉള്ളവർ. കാൻസർ രോഗത്തിന് റേഡിയേഷൻ/കീമോ എടുക്കുന്നവർ എന്നിവർ വാക്സിൻ എടുക്കരുത്. വിവരങ്ങൾക്ക് കടപ്പാട്: ഡോ. സൗമ്യ സത്യൻ കൺസൾട്ടന്റ് ഫിസിഷ്യൻ ജനറൽ മെഡിസിൻ വിഭാഗം മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only