19 ഏപ്രിൽ 2021

​കൊവിഡ് പോരാളികൾക്ക് ഇനി ഇൻഷുറൻസ് ഇല്ല; കൊവിഡ് ഇൻഷുറൻസ് നിർത്തലാക്കി കേന്ദ്രം
(VISION NEWS 19 ഏപ്രിൽ 2021)രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കായുള്ള ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കേന്ദ്ര സർക്കാർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്‌ടമാകുന്നവരുടെ കുടുംബത്തിന് ലഭ്യമാകേണ്ട 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയാണ് സർക്കാർ നിർത്തലാക്കിയത്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോഴാണ് ആരോഗ്യ പ്രവർത്തകർക്കായുള്ള ഇൻഷുറൻസ് പദ്ധതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ അപ്രതീക്ഷിത തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി.മാർച്ച് 24വരെ മരിച്ച ആരോഗ്യ പ്രവർത്തകരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

 ഇതോടെ ഇനിമുതൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയാകും ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യേണ്ടി വരുക. ജില്ലകൾ തോറും ആയിരക്കണക്കിന് പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്ന ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ഇൻഷുറൻസ് പദ്ധതി സർക്കാർ നിർത്തലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊവിഡ് പോരാളികൾക്കു ബാധകമാകുന്ന പുതിയ പദ്ധതിയെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടക്കുകയാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തിരിച്ചെത്തിയ വിരമിച്ച ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ രാജ്യത്തെ 20 ലക്ഷത്തോളം പേർക്കായി 2020 മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only