റമദാനിൽ രോഗ വ്യാപനം വർധിക്കാനിടയുള്ളതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയാണ് അധികൃതർ. വിശുദ്ധ റമദാനിൽ മക്കയിലെ ഹറം പള്ളിയിൽ നമസ്കരിക്കുന്നതിനും, ഉംറ ചെയ്യുന്നതിനും കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അനുമതി നൽകൂ. മദീനയിലെ മസ്ജിദു നബവി സന്ദർശിക്കുന്നതിനും വാക്സിൻ നിർബന്ധമാക്കി.
വാക്സിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്കും അനുമതിപത്രം ലഭിക്കും. കൂടാതെ ആറ് മാസത്തിനിടെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്ക് വാക്സിനെടുക്കാതെ തന്നെ ഹറമുകളിൽ പ്രവേശിക്കുന്നതിനും കർമ്മങ്ങൾ ചെയ്യുന്നതിനും അനുവാദമുണ്ട്. ഇഅ്തമർനാ ആപ്പ് വഴി അനുമതി പത്രം നേടിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
പെർമിറ്റുകളുടെ ആധികാരികതയും, വാക്സിനേഷൻ സ്റ്റാറ്റസും ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിലുടെയാണ് അധികൃതർ പരിശോധിക്കുക. കൂടുതൽ തീർത്ഥാടകർക്ക് ഉംറ ചെയ്യാൻ അവസരം നൽകുമെന്ന് ഇരു ഹറം കാര്യാലയം മേധാവി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ