05 April 2021

എന്താണ് ചൂണ്ടു വിരലിലെ ആ മഷി അടയാളം?
(VISION NEWS 05 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതെരഞ്ഞെടുപ്പ് ചരിത്രത്തിൽ പലതും മാറി മറിഞ്ഞെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒരേയൊരു കാര്യമേയുള്ളൂ, 'മഷിയടയാളം'. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ വോട്ടറുടെ വിരലിൽ ചാർത്തുന്ന മഷിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.

പോളിങ് ബൂത്തിൽ സെക്കൻഡ് പോളിങ് ഓഫിസറാണ് വോട്ടറുടെ ഇടതു ചൂണ്ടുവിരലിൽ മഷിയടയാളം ചാർത്തി നൽകുന്നത്. ഒറ്റ സെക്കൻഡിനുള്ളിൽ ഉണങ്ങുന്ന മഷി 20 ദിവസം വരെ മായ്ക്കാൻ സാധിക്കില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. പക്ഷേ, പോളിങ് ബൂത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ ഒറ്റ സെക്കൻഡ് തികച്ചെടുക്കാതെ ഇതേ മഷി മായ്ക്കുന്ന വിരുതൻമാരും കൂട്ടത്തിലുണ്ട്. 20 മില്ലി ലീറ്ററിന്‍റെ ചെറിയ കുപ്പികളിലാണ് സാധാരണ തിരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളിൽ മഷിയെത്തുന്നത്. ഒരു ബൂത്തിൽ ഒരു കുപ്പി മതിയാകുമെങ്കിലും കരുതൽ എന്ന നിലയിൽ രണ്ടു കുപ്പികൾ വീതം നൽകാറുണ്ട്


മഷിയിലെ ഘടകങ്ങൾ
സിൽവർ നൈട്രേറ്റ് കൊണ്ടാണ് ഈ മഷി ഉണ്ടാക്കുന്നത്. സിൽവർ നൈട്രേറ്റ് 10%, 14% അല്ലെങ്കിൽ 18%, വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ദ്രാവകം കയ്യിൽ പുരട്ടിയാൽ കുറഞ്ഞത് 72 മണിക്കൂർ മുതൽ രണ്ടാഴ്ച വരെ, കയ്യിൽ കറ ആയി നിൽക്കും. മൂന്നാം ലോക്സഭാ ഇലക്ഷൻ മുതലാണ് സിൽവർ നൈട്രേറ്റ് ലായനി ആയി ഉപയോഗിക്കാൻ തുടങ്ങിയത്.

തൊലി കറുക്കുന്നത്?
ഇത് കയ്യിൽ ഒഴിച്ചാൽ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്‍റെ (അല്ലെങ്കിൽ കൃത്രിമമായ വെളിച്ചത്തിന്‍റെ ) സാന്നിദ്ധ്യത്തിലേ ഇത് കറുത്ത നിറമായി മാറൂ. കയ്യിൽ പുരട്ടിയാൽ ഉടനെ സിൽവർ നൈട്രേറ്റ് പുറംതൊലിയിൽ വ്യാപിക്കും. ഇത് നമ്മളുടെ ശരീരത്തിലെ വിയർപ്പു ഗ്രന്ഥികളിൽ നിന്ന് വരുന്ന ക്ലോറിനുമായി സിൽവർ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്‍റെ സാന്നിദ്ധ്യത്തിൽ മെറ്റാലിക് സിൽവറിന്‍റെ പാർട്ടിക്കിൾസ് ആയി തൊലിപ്പുറമേ ഇരുന്ന് ഓക്സിഡൈസ് ആയി സിൽവർ ഓക്സൈഡ് ആകും. ഇതാണ് ടാറ്റൂ പോലെ തൊലിയിൽ ഒട്ടിയിരിക്കുന്നത്. പല ടാറ്റൂ ഇങ്കുകളും ഹെവി മെറ്റൽ ഓക്സൈഡുകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്.

ഇത് വിഷമാണോ?
കുറഞ്ഞ ഡോസിൽ ഈ മഷി വിഷമല്ലെന്ന് വിദഗ്‌ദ്ധർ പറയുന്നു. എങ്കിലും ചിലർക്ക് പുരട്ടിയ സ്ഥലത്ത് അലർജി ഉണ്ടാക്കാം. ഇത് ചിലർക്ക് പൊള്ളൽ ഉണ്ടാക്കിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഈ രീതി ശാസ്ത്രീയമാണോ?
വോട്ടിങ് കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും ഉള്ളപ്പോൾ ‘ഇലക്ഷൻ മഷി’ ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോയെന്നത് ആലോചിക്കേണ്ട കാര്യമാണ്. കൂടാതെ സുതാര്യമായ ക്ലോറിൻ സംയുക്തങ്ങൾ അടങ്ങിയ ഗ്ലൂ/പശ വിരലിന്‍റെ ചുറ്റിനും പുരട്ടിയാൽ ഇത് കഴുകിക്കളയാം എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാലും ജനാധിപത്യത്തിന്‍റെ പവിത്രത കാക്കുന്ന കാര്യത്തിൽ മായ്ക്കപ്പെടാത്ത മഷി എന്നർഥമുള്ള ഇൻഡലിബിൾ ഇങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല.

രാജ്യങ്ങൾ ഏതൊക്കെ?

വികസിത രാജ്യങ്ങളിൽ ഒന്നും തന്നെ ഈ രീതി പ്രചാരത്തിൽ ഇല്ല. ഇന്ത്യ കൂടാതെ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ലബനോൻ, ഇറാക്ക് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ മാത്രമാണ് ഇലക്ഷൻ മഷി ഉപയോഗിക്കുന്നത്. കർണാടക സര്‍ക്കാറിന്‍റെ The Mysore Paints & Varnish Ltd. നാണ് ഇത് നിർമിക്കാനുള്ള ലൈസൻസ് ഉള്ളത്.

Post a comment

Whatsapp Button works on Mobile Device only